ആദ്യ ബഹിരാകാശ യാത്രയ്ക്ക് ഇന്ന് 61 വയസ്; ആഘോഷിക്കാനാകാതെ റഷ്യ

ആദ്യ ബഹിരാകാശ യാത്രയ്ക്ക് ഇന്ന് 61 വയസ്; ആഘോഷിക്കാനാകാതെ റഷ്യ

മോസ്‌കോ: ശാസ്ത്ര വളര്‍ച്ചയുടെ പുതുയുഗത്തിന് തുടക്കമിട്ട മനുഷ്യന്റെ ബഹിരാകാശ യാത്രയ്ക്ക് ഇന്ന് 61 വയസ്. 1961 ഏപ്രില്‍ 12 ന് സോവിയറ്റ് യൂണിയന്റെ ഭാഗമായ ഖസാക്കിസ്ഥാനിലെ ബൈക്കോനോര്‍ കോസ്‌മോ ഡ്രോമില്‍ നിന്ന് യൂറി ഗഗാറിന്‍ എന്ന 27 കാരനെയും വഹിച്ചുകൊണ്ടുള്ള റഷ്യയുടെ വൊസ്‌തോക്-1 ബഹിരാകാശ പേടകം കുതിച്ചുയരുമ്പോള്‍ ശാസ്ത്രത്തിന്റെ ഇരുളടഞ്ഞ ശ്യൂന്യതയിലേക്ക് വെളിച്ചം വീശുന്ന യാത്രയായി മാറുകയായിരുന്നു അത്.



108 മിനിട്ടാണ് ഗഗാറിന്‍ സഞ്ചരിച്ച വാഹനമായ വൊസ്‌തോക്-1 ഭൂമിയെ ഒരു തവണ ചുറ്റാനായി എടുത്തത്. ബഹിരാകാശത്ത് ആദ്യമായി എത്തിയ മനുഷ്യന്‍ എന്ന ഖ്യാതിക്കൊപ്പം ഭൂമിയെ വലയംവയ്ക്കുന്ന ആദ്യ മനുഷ്യനെന്ന നേട്ടവും ഗഗാറിന്റെ പേരിലായി. ഗഗാറിന് ശേഷം 578 പേര്‍ക്കൂടി ഇതുവരെ ബഹിരാകാശ യാത്ര നടത്തിയിട്ടുണ്ട്. ഇതിലേറെ പേരും 1998 നവംബര്‍ 20 ന് ഇന്റര്‍നാഷണല്‍ സ്‌പേസ് സ്‌റ്റേഷന്‍
(ഐ.എസ്.എസ്) ഉദ്ഘാടനം ചെയ്ത ശേഷം യാത്ര നടത്തിയവരാണ്.

ഗഗാറിന്‍ ബഹിരാകാശ യാത്ര നടത്തുന്നതിന് നാല് വര്‍ഷം മുന്‍പ് ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് സ്പുടനിക്ക് എന്ന സാറ്റ്‌ലൈറ്റ് റഷ്യ വിക്ഷേപിച്ചിരുന്നു. ഇതിന്റെ വിജയമാണ് മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാന്‍ റഷ്യയ്ക്ക് കരുത്തായത്. ആളുകളെ ബഹികാശത്ത് എത്തിക്കുന്ന വിക്ഷേപണ വാഹനങ്ങളുടെ നിര്‍മ്മാണ കുത്തക അക്കാലത്ത് റഷ്യയ്ക്കായിരുന്നു. ഇലോണ്‍ മസ്‌ക്കിന്റെ സ്‌പേസ് എക്‌സ് നിര്‍മിച്ച പേടകത്തില്‍ നാസ ബഹിരാകാശ സഞ്ചാരികളുമായി വിജയകരമായി യാത്ര നടത്തിയതോടെയാണ് റഷ്യയുടെ കുത്തക തകര്‍ക്കപ്പെട്ടു.



ഗഗാറിന് പിന്നാലെ ബഹിരാകാശ സഞ്ചാരം നടത്തിയ ആദ്യ വനിതയെ സംഭാവന ചെയ്തതും റഷ്യയാണ്. റഷ്യയിലെ ദുമയില്‍ ജനിച്ച എന്‍ജിനീയര്‍ ബിരുദധാരി വാലന്റീന തെരഷ്‌കോവ. 1963 ജൂണ്‍ 16 ന് റഷ്യയുടെ വൊസ്‌തോക്-6 ബഹിരാകാശ വാഹനത്തില്‍ സീഗല്‍ എന്ന കോഡ് നാമത്തിലാണ് വാലെന്റീന ബഹിരാകാശത്ത് എത്തിയത്.

ഒരു ഇന്ത്യന്‍ പൗരന്റെ ബഹിരാകാശ യാത്ര സാധ്യമാകുന്നത് 37 വര്‍ഷം മുന്‍പാണ്. രാകേശ് ശര്‍മ എന്ന പഞ്ചാബ് പാട്യാല സ്വദേശിയായ വ്യോമസേനാ ഉദ്യോഗസ്ഥന്‍. 1984 ഏപ്രില്‍ രണ്ടിന് റഷ്യന്‍ നിര്‍മിത സോയൂസ് ടി-11 എന്ന വാഹനത്തിലായിരുന്നു അദ്ദേഹത്തിന്റെ യാത്ര. സല്യൂട്ട് -7 എന്ന ബഹിരാകാശ നിലയത്തില്‍ എട്ട് ദിവസം അദ്ദേഹം ചിലവഴിച്ചു. ശൂന്യാകാശത്തിലെത്തുന്ന ലോകത്തിലെ 138-മത്തെ സഞ്ചാരിയുമായിരുന്നു അദ്ദേഹം.



കല്‍പന ചൗളയാണ് ബഹിരാകാശസഞ്ചാരം നടത്തിയ ആദ്യ ഇന്ത്യന്‍ വനിത. ഹരിയാനയിലെ കര്‍ണാലിലാണ് കല്‍പനയുടെ ജനനം. അമേരിക്കന്‍ പൗരത്വമെടുത്ത കല്‍പനയുടെ ആദ്യ ബഹിരാകാശ യാത്ര 1997 നവംബര്‍ 19 നായിരുന്നു. എട്ട് ദിവസത്തിന് ശേഷം വിജയകരമായി മടങ്ങിയെത്തിയ കല്‍പ്പന 2003 ല്‍ തന്റെ രണ്ടാം ബഹിരാകാശയാത്രയ്ക്ക് തയ്യാറെടുത്തു. ജനുവരി 16ന് ബഹിരാകാശത്തേക്കു കുതിച്ചുയര്‍ന്ന കൊളംബിയ പേടകം ഭ്രമണപഥത്തിലെത്തും മുന്‍പ് പൊട്ടിത്തെറിക്കുകയും കല്‍പനയടക്കം ഏഴു ബഹിരാകാശ സഞ്ചാരികള്‍ മരിക്കുകയും ചെയ്തു.

ബഹിരാകാശത്ത് ഏറ്റവും അധികം ദിവസം കഴിച്ചുകൂടിയ വനിതയും ഇന്ത്യന്‍ വംശജയാണ്. ഗുജറാത്തില്‍ വേരുകളുള്ള സുനിത വില്യംസ്. 195 ദിവസമാണ് ഇവര്‍ ബഹിരാകാശത്ത് കഴിഞ്ഞത്. കല്‍പ്പനയ്ക്ക് ശേഷം ബഹിരാകാശയാത്രക്ക് നാസ തെരഞ്ഞെടുത്ത രണ്ടാമത്തെ ഇന്ത്യന്‍ വംശജയുമായിരുന്നു സുനിത. ബഹിരാകാശത്ത് വെച്ച് ആദ്യമായി മാരത്തോണില്‍ പങ്കെടുത്ത വ്യക്തിയും സുനിതയാണ്.



ഇന്റര്‍നാഷണല്‍ സ്‌പേസ് സ്‌റ്റേഷനില്‍ നിലവില്‍ 10 സ്ഥിരം താമസക്കാരുണ്ട്. കഴിഞ്ഞ ദിവസം സ്‌പേസ് എക്‌സ് ബഹിരാകാശത്ത് എത്തിച്ച നാല് പേരും ഉള്‍പ്പടെ ഐ.എസ്.എസിലെ ആളുകളുടെ എണ്ണം 14 ആയി. സ്‌പേസ് ടൂറിസത്തിന്റെ ഭാഗമായി എത്തിയ ഇവര്‍ എട്ട് ദിവസത്തിന് ശേഷം ഭൂമിയിലേക്ക് മടങ്ങും. നാസയുടെ വിക്ഷേപണ കേന്ദ്രമായ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് ഫാല്‍ക്കണ്‍ 9 എന്ന ബഹിരാകാശ പേടകത്തില്‍ വെള്ളിയാഴ്ച്ചയാണ് ഇവര്‍ പുറപ്പെട്ടത്.

ബഹിരാകാശ യാത്രയുടെ 60-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം റഷ്യ മൂന്ന് പേരെ സോയുസ് സപൈസ് ക്രാഫ്റ്റില്‍ ബഹിരാകാശത്ത് അയച്ചിരുന്നു. ഒരു വര്‍ഷത്തിന് ശേഷം 61-ാം വാര്‍ഷികം ലോകം ആഘോഷിക്കുമ്പോള്‍ ബഹിരാകാശ യാത്രയ്ക്ക് തുടക്കമിട്ട റഷ്യക്ക് പക്ഷെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷത്തില്‍ പങ്കുചേരാനായില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.