കീവ്: യുദ്ധത്തിനെതിരെ മാര്‍പ്പാപ്പ അടക്കമുള്ളവര്‍ സമാധാനാഹ്വാനം നല്‍കിയതിനിടയിലും ഉക്രെയ്‌നില്‍ റഷ്യയുടെ സൈനികാക്രമണം. ഉക്രെയ്ന്‍ തെക്കുകിഴക്കന്‍ നഗരമായ മരിയുപോളില്‍ റഷ്യന്‍ സൈന്യം കൂട്ടക്കുരുതി നടത്തിയെന്ന് പ്രസിഡന്റ് വോളോഡിമര്‍ സെലന്‍സ്‌കി ആരോപിച്ചു.
ആയിരക്കണക്കിന് ആളുകളെ കൊലപ്പെടുത്തിയ സൈന്യം ഒഴിപ്പിക്കല്‍ തടസപ്പെടുത്തുന്നതായും നിരന്തരം യുദ്ധക്കുറ്റങ്ങള്‍ നടത്തുന്നതായും ദക്ഷിണ കൊറിയന്‍ പാര്‍ലമെന്റിനെ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ അഭിസംബോധന ചെയ്ത സെലന്‍സ്‌കി പറഞ്ഞു. ചെറുത്തുനില്‍പ്പിനു സൈനിക സഹായം നല്‍കാന്‍ അദ്ദേഹം അഭ്യര്‍ഥിച്ചു.
മരിയുപോളില്‍ അയ്യായിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടതായി റഷ്യയെ പിന്തുണയ്ക്കുന്ന ഡോണ്‍സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക് തലവന്‍ ഡെനിസ് പുഷിലിന്‍ പറഞ്ഞു. ഇതിന് ഉക്രെയ്ന്‍ സൈന്യമാണ് ഉത്തരവാദികളെന്നും പറഞ്ഞു. ചര്‍ച്ചകള്‍ക്കു വേണ്ടി സൈനികനീക്കം നിര്‍ത്തിവയ്ക്കില്ലെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ്‌റോവ് വ്യക്തമാക്കി.
യുദ്ധം തുടങ്ങിയ ശേഷം ഒരൊറ്റ സ്ഥലത്തു നടന്ന ഏറ്റവും വലിയ ആള്‍നാശമാണ് മരിയുപോളിലേത്. ഉക്രെയ്ന്‍ നഗരങ്ങളും ഗ്രാമങ്ങളും തുടര്‍ച്ചയായ ബോംബ് ആക്രമണത്തിന്റെ ഭീതിയിലാണ്. നഗരത്തില്‍ മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്നു.
അതേസമയം, ഒരു യൂറോപ്യന്‍ രാജ്യം ഉക്രെയ്‌നു നല്‍കിയ എസ് 300 മിസൈലുകള്‍ തകര്‍ത്തതായി റഷ്യ അവകാശപ്പെട്ടു. 25 സൈനികരെയും വധിച്ചു. നിപ്രോ നഗരത്തിലെ തുറമുഖത്താണ് ആക്രമണം നടത്തിയത്.
അതേസമയം, ഡോണ്‍സ്‌ക്, ലുഹാന്‍സ്‌ക് മേഖലകളില്‍ റഷ്യന്‍ സൈന്യത്തെ ഉക്രെയ്ന്‍ തുരത്തിയതായി ബ്രിട്ടിഷ് പ്രതിരോധ വകുപ്പ് അറിയിച്ചു. ഉക്രെയ്ന്‍ ആക്രമണത്തെ അപലപിച്ച ക്രൊയേഷ്യ റഷ്യയുടെ 24 നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി. 90,000 അഭയാര്‍ഥികള്‍ രാജ്യത്തെത്തിയതായി ഇറ്റലി വ്യക്തമാക്കി. യുദ്ധക്കുറ്റം അന്വേഷിക്കുന്നതിന് പിന്തുണ നല്‍കുമെന്നു കാനഡയും പ്രഖ്യാപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.