സംസ്ഥാനത്തെ കോവിഡ് കേസുകൾ കുറഞ്ഞു; പ്രതിദിന കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിച്ച് സര്‍ക്കാർ

സംസ്ഥാനത്തെ കോവിഡ് കേസുകൾ കുറഞ്ഞു;  പ്രതിദിന കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിച്ച് സര്‍ക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിദിന കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് സര്‍ക്കാര്‍ അവസാനിപ്പിച്ചു. ആരോഗ്യ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് വര്‍ഷത്തിലധികമായി നടന്നുവന്നിരുന്ന പ്രക്രിയ അവസാനക്കുമ്പോള്‍ അത് സംസ്ഥാനത്തിന് ആശ്വാസംകൂടിയാണ്.

അതേസമയം സര്‍ക്കാര്‍ തലത്തില്‍ പരിശോധനകളും കോവിഡ് കേസുകളുടെ കണക്കെടുപ്പും തുടരും. നേരത്തെ സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ മാസ്‌ക് ഉപയോഗിക്കുന്നത് തുടരും. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് എതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കേസെടുക്കുന്ന നടപടിയും സര്‍ക്കാര്‍ അവസാനിപ്പിച്ചു.

രണ്ടുവര്‍ഷം നീണ്ടുനിന്ന നിയന്ത്രണമാണ് പിന്‍വലിച്ചത്. മാസ്‌ക് ധരിക്കുന്നതില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം തുടരുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. 2020 ജനുവരി 30-ന് ആണ് രാജ്യത്തുതന്നെ ആദ്യത്തെ കോവിഡ് കേസ് സ്ഥിരീകരിച്ചത്. ചൈനയില്‍ നിന്ന് മടങ്ങിയെത്തിയ തൃശൂര്‍ സ്വദേശിനിയാണ് ആദ്യമായി പോസിറ്റീവായത്. അതിന് ശേഷം ഇന്നലെ വരെ ഔദ്യോഗികമായി ഓരോ ദിവസത്തേയും കോവിഡ് കണക്കുകള്‍ വിശദമായി പ്രസിദ്ധീകരിച്ചിരുന്നു.

പോസിറ്റീവ് കേസുകള്‍, നെഗറ്റീവ് കേസുകള്‍, മരണ നിരക്ക്, നിരീക്ഷണത്തില്‍ കഴിയുന്നവര്‍, പരിശോധിച്ച സാമ്പിളുകളുടെ എണ്ണം എന്നിവ ഉള്‍പ്പെടുത്തിയായിരുന്നു പ്രതിദിന കണക്കുകള്‍ പ്രസിദ്ധീകരിച്ചിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.