യേശുവിന്റെ ദിവ്യത്വത്തെ നിരാകരിക്കുന്ന അരിയാനിസത്തെ ചെറുത്ത വിശുദ്ധ സെനോ

യേശുവിന്റെ ദിവ്യത്വത്തെ നിരാകരിക്കുന്ന അരിയാനിസത്തെ ചെറുത്ത വിശുദ്ധ സെനോ

അനുദിന വിശുദ്ധര്‍ - ഏപ്രില്‍ 12

വെറോണയിലെ മെത്രാനായിരുന്ന വിശുദ്ധ സെനോ വിശുദ്ധ അമ്പ്രോസിന്റെ സമകാലികനാണ്. മത ത്യാഗിയായ ജൂലിയന്‍ ചക്രവര്‍ത്തിയുടെ കാലത്ത് 362 ലാണ് സെനോ വെറോണയിലെ മെത്രാനായത്.

വിശുദ്ധ സെനോയെ ഒരു രക്തസാക്ഷിയായിട്ടാണ് മഹാനായിരുന്ന വിശുദ്ധ ഗ്രിഗറി പരാമര്‍ശിച്ചിട്ടുള്ളത്. എന്നാല്‍ 1548 ല്‍ വെറോണയിലെ മെത്രാനായിരുന്ന ലെവിസ് ലിപ്പോമാന്റെ സമയത്തിനു മുന്‍പുണ്ടായിരുന്ന ആരാധന ക്രമങ്ങളില്‍ വിശുദ്ധനെ ഒരു കുമ്പസാരകനായിട്ടാണ് പരാമര്‍ശിച്ചിട്ടുള്ളത്.

വിശുദ്ധ അംബ്രോസ്, വിശുദ്ധ സെനോയുടെ പിന്‍ഗാമിയായിരുന്ന സ്യാഗ്രിയൂസിനു എഴുതിയിട്ടുള്ള രേഖകളില്‍ വിശുദ്ധന് സമാധാനപൂര്‍വ്വമായൊരു അന്ത്യമായിരുന്നുവെന്ന് പറയുന്നുണ്ട്. വിശുദ്ധ സെനോ ഒരു ഗ്രീക്കുകാരനായിരുന്നുവെന്നും ലാറ്റിന്‍കാരനായിരുന്നുവെന്നും ആഫ്രിക്കക്കാരനായിരുന്നുവെന്നുമൊക്കെ നിരവധി വാദഗതികള്‍ നിലവിലുണ്ട്.

തന്റെ പ്രസംഗ വൈഭവം കൊണ്ട് ഓരോ വര്‍ഷവും നിരവധി വിജാതീയരേയും ആര്യന്‍ പാഷണ്ഡികളേയും അദ്ദേഹം ജ്ഞാനസ്‌നാനപ്പെടുത്തി. കോണ്‍സ്റ്റാന്റിയൂസ് ചക്രവര്‍ത്തിയുടെ സഹായത്തോടെ ക്രമാതീതമായി ശക്തി പ്രാപിച്ചു വന്നിരുന്ന യേശുവിന്റെ ദിവ്യത്വത്തെ നിരാകരിക്കുന്ന 'അരിയാനിസ'മെന്ന മത വിരുദ്ധതക്കെതിരെ വിശുദ്ധന്‍ വര്‍ദ്ധിച്ച ആവേശത്തോടും ഉത്സാഹത്തോടും കൂടി പ്രവര്‍ത്തിച്ചു.

കൂടാതെ പെലാജിയാനിസമെന്ന മതവിരുദ്ധ സിദ്ധാന്തത്തിന്റെ തെറ്റുകള്‍ക്കെതിരെയുള്ള ശക്തമായൊരു കോട്ടയായിരുന്നു വിശുദ്ധന്‍. തന്റെ കഠിനമായ പ്രവര്‍ത്തനങ്ങള്‍ വഴി വിശുദ്ധന്‍ വെറോണയിലെ സഭയെ വിശുദ്ധമാക്കി മാറ്റി. അദ്ദേഹത്തിന്റെ രൂപതയില്‍ വിശ്വാസികളുടെ അംഗസംഖ്യ ക്രമാതീതമായി വര്‍ധിച്ചു.

വിശുദ്ധന്റെ മരണത്തിനു രണ്ടു നൂറ്റാണ്ടുകള്‍ക്കു ശേഷം നടന്ന ഒരത്ഭുതത്തെക്കുറിച്ച് മഹാനായ വിശുദ്ധ ഗ്രിഗറി രേഖപ്പെടുത്തുന്നു. രാജാവായിരുന്ന ഔത്താരിസ്, പ്രോണല്‍ഫൂസ് പ്രഭു തുടങ്ങിയവര്‍ക്കൊപ്പം ഇതിനു ദൃക്‌സാക്ഷിയായിരുന്ന ജോണ്‍ ദി പാട്രീഷ്യനായിരുന്നു ഇതിനേക്കുറിച്ച് വിശുദ്ധ ഗ്രിഗറിയോട് പറഞ്ഞത്.

589 ല്‍ ഒരു വെള്ളപ്പോക്കമുണ്ടാവുകയും റോമിന്റെ കാല്‍ ഭാഗത്തോളം വെള്ളത്തിനടിയിലാവുകയും ചെയ്തു. പര്‍വ്വതത്തില്‍ നിന്നും അതിവേഗം കുത്തിയൊഴുകിവന്ന വെള്ളം വെറോണ നഗരത്തിനു ഭീഷണിയായി മാറി. പരിഭ്രാന്തരായ ജനങ്ങള്‍ അവരുടെ മധ്യസ്ഥനായ വിശുദ്ധ സെനോയുടെ ദേവാലയത്തില്‍ അഭയം പ്രാപിച്ചു.

വെള്ളം ദേവാലയത്തിന്റെ ജനലുകള്‍ വരെ ഉയര്‍ന്നെങ്കിലും ദേവാലയത്തിന്റെ കവാടങ്ങളെ ബഹുമാനിക്കുന്നത് പോലെ ദേവാലയത്തിനകത്തേക്ക് പ്രവഹിച്ചില്ല. ജോര്‍ദാന്‍ നദി മുറിച്ചുകടക്കുന്നതിനായി ഇസ്രയേല്‍ക്കാര്‍ക്ക് ദൈവം തീര്‍ത്ത മതില്‍ പോലെ വെള്ളം ഒരു മതില്‍ കണക്കെ നിന്നു. 24 മണിക്കൂറോളം ജനങ്ങള്‍ അവിടെ പ്രാര്‍ത്ഥനയുമായി കഴിച്ചുകൂട്ടി.

പിന്നീട് വെള്ളം പല കൈവഴികളായി ഇറങ്ങി പോയി. ഇതു കൂടാതെ വേറെ നിരവധി അത്ഭുതങ്ങള്‍ നടന്നതും ജനങ്ങള്‍ക്ക് വിശുദ്ധനോടുള്ള ഭക്തി വര്‍ധിപ്പിച്ചു. 380 ഏപ്രില്‍ 12 ന് തീഷ്ണവും സംഭവ ബഹുലവുമായ ഇഹലോക ജീവിതം അവസാനിപ്പിച്ച് വിശുദ്ധ സെനോ ദൈവ സന്നിധിയിലേക്ക് യാത്രയായി.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ജൂലിയസ് പ്രഥമന്‍ പാപ്പാ

2. റെപ്‌ടോണിലെ ഗുത്ത്‌ലാക്ക്

3. ഇറ്റലിയിലെ അല്‍ഫേരിയൂസ്

4. പാവിയാ ബിഷപ്പായ ഡാമിയന്‍

5. തെറുവാന്‍ ബിഷപ്പായ എര്‍ക്കെമ്പോഡെന്‍.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.