ദുബായ്: പാസ്പോർട്ടില്‍ താമസവിസ പതിക്കുന്ന രീതിയ്ക്ക് ഇന്നുമുതല്‍ യുഎഇയില്‍ മാറ്റം. ഔദ്യോഗിക തിരിച്ചറിയല്‍ രേഖയായി ഇനി എമിറേറ്റ്സ് ഐഡി മാറും. താമസ രേഖയായി പാസ്പോർട്ടുകളില്‍ സ്റ്റാമ്പ് ചെയ്തിരിക്കുന്ന റെസിഡന്‍സി വിസ സ്റ്റിക്കറുകള്‍ക്ക് പകരമായി എമിറേറ്റ്സ് ഐഡിയായിരിക്കും ഉപയോഗിക്കുക.
നിലവില്‍ പാസ്പോർട്ടില്‍ താമസ വിസ സ്റ്റിക്കറുകള്‍ പതിക്കുകയും തിരിച്ചറില്‍ രേഖയായി എമിറേറ്റ്സ് ഐഡി ഉപയോഗിക്കുകയുമാണ് ചെയ്യുന്നത്. എന്നാല്‍ ഇനിമുതല്‍ താമസവിസ എടുക്കുന്നതിനോ പുതുക്കുന്നതിനോ രണ്ട് വ്യത്യസ്ത വിസ, എമിറേറ്റ്സ് ഐഡി നടപടിക്രമങ്ങളുടെ ആവശ്യമില്ല.
വിസ സ്റ്റാമ്പിംഗിനായി പാസ്പോർട്ട് ഇമിഗ്രേഷന്‍ ഓഫീസുകളില്‍ നല്‍കേണ്ടതില്ല. നിലവില്‍ വിസ സ്റ്റാമ്പിംഗ് പൂർത്തിയായി കഴിഞ്ഞാല്‍ കൊറിയർ സേവനം വഴിയാണ് പാസ്പോർട്ട് ഉടമസ്ഥന് ലഭ്യമാകുന്നത്. ഇത് ഒഴിവാക്കാന്‍ പുതിയ നീക്കത്തിലൂടെ സാധിക്കും.
താമസ വിസ രേഖകള്‍ നേടുന്നതിനുളള ശ്രമങ്ങളും സമയവും 30 മുതല്‍ 40 ശതമാനം വരെ കുറയ്ക്കാന്‍ പുതിയ നീക്കത്തിലൂടെ സാധിക്കും.
താമസ വിസ ലഭിക്കുന്നതിനുളള നടപടിക്രമങ്ങള്‍ കുറയ്ക്കാനും തീരുമാനമായിട്ടുണ്ട്. നിലവില്‍ എമിറേറ്റ്സ് ഐഡിയില്‍ വ്യക്തിഗത വിവരങ്ങളും തൊഴില്‍ സംബന്ധമായ വിവരങ്ങും ഉള്‍ക്കൊളളിച്ചിട്ടുണ്ട്. ഏത് സ്ഥാപനമാണോ വിസ നല്‍കുന്നത് എന്നതടക്കമുളള കാര്യങ്ങളും ഇ ലിങ്ക് സിസ്റ്റം വഴി രേഖപ്പെടുത്തിയിട്ടുണ്ട്.
താമസവിസയുടെ സ്റ്റിക്കർ അതോറിറ്റിയുടെ ആപ്പ് വഴിയാണ് ലഭ്യമാക്കുന്നത്. ഇത് കൂടാതെ, മൂന്ന് ഘട്ടങ്ങളിലായി അതോറിറ്റിയുടെ സ്റ്റാമ്പ് ഉപയോഗിച്ച് ആളുകൾക്ക് അവരുടെ താമസ വിശദാംശങ്ങൾ അച്ചടിച്ച ഫോർമാറ്റിൽ ലഭിക്കും. ഇത് ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് (www.icp.gov.ae) വഴി ചെയ്യാനുളള സൗകര്യവുമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.