അവസാന ഓവറില്‍ ഇമ്രാന്‍ ക്ലീന്‍ ബൗള്‍ഡ്: അവിശ്വാസത്തിലൂടെ പുറത്താകുന്ന ആദ്യ പ്രധാനമന്ത്രി; ഷെഹബാസ് ഷെരീഫ് അധികാരത്തിലേക്ക്

അവസാന ഓവറില്‍ ഇമ്രാന്‍ ക്ലീന്‍ ബൗള്‍ഡ്: അവിശ്വാസത്തിലൂടെ പുറത്താകുന്ന ആദ്യ പ്രധാനമന്ത്രി; ഷെഹബാസ് ഷെരീഫ് അധികാരത്തിലേക്ക്

ഇസ്ലാമാബാദ്: പ്രതീക്ഷിച്ച പോലെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പുറത്തായി. നാഷനല്‍ അസംബ്ലിയില്‍ ഇന്ന് പുലര്‍ച്ചെ ഒരുമണിക്ക് നടന്ന അവിശ്വാസ വോട്ടെടുപ്പില്‍ ഇമ്രാന്‍ പരാജയപ്പെട്ടു. അവസാന ഓവറിലും കടിച്ചുതൂങ്ങിയ മുന്‍ ക്രിക്കറ്റ് ഓള്‍ റൗണ്ടര്‍ക്ക് രാഷ്ട്രീയ ഇന്നിംഗ്‌സില്‍ നാണംകെട്ട പുറത്താകല്‍.

342 അംഗ പാര്‍ലമെന്റില്‍ 174 പേര്‍ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തു. ഇംറാന്‍ അനുകൂലികള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഇമ്രാന്‍ ഖാന്‍ വീട്ടുതടങ്കലിലാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. പ്രതിപക്ഷ നേതാവ് ഷെഹബാസ് ഷെരീഫ് പുതിയ പ്രധാനമന്ത്രി ആകുമെന്നാണാണ് സൂചന.

അവിശ്വാസത്തില്‍ വോട്ടെടുപ്പ് നടത്താതെ നാലുവട്ടം സഭ നിര്‍ത്തിവച്ച സ്പീക്കര്‍ അസദ് ഖയ്‌സറും ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരിയും രാജിവച്ചു. ഇതിനു പിന്നാലെയാണ് വോട്ടെടുപ്പ് നടന്നത്. സഭാംഗമായ അയാസ് സാദിഖിന് സ്പീക്കറുടെ ചുമതല നല്‍കി വോട്ടെടുപ്പ് നടത്തുകയായിരുന്നു. ഭരണ പക്ഷം വിട്ടു നിന്നു.

പട്ടാളം രംഗത്ത് ഇറങ്ങുന്നതിനു മുമ്പ് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വ ഇമ്രാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബജ്വയെ പുറത്താക്കിയെന്ന അഭ്യൂഹത്തിനിടെ ഇമ്രാനെ പട്ടാളം വീട്ടുതടങ്കലിലാക്കിയെന്നാണ് സൂചന.

പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം സഭയില്‍ പരിഗണിക്കാതെ ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരി തള്ളുകയും ഇമ്രാന്റെ ശുപാര്‍ശ പ്രകാരം പ്രസിഡന്റ് ആരിഫ് അല്‍വ ദേശീയ അസംബ്ലി പിരിച്ചുവിടുകയും ചെയ്‌തെങ്കിലും സുപ്രീം കോടതി അത് റദ്ദാക്കി അവിശ്വാസം വോട്ടിനിടാന്‍ ഉത്തരവിട്ടതിനെ തുടര്‍ന്നാണ് ഇന്നലെ സഭ കൂടിയത്.

രാവിലെ പത്തരയോടെ സഭ ചേര്‍ന്നെങ്കിലും ഇമ്രാന്‍ അടക്കം ഭരണ പക്ഷത്തെ ഒട്ടുമുക്കാലും അംഗങ്ങള്‍ എത്തിയില്ല. പ്രതിപക്ഷ അംഗങ്ങള്‍ എല്ലാവരും എത്തിയിരുന്നു. ഇമ്രാനെ പുറത്താക്കാനുള്ള വിദേശ ഗൂഢാലോചനയും ചര്‍ച്ച ചെയ്യണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടതിന് പിന്നാലെ സഭ ബഹളത്തില്‍ മുങ്ങി. ഉച്ചയോടെ നിറുത്തിവച്ചു.

ഉച്ചതിരിഞ്ഞ് 2.30 ഓടെയാണ് പുനരാരംഭിച്ചത്. പിന്നാലെ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയുടെ പ്രസംഗം ഏറെ നേരെ നീണ്ടുനിന്നു. പരമാവധി നേരം പ്രസംഗിച്ച് അവിശ്വാസ പ്രമേയം വോട്ടിനിടുന്നത് തടയാനാണ് ചര്‍ച്ചയില്‍ പങ്കെടുത്ത ഭരണപക്ഷ മന്ത്രിമാര്‍ ശ്രമിച്ചത്.

വൈകുന്നേരം വീണ്ടും ചേര്‍ന്നെങ്കിലും ഇഫ്താര്‍ വിരുന്നിനായി സന്ധ്യയോടെ നിറുത്തിവച്ച യോഗം രാത്രി 8.30 ന് പുനരാരംഭിക്കുമെന്ന് അറിയിച്ചു. ഇഷാ പ്രാര്‍ത്ഥനകള്‍ക്കായി 9.30 വരെ വീണ്ടും നിറുത്തിവച്ചു.

രാത്രി ഒമ്പതിന് ഔദ്യോഗിക വസതിയില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മന്ത്രിമാരുടെ യോഗം വിളിച്ചു. വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇമ്രാന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹരിക് ഇ ഇന്‍സാഫ് അപ്പീല്‍ നല്‍കിയെങ്കിലും അവധിയായതിനാല്‍ സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചിട്ടില്ല.

പ്രാദേശിക സമയം ഇന്നലെ രാത്രി പത്തരയ്ക്ക് മുമ്പ് അവിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാണ് പാക് സുപ്രീം കോടതി ഉത്തരവിട്ടിരുന്നത്. ഇത് നടപ്പാക്കുന്നില്ലെന്ന് കണ്ട് രാത്രി തന്നെ കോടതി ചേരാന്‍ ചീഫ് ജസ്റ്റിസ് നടപടി തുടങ്ങിയിരുന്നു. അതിനിടെയാണ് പട്ടാളത്തിന്റെ ഇടപെടല്‍ ഉണ്ടായതും വോട്ടെടുപ്പ് നടത്തി ഇമ്രാന്‍ സര്‍ക്കാരിനെതിരായ അവിശ്വാസം പാസാക്കിയതും.

2018 ആഗസ്റ്റ് 17 നാണ് ഇമ്രാന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹരിക് ഇ ഇന്‍സാഫ് സൈന്യത്തിന്റെ പിന്തുണയോടെ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ മുന്നണി രൂപീകരിച്ച് അധികാരത്തിലെത്തിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.