മ്യാന്‍മാറില്‍ സൈന്യം ദേവാലയത്തില്‍ ഇരച്ചുകയറി ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പെടെയുള്ളവരെ മണിക്കൂറുകളോളം ബന്ധികളാക്കി

മ്യാന്‍മാറില്‍ സൈന്യം ദേവാലയത്തില്‍ ഇരച്ചുകയറി ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പെടെയുള്ളവരെ മണിക്കൂറുകളോളം ബന്ധികളാക്കി

നയ്പിഡോ: ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ വിശുദ്ധവാരത്തിലേക്ക് പ്രവേശിച്ചിരിക്കേ, മ്യാന്‍മാറില്‍ ആര്‍ച്ച് ബിഷപ്പിനെ തടങ്കലിലാക്കി സൈന്യത്തിന്റെ ക്രൂരത. മ്യാന്‍മാറിലെ രണ്ടാമത്തെ വലിയ നഗരമായ മാന്‍ഡാലെയിലെ സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ ഇരച്ചുകയറിയ 40 പേരടങ്ങുന്ന സൈന്യം ദേവാലയം പിടിച്ചെടുക്കുകയും ആര്‍ച്ച് ബിഷപ്പ് മാര്‍ക്കോ വിന്‍ ടിന്‍ ഉള്‍പ്പെടെ ആരാധനയ്‌ക്കെത്തിയ നിരവധി പേരെ ബന്ദികളാക്കുകയും ചെയ്തു.

നോമ്പുകാല പ്രാര്‍ത്ഥനയ്ക്കിടയിലായിരുന്നു സംഭവം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30നായിരുന്നു പട്ടാളം എത്തിയത്. വിശ്വാസികളെ പുറത്തു പോകാന്‍ അനുവദിക്കാതിരുന്ന പട്ടാളം ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പടെയുളളവരെ ദേവാലയത്തിനുള്ളില്‍ പിടിച്ചിരുത്തുകയായിരുന്നു.

വികാരി ജനറല്‍ മോണ്‍. ഡൊമനിക് ക്യോ ഡു, 20 വൈദികര്‍ എന്നിവരും തടങ്കലിലാക്കിയവരില്‍ ഉള്‍പ്പെടുന്നു. വികാരി ജനറല്‍ മോണ്‍. ഡൊമനിക്കിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഇവരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ആശയവിനിമയ മാര്‍ഗങ്ങളെല്ലാം വിച്‌ഛേദിച്ചിരുന്നു. എല്ലാവരുടെയും ഫോണുകളും ഓഫായി.

സ്വര്‍ണവും പണവും എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് സൈനികര്‍ ചോദിച്ചു. എന്നാല്‍ തങ്ങളുടെ പക്കലുള്ളത് പാവപ്പെട്ടവര്‍ക്കുവേണ്ടി സ്വരൂപിച്ച സംഭാവന മാത്രമാണെന്ന് അതിരൂപതയുടെ വികാരി ജനറല്‍ വിശദീകരിച്ചു.

കാത്തലിക് ന്യൂസ് ഏജന്‍സിയുടെ കറസ്‌പോണ്ടന്റും ഈ സമയം ദേവാലയത്തിലുണ്ടായിരുന്നു. മൂന്നു മണിക്കൂറിന് ശേഷം കറസ്‌പോണ്ടന്റിനെ വിട്ടയച്ചു. സംഘര്‍ഷ ഭരിതമായ മണിക്കൂറുകള്‍ക്ക് ശേഷം ആര്‍ച്ച് ബിഷപ് ഉള്‍പ്പടെയുള്ളവരെ വിട്ടയക്കുകയായിരുന്നു. രാത്രിയിലുടനീളം സൈനികര്‍ ദേവാലയത്തില്‍ നിലയുറപ്പിച്ചു.

ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ വിശ്വാസികള്‍ക്ക് വിവിധ തരം ആക്രമണങ്ങള്‍ നേരിടേണ്ടി വരുന്ന രാജ്യമാണ് മ്യാന്‍മാര്‍. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഒന്നിന് പട്ടാള അട്ടിമറിയെ തുടര്‍ന്നുണ്ടായ അക്രമങ്ങള്‍ക്കെതിരെ ഏറ്റവും രൂക്ഷമായി പ്രതികരിച്ച കത്തോലിക്ക സഭയുടെ ആത്മീയ നേതാവാണ് ആര്‍ച്ച് ബിഷപ്പ് മാര്‍ക്കോ ടിന്‍ വിന്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.