തെറ്റില്‍ ജീവിച്ചു; പിന്നീട് പശ്ചാത്തപിച്ച് മാപ്പിരന്നു: ദൈവം മേരിയെ വിശുദ്ധയായി ഉയര്‍ത്തി

തെറ്റില്‍ ജീവിച്ചു; പിന്നീട് പശ്ചാത്തപിച്ച് മാപ്പിരന്നു: ദൈവം മേരിയെ വിശുദ്ധയായി ഉയര്‍ത്തി

അനുദിന വിശുദ്ധര്‍ - ഏപ്രില്‍ 09

തിനേഴു വര്‍ഷം മദ്യശാലയിലെ നര്‍ത്തകിയും പാട്ടുകാരിയുമായിരുന്നു ഈജിപ്തിലെ മേരി. വളരെ സമ്പന്നമായ കുടുംബത്തിലെ മാതാപിതാക്കളുടെ മകളായി ജനിച്ച മേരി അതീവ സുന്ദരിയായിരുന്നു. ബാലിശമായ അവളുടെ ആഗ്രഹത്തെ മാതാപിതാക്കള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് തന്റെ പന്ത്രണ്ടാം വയസില്‍ വീട്ടില്‍ നിന്നു ഒളിച്ചോടി അലക്സാണ്ട്രിയയിലെത്തി.

കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു തീര്‍ഥാടക സംഘത്തിനൊപ്പം മേരി പാലസ്തീനിലേക്കു പോയി. പിന്നീട് ജറുസലേമിലേക്കു പോകാനായിരുന്നു പദ്ധതി. ഒരിക്കല്‍ കുരിശിന്റെ മഹത്വത്തിന്റെ തിരുനാള്‍ ദിവസം അവള്‍ ദേവാലയത്തിലെത്തി. വന്‍ ജനക്കൂട്ടം അവിടെയെത്തിയിരുന്നു.

ജനക്കൂട്ടത്തിനൊപ്പം ദേവാലയത്തിലേക്ക് കടക്കാന്‍ അവള്‍ ശ്രമിച്ചപ്പോള്‍ അജ്ഞാതമായ ഏതോ ശക്തി ഒരു മതിലു പോലെ അവളെ തടഞ്ഞു. എത്ര ശ്രമിച്ചിട്ടും വാതിലിനുള്ളിലേക്കു കടക്കാന്‍ അവള്‍ക്കായില്ല. ദൈവസന്നിധിയിലേക്ക് കടക്കാനുള്ള യോഗ്യത തനിക്കില്ലെന്നു തരിച്ചറിഞ്ഞ മേരി പശ്ചാത്തപിച്ചു. ദേവാലയത്തിനു മുന്നിലുണ്ടായിരുന്ന കന്യാമറിയത്തിന്റെ ചിത്രത്തിനു മുന്നില്‍ നിന്ന് അവള്‍ കരഞ്ഞു.

'പാപിനിയായ മഗ്ദലന മറിയത്തിന് കര്‍ത്താവായ യേശുവിന്റെ സമീപത്തു നില്‍ക്കാന്‍ ഭാഗ്യമുണ്ടായതു പോലെ തന്നോടും ക്ഷമിക്കണമേ' എന്നവള്‍ പ്രാര്‍ഥിച്ചു. അന്നു രാത്രി മേരിക്ക് കന്യാമറിയത്തിന്റെ ദര്‍ശനമുണ്ടായി. ശാന്തിയും സമാധാനവും പാപമോചനവും ആഗ്രഹിക്കുന്നെങ്കില്‍ ജോര്‍ദാന്‍ നദി കടന്ന് മരുഭൂമിയിലേക്ക് പോകാന്‍ കന്യാമറിയം അവളോടു പറഞ്ഞു. പിറ്റേന്ന് പുലര്‍ച്ചെ തന്നെ അവള്‍ നദി കടന്നു മരുഭൂമിയിലേക്ക് പോയി.

അവിടെ ഒരു സന്യാസിനിയെ പോലെ 50 വര്‍ഷം ജീവിച്ചു. മരുഭൂമിയില്‍ കിട്ടിയ പച്ചിലകളും പഴങ്ങളും മാത്രമാണവള്‍ ഭക്ഷിച്ചത്. നീണ്ട അന്‍പതു വര്‍ഷക്കാലം മറ്റൊരു മനുഷ്യജീവിയെ പോലും കാണാതെ പ്രാര്‍ഥനയും ഉപവാസവും മാത്രമായി അവള്‍ ജീവിച്ചു. ചെയ്തു പോയ ഒരോ പാപങ്ങളെ കുറിച്ചു കണ്ണീരോടെ മാപ്പിരന്നു.

അന്‍പതു വര്‍ഷം കഴിഞ്ഞപ്പോള്‍ ഒരു ദിവസം പലസ്തീനിലെ വിശുദ്ധ സോസിമസ് മേരിയെ മരുഭൂമിയില്‍ വച്ചു കണ്ടുമുട്ടി. അവള്‍ അദ്ദേഹത്തോട് ഇന്നേക്ക് കൃത്യം ഒരു വര്‍ഷം കഴിഞ്ഞ് ദിവ്യകാരുണ്യവുമായി തന്നെ കാണാന്‍ എത്തണമെന്നു പറഞ്ഞു. അപ്രകാരം ഒരു വര്‍ഷം കഴിഞ്ഞ് സോസിമസ് ദിവ്യകാരുണ്യവുമായി എത്തിയപ്പോള്‍ ജോര്‍ദാന്‍ നദിക്കരയില്‍ മേരി മരിച്ചു കിടക്കുകയായിരുന്നു. ഒരു സിംഹം അവളുടെ ശരീരത്തിനു സമീപത്തായി മണ്ണുമാന്തി ഒരു കുഴിമാടം ഒരുക്കി വച്ചിരിക്കുന്നതും സോസിമസ് കണ്ടു.

വിശുദ്ധ സോസിമസാണ് മേരിയുടെ കഥ ലോകത്തെ അറിയിച്ചത്. ലൈംഗിക അത്യാസക്തിയില്‍പ്പെട്ട് തെറ്റു ചെയ്ത ശേഷം പശ്ചാത്തപിക്കുന്ന സ്ത്രീകളുടെ മധ്യസ്ഥയായാണ് ഈജിപ്തിലെ വിശുദ്ധ മേരി അറിയപ്പെടുന്നത്. ഏപ്രില്‍ ഒന്‍പതിന് സഭ വിശുദ്ധ മേരിയുടെ ഓര്‍മ്മ ദിവസം ആചരിക്കുന്നു. മേരിയുടെ മാനസാന്തര കഥ വായിച്ചാണ് വിശുദ്ധ ജോണ്‍ കൊളമ്പിനി പുണ്യമാര്‍ഗത്തിലേക്ക് തിരിഞ്ഞത് എന്നാണ് ചരിത്രം വ്യക്തമാക്കുന്നത്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ഔറെയിലെ ഗവുക്കേരിയൂസ്

2. ഓര്‍ക്കുനി ദ്വീപുകളിലെ ഡോട്ടോ

3. അമീഡായിലെ ബിഷപ്പ് അക്കാസിയൂസ്

4. ഹെലിയോഡോറൂസ് ദേശാന്‍, മാര്‍ജാബ്

5. ഡോമാട്രിയൂസ്, കണ്‍ചെസൂസ്, ഹിലാരി.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26