കൊച്ചി: ഈസ്റ്റര്‍ ഞായര്‍ മുതല്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ എല്ലാ പള്ളികളിലും ഏകീകൃത വിശുദ്ധ കുര്‍ബാന അര്‍പ്പിക്കേണ്ടതാണെന്ന് വ്യക്തമാക്കി സീറോ മലബാര്‍ സഭാ തലവന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പുതിയ സര്‍ക്കുലര്‍.
പ്രത്യേക സാഹചര്യങ്ങളാല്‍ ഈസ്റ്റര്‍ ഞായറാഴ്ചയോടുകൂടി ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണ രീതി നടപ്പിലാക്കാന്‍ സാധിക്കാത്ത സ്ഥലങ്ങളില്‍ നിയമപരമായ ഇളവു വാങ്ങേണ്ടതാണെന്നും ഈ വിഷയത്തില്‍ മറിച്ചുള്ള ഒരു നിര്‍ദ്ദേശവും നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും ഇന്ന് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
സര്‍ക്കുലറിന്റെ പൂര്‍ണരൂപം:
എറണാകുളം അങ്കമാലി അതിരൂപത വൈദികര്‍ക്കും അതിരൂപതയിലെ എല്ലാ സമര്‍പ്പിത വൈദികര്‍ക്കും.
പ്രിയ ബഹുമാനപ്പെട്ട വൈദികരേ,
നമ്മുടെ സഭയില്‍ വി. കുര്‍ബാനയുടെ ഏകീകൃത അര്‍പ്പണരീതി നടപ്പിലാക്കുന്നതിനുള്ള സിനഡിന്റെ തീരുമാനം 2021 നവംബര്‍ 28 ന് നിലവില്‍ വന്നതാണല്ലോ. ഈ തീരുമാനം അന്നു മുതല്‍ പ്രായോഗികമായി നടപ്പിലാക്കാന്‍ സാധിക്കാത്ത സ്ഥലങ്ങളില്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ക്കുവേണ്ടി 2022 ഈസ്റ്റര്‍ ഞായറാഴ്ച വരെ സിനഡ് സമയം അനുവദിച്ചിരുന്നു.
നമ്മുടെ അതിരൂപതയില്‍ സിനഡിന്റെ തീരുമാനം നടപ്പിലാക്കുന്നതു സംബന്ധിച്ച് 2022 ഏപ്രില്‍ 6, 7 തീയതികളില്‍ അടിയന്തരമായി ഓണ്‍ലൈന്‍ വഴി സമ്മേളിച്ച പ്രത്യേക സിനഡ് സമ്മേളനത്തിന്റെ
സമാപനത്തില്‍ അതിരൂപതയുടെ മെത്രാപ്പോലീത്തന്‍ ആര്‍ച്ച്ബിഷപ് എന്ന നിലയില്‍ ഞാനും അതിരൂപതയ്ക്കു വേണ്ടിയുള്ള മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ വികാരി എന്ന നിലയില്‍ അഭിവന്ദ്യ ആന്റണി കരിയില്‍ പിതാവും ചേര്‍ന്ന് 2022 ഏപ്രില്‍ 7 ന് ഒരു സര്‍ക്കുലര്‍ (05/2022) പുറപ്പെടുവിച്ചിരുന്നല്ലോ.
ആ സര്‍ക്കുലറിലെ തീരുമാനങ്ങള്‍ മാറ്റമില്ലാതെ അതിരൂപതയില്‍ നിയമപരമായി നിലനില്‍ക്കുന്നുവെന്ന് ഇതിനാല്‍ ഓര്‍മ്മപ്പെടുത്തട്ടെ. അതിനാല്‍, 2022 മാര്‍ച്ച് 25 ന് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ നമ്മുടെ അതിരൂപതയ്ക്കായി പ്രത്യേകം എഴുതിയ കത്തില്‍ നല്‍കിയ ആഹ്വാനമനുസരിച്ചും ഇതുമായി
ബന്ധപ്പെട്ട് പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലും സീറോ മലബാര്‍ സഭയുടെ മെത്രാന്‍ സിനഡിന്റെ തീരുമാനമനുസരിച്ചും
2022 ഏപ്രില്‍ 17 ഈസ്റ്റര്‍ ഞായറാഴ്ച മുതല്‍ നമ്മുടെ അതിരൂപതയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടുന്ന എല്ലാ സ്ഥലങ്ങളിലും ഏകീകൃത അര്‍പ്പണരീതിയനുസരിച്ചു വിശുദ്ധ കുര്‍ബാന അര്‍പ്പിക്കേണ്ടതാണ്.
പ്രത്യേക സാഹചര്യങ്ങളാല്‍ ഈസ്റ്റര്‍ ഞായറാഴ്ചയോടുകൂടി ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണ രീതി നടപ്പിലാക്കാന്‍ സാധിക്കാത്ത സ്ഥലങ്ങളില്‍ സര്‍ക്കുലര്‍ 5/2022-ല്‍ നല്‍കിയിരിക്കുന്ന മൂന്നാമത്തെ തീരുമാനമനുസരിച്ചു നിയമപരമായ ഇളവു വാങ്ങേണ്ടതാണ്. ഈ വിഷയത്തില്‍ മറിച്ചുള്ള ഒരു നിര്‍ദ്ദേശവും നിയമപരമായി നിലനില്‍ക്കുന്നതല്ല.
പരിശുദ്ധ പിതാവിനോടുള്ള വിധേയത്വത്തില്‍ നമ്മുടെ സഭയുടെ സിനഡിന്റെ തീരുമാനമനുസരിച്ച് ഏകീകൃത രീതിയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കാന്‍ അതിരൂപതയിലെ എല്ലാ
വൈദികരോടും സ്‌നേഹപൂര്‍വം അഭ്യര്‍ത്ഥിക്കുന്നു.
നമ്മുടെ കര്‍ത്താവിന്റെ ഉയിര്‍പ്പു തിരുനാളിന്റെ സന്തോഷവും സമാധാനവും ആശംസിച്ചുകൊണ്ട്,
സ്‌നേഹപൂര്‍വം,
മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി
എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തന്‍ ആര്‍ച്ച് ബിഷപ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.