ഈടാക്കുന്നത് വലിയ വില; കെഎസ്ആര്‍ടിസിക്ക് വിപണി വിലയ്ക്ക് ഡീസല്‍ നല്‍കണമെന്ന് ഹൈക്കോടതി

ഈടാക്കുന്നത് വലിയ വില; കെഎസ്ആര്‍ടിസിക്ക് വിപണി വിലയ്ക്ക് ഡീസല്‍ നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: റീട്ടെയ്ല്‍ ഔട്ട്ലെറ്റുകളില്‍ ഡീസല്‍ നല്‍കുന്ന വിപണി വിലയ്ക്കു തന്നെ കെഎസ്ആര്‍ടിസിക്കും ഡീസല്‍ നല്‍കണമെന്ന് ഹൈക്കോടതി. വന്‍കിട ഉപയോക്താവ് എന്ന നിലയില്‍ കെഎസ്ആര്‍ടിസിയില്‍ നിന്ന് ഈടാക്കുന്ന ഡീസല്‍ വില വളരെ കൂടുതലാണെന്നു വിലയിരുത്തിയാണു ജസ്റ്റിസ് എന്‍. നഗരേഷിന്റെ ഉത്തരവ്. എന്നാല്‍ ഉത്തരവ് താല്‍കാലികമാണെന്നും ഹര്‍ജിയിലെ തീര്‍പ്പിന് വിധേയമാകുമെന്നും കോടതി വ്യക്തമാക്കി. കെഎസ്ആര്‍ടിസിയുടെ ഹര്‍ജിയിലാണു നടപടി.

ലാഭകരമല്ലാത്ത റൂട്ടില്‍ പോലും പൊതുജനങ്ങള്‍ക്കു യാത്രാ സൗകര്യം ഒരുക്കുന്നതിനു വേണ്ടി സേവനം നടത്തുന്ന കെഎസ്ആര്‍ടിസിക്ക് സ്വകാര്യ വാഹനങ്ങള്‍ക്കു നല്‍കുന്നതിന്റെ ഇരട്ടി നിരക്കില്‍ ഇന്ധനം നല്‍കുന്നത് നീതീകരിക്കാനാകില്ലെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്.

പ്രതിദിന ഉപയോഗത്തിനായി കെഎസ്ആര്‍ടിസിക്ക് നാല് ലക്ഷം ലീറ്റര്‍ ഡീസല്‍ ആണ് വേണ്ടത്. ഇതിനാല്‍ ബള്‍ക്ക് കണ്‍സ്യൂമറായാണ് കെഎസ്ആര്‍ടിസിയെ പെട്രോളിയം കോര്‍പ്പറേഷനുകള്‍ പരിഗണിക്കുന്നത്. ഓയില്‍ കമ്പനികളില്‍ നിന്ന് നേരിട്ട് ബള്‍ക്ക് പര്‍ച്ചേസ് വിഭാഗത്തിലാണ് ഇന്ധനം വാങ്ങിയിരുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇരട്ട വില സംവിധാനം നടപ്പാക്കിയതോടെ കൂടുതല്‍ ഇന്ധനം ആവശ്യമായ കുത്തക സ്ഥാപനങ്ങളുടെ പട്ടികയിലായി കെഎസ്ആര്‍ടിസിയും.

നേരത്തേ വിപണി വിലയെക്കാള്‍ 1.90 രൂപ ലീറ്ററിനു കുറച്ചാണ് കെഎസ്ആര്‍ടിസിക്ക് നല്‍കിയിരുന്നത്. ബള്‍ക്ക് പര്‍ച്ചേസില്‍ മാറ്റം വന്നതോടെ ഒരു ലീറ്റര്‍ ഡീസലിന് വിപണി വിലയേക്കാള്‍ 27 രൂപ അധികം നല്‍കണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.