റെയില്‍വേ സ്‌റ്റേഷന്‍ ആക്രമണത്തെ അപലപിച്ച് അമേരിക്ക; റഷ്യയുടെ മറ്റൊരു ക്രൂരതയെന്ന് വൈറ്റ് ഹൗസ്

റെയില്‍വേ സ്‌റ്റേഷന്‍ ആക്രമണത്തെ അപലപിച്ച് അമേരിക്ക; റഷ്യയുടെ മറ്റൊരു ക്രൂരതയെന്ന് വൈറ്റ് ഹൗസ്

കീവ്: ഉക്രെയ്ന്‍ റെയില്‍വേ സ്റ്റേഷനു നേരെ ഉണ്ടായ മിസൈല്‍ ആക്രമണത്തെ അപലപിച്ച് അമേരിക്ക. റെയില്‍വേ സ്റ്റേഷനിലുണ്ടായ ആക്രമണം റഷ്യയുടെ മറ്റൊരു ഭീകരമായ ക്രൂരതയാണെന്ന് വൈറ്റ് ഹൗസ് വാര്‍ത്താകുറിപ്പിലൂടെ പറഞ്ഞു. സംഭവത്തെ യുദ്ധക്കുറ്റം എന്ന നിലയിലേക്കുള്ള വ്യാഖ്യാനങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല. എന്നാല്‍ എന്താണ് സംഭവിച്ചത് എന്നുള്ള അന്വേഷണത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും വൈറ്റ് ഹൗസ് വക്താവ് വ്യക്തമാക്കി.

കിഴക്കന്‍ ഉക്രെയ്ന്‍ നഗരമായ ക്രമാറ്റോര്‍സ്‌കില്‍ റെയില്‍വേ സ്റ്റേഷനു നേരെ ഉണ്ടായ മിസൈല്‍ ആക്രമണത്തില്‍ സ്ത്രീകളും അഞ്ച് കുട്ടികളും അടക്കം 52 പേരാണ് കൊല്ലപ്പെട്ടത്. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ കൈകളും കാലുകളുമൊക്കെ അറ്റുപോയ നിലയിലാണ്.



സിവിലിയന്‍മാരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ ഉപയോഗിക്കുന്ന റെയില്‍വേ സ്റ്റേഷനു നേര്‍ക്കാണ് ആക്രമണം നടന്നത്. രണ്ടു മിസൈലുകളാണ് സ്റ്റേഷനിലേക്ക് പതിച്ചത്. സാധാരണക്കാര്‍ രാജ്യത്തിന്റെ സുരക്ഷിതമേഖലകളിലേക്ക് നീങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് സ്റ്റേറ്റ് റെയില്‍വേ കമ്പനി അധികൃതര്‍ അറിയിച്ചു.

മാപ്പര്‍ഹിക്കാത്ത യുദ്ധകുറ്റമാണ് റഷ്യ ചെയ്തതെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പ്രതികരിച്ചു. അവര്‍ വിദ്വേഷപൂര്‍വം സാധാരണക്കാരായ ജനതയെ നശിപ്പിക്കുകയാണ്. ഇതിന് അവര്‍ക്ക് ശിക്ഷ നല്‍കിയില്ലെങ്കില്‍ ഇതൊരിക്കലും അവസാനിക്കില്ല. റഷ്യയുടെ ഇത്തരം നടപടികള്‍ക്കെതിരെ ആഗോള തലത്തില്‍ പ്രതികരണം ഉണ്ടാകണമെന്നും സെലെന്‍സ്‌കി പറഞ്ഞു.



അതേസമയം, ആക്രമണത്തിലുള്ള പങ്ക് റഷ്യ നിഷേധിച്ചു. ക്രാമാറ്റോര്‍സ്‌ക് ലക്ഷ്യമിട്ട് സൈനിക നടപടി ഉണ്ടായില്ലെന്ന് റഷ്യ പറഞ്ഞു. എന്നാല്‍ റെയില്‍വേ സ്റ്റേഷന്‍ ഉക്രെയ്ന്‍ സൈനികര്‍ ഉപയോഗിക്കുന്നതാണെന്നും അവരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.