കെ സ്വിഫ്ട് അപകടം: കാല്‍നട യാത്രക്കാരനെ ആദ്യം ഇടിച്ചത് പിക്കപ്പ് വാന്‍; സിസിടിവി ദൃശ്യം പുറത്ത്

കെ സ്വിഫ്ട് അപകടം: കാല്‍നട യാത്രക്കാരനെ ആദ്യം ഇടിച്ചത് പിക്കപ്പ് വാന്‍; സിസിടിവി ദൃശ്യം പുറത്ത്

തൃശൂര്‍: കെ സ്വിഫ്ട് ബസിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. മരിച്ച തമിഴ്നാട് സ്വദേശി പരസ്വാമിയെ ബസല്ല ഒരു പിക്കപ്പ് വാനാണ് ആദ്യം ഇടിച്ചിട്ടത്. ഇടിയേറ്റു വീണ പരസ്വാമിയുടെ ശരീരത്തിലൂടെ ബസിന്റെ പിന്നിലെ ടയര്‍ കയറിയിറങ്ങുകയായിരുന്നു. സി സി ടി വി ദൃശ്യങ്ങളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്.

ബസാണ് അപകടമുണ്ടാക്കിയെന്ന തരത്തിലായിരുന്നു ആദ്യം വാര്‍ത്ത വന്നത്. അപകടത്തിനു ശേഷം ബസ് നിര്‍ത്താതെ പോയെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. പരസ്വാമിയുടെ കാലിലൂടെ ബസ് കയറിയിറങ്ങിയത് ഡ്രൈവര്‍ അറിഞ്ഞില്ലെന്നാണ് പൊലീസ് പറയുന്നത്. പൊലീസാണ് ഇയാളെ ആശുപത്രിയില്‍ കൊണ്ടു പോയത്. പരിക്ക് ഗുരുതരമായതിനാല്‍ അല്പ സമയത്തിനകം മരിക്കുകയായിരുന്നു. ഇന്ന് രാവിലെ അഞ്ചരയോടെയായിരുന്നു അപകടം.

ഇക്കഴിഞ്ഞ പതിനൊന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ളാഗ് ഓഫ് ചെയ്തിനു ശേഷം അപകട പരമ്പരകളാണ് സ്വിഫ്ട് ഉണ്ടാക്കിയത്. ഫ്‌ളാഗ് ഒഫ് ചെയ്ത് ഇരുപത്തിനാലുമണിക്കൂറിനിടെയാണ് ആദ്യരണ്ട് അപകടങ്ങളും ഉണ്ടായത്. തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്തുവച്ചായിരുന്നു ആദ്യത്തെ അപകടം. പിറ്റേ ദിവസം രാവിലെ പത്തരയോടെ കോട്ടയ്ക്കലില്‍ വച്ച് രണ്ടാമത്തെ അപകടവും. മൂന്നാമത്തെ അപകടവും കോട്ടയ്ക്കലില്‍ തന്നെയായിരുന്നു. മൂന്ന് അപകടത്തിലും ബസിന് കേടുപാടുകളുണ്ടായിരുന്നു.

ആദ്യ രണ്ട് അപകടങ്ങളും ഉണ്ടായതില്‍ ഡ്രൈവര്‍മാരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച ചെറുതല്ലെന്ന അധികൃതരുടെ വിലയിരുത്തലിനെ തുടര്‍ന്ന് രണ്ട് ഡ്രൈവര്‍മാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.