വത്തിക്കാന്‍ സിറ്റി: യുദ്ധത്താലും മറ്റു ദുരിതങ്ങളാലും ലോകം കഷ്ടത അനുഭവിക്കുമ്പോഴും പ്രത്യാശ കൈവിടരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. യഥാര്‍ത്ഥ പ്രത്യാശ, അത് നിരാശപ്പെടുത്തില്ലെന്നും പാപ്പ പറഞ്ഞു. ഈസ്റ്ററിനു മുന്നോടിയായി, ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തക ലോറേന ബിയാന്‍ചെറ്റിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്.
'ഈസ്റ്ററില്‍ നാം പ്രതീക്ഷ നിലനിര്‍ത്തണം. പ്രത്യാശ നമ്മെ കാത്തിരിക്കാന്‍ പ്രേരിപ്പിക്കുന്നു. ഹ്രസ്വകാലത്തേക്ക് നമ്മുടെ പ്രതീക്ഷകള്‍ പൂര്‍ത്തീകരിക്കപ്പെട്ടില്ലെന്ന് തോന്നിയാലും നിരാശപ്പെടരുതെന്ന് പാപ്പ വിശ്വാസികളെ ഓര്‍മിപ്പിച്ചു.
ലോകം യുദ്ധത്തിലാണ്. സിറിയ, യെമന്‍ പിന്നെ മാതൃരാജ്യമില്ലാതെ അഭയാര്‍ഥികളാക്കപ്പെട്ട റോഹിങ്ക്യന്‍ ജനത... ഇവരെക്കുറിച്ചൊക്കെ ചിന്തിക്കുക. ഇതു പറയുന്നത് ഏറെ പ്രയാസകരമാണ്. എങ്കിലും ലോകം കായേന്റെ പാതയാണു തെരഞ്ഞെടുത്തിരിക്കുന്നത്. കായേന്‍ എന്താണു ചെയ്തത്? സഹോദരനെ കൊന്നു. സ്വാര്‍ത്ഥ താല്‍പര്യത്തിനു വേണ്ടി സ്വന്തം സഹോദനെ കൊന്ന കായേന്‍ എന്ന ബൈബിള്‍ കഥാപാത്രത്തെ പരാമര്‍ശിച്ചായിരുന്നു മാര്‍പാപ്പയുടെ വാക്കുകള്‍.
ഇറ്റാലിയന്‍ സ്റ്റേറ്റ് ടെലിവിഷന്‍ ചാനലിൽ ദുഃഖവെള്ളിയാഴ്ച ദിനത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അഭിമുഖം സംപ്രക്ഷണം ചെയ്തത്. യുദ്ധം, കോവിഡ് മഹാമാരി, ദുരിതകാലത്തെ വിശ്വാസ പരിപാലനം, സ്ത്രീകളുടെ ഉള്‍ക്കരുത്ത് തുടങ്ങിയ നിരവധി വിഷയങ്ങളില്‍ മാര്‍പാപ്പ തന്റെ വീക്ഷണങ്ങള്‍ പങ്കുവച്ചു.
യേശുവിനെ നിങ്ങളോട് സംസാരിക്കാന്‍ അനുവദിക്കൂ...
ക്രൂശിതനായ യേശുവിനു മുന്നില്‍ നിങ്ങളുടെ ഹൃദയങ്ങള്‍ തുറക്കട്ടെ. അവിടുന്ന് തന്റെ വേദനയാലും നിശബ്ദതയാലും നിങ്ങളോടു സംസാരിക്കട്ടെ എന്ന് മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു.
ഈസ്റ്ററിന് എന്താണ് ആഗ്രഹമെന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന്, ആന്തരിക സന്തോഷം കണ്ടെത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വ്യക്തമാക്കിയാണ് പാപ്പ മറുപടി നല്‍കിയത്. എല്ലാ വിജനതകള്‍ക്കിടയിലും പ്രത്യാശ നിലനിര്‍ത്തണമെന്നും ആന്തരിക സന്തോഷത്തിന്റെ നീര്‍തുള്ളികള്‍ അനുഭവിക്കാന്‍ കഴിയണമെന്നും പാപ്പ പറഞ്ഞു.
നാം കൂടുതല്‍ കരയേണ്ടിയിരിക്കുന്നു. കരയുന്നത് എങ്ങനെയെന്ന് നാം മറന്നുപോയിരിക്കുന്നു. പത്രോസ് ശ്ലീഹ ഹൃദയം നൊന്ത് കരഞ്ഞതുപോലെ കരയാന്‍ നമ്മെ പഠിപ്പിക്കാന്‍ ആവശ്യപ്പെടാം.
ഉക്രെയ്‌നില്‍ നടക്കുന്ന യുദ്ധത്തെക്കുറിച്ച് മാര്‍പ്പാപ്പ പ്രത്യേകമായി പരാമര്‍ശിച്ചു. ഉക്രെയ്‌നില്‍ 4.7 ദശലക്ഷത്തിലധികം ആളുകള്‍, പ്രത്യേകിച്ച് അമ്മമാരും കുട്ടികളും സ്വന്തം രാജ്യം വിടാന്‍ നിര്‍ബന്ധിതരായതായി കണക്കുകള്‍ പറയുന്നുവെന്ന് പാപ്പ ചൂണ്ടിക്കാട്ടി. അഭയാര്‍ത്ഥികളായും കുടിയേറ്റക്കാരായും അവരെ തരംതാഴ്ത്തുന്നതിനെതിരേ മാര്‍പ്പാപ്പ ശക്തമായ മുന്നറിയിപ്പ് നല്‍കി. യുദ്ധത്തിന്റെ ഭീകരതയെയും വംശീയതയെയും പരിശുദ്ധ പിതാവ് അപലപിച്ചു.
അവരെ വേര്‍തിരിക്കുന്നതിനു മുന്‍പ്, നമ്മുടെ കര്‍ത്താവായ യേശുവും ഈജിപ്തിലെ കുടിയേറ്റക്കാരനും അഭയാര്‍ത്ഥിയുമായിരുന്നുവെന്ന് ഓര്‍ക്കണമെന്ന് പാപ്പ പറഞ്ഞു.
വശീകരിക്കുന്ന സാത്താനെ സൂക്ഷിക്കുക
സാത്താന്‍ വഞ്ചകനാണെന്നും നമ്മെ പാപത്തിലേക്കു വശീകരിക്കാന്‍ എല്ലായ്‌പ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ മുന്നറിയിപ്പു നല്‍കി.
സത്താന്‍ എന്നത് മിഥ്യയല്ല, യാഥാര്‍ത്ഥ്യമാണ്. അവനുമായി സംവാദത്തില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കരുതെന്ന് മാര്‍പാപ്പ പറഞ്ഞു, കാരണം സാത്താനില്‍ നന്മയുടെ ഒരു കണിക പോലുമില്ല. അതേസമയം ദോഷകരമായ കാര്യങ്ങള്‍ ചെയ്യുന്ന ആളുകളുമായി നാം സംവാദം നടത്തണം. കാരണം അവരില്‍ നന്മയുടെ വിത്തുകളുണ്ട്.
സ്ത്രീകളുടെ ഉള്‍ക്കരുത്തിനെക്കുറിച്ചും മാര്‍പ്പാപ്പ തന്റെ വീക്ഷണം പങ്കുവച്ചു. ഒരു അമ്മ തന്റെ ജീവിതാവസാനം വരെ മക്കളെ അനുഗമിക്കാന്‍ പ്രാപ്തിയുള്ളവളാണ്. ജീവിതം ഒരുക്കുന്നതിനെക്കുറിച്ചും മരണത്തെക്കുറിച്ചും സ്ത്രീകള്‍ക്ക് അറിയാം.
സുവിശേഷത്തിന്റെ താളുകള്‍ മറിച്ചുകൊണ്ട് പരിശുദ്ധ പിതാവ് പൊന്തിയോസ് പീലാത്തോസിന്റെ ഭാര്യയെ അനുസ്മരിച്ചു. നീതിമാനായ യേശുവിനെ ദ്രോഹിക്കരുതെന്ന് അവര്‍ പീലാത്തോസിന് സന്ദേശം കൊടുക്കുന്നതായി വി. മത്തായി സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ പീലാത്തോസാകട്ടെ അവളുടെ വാക്കു കേള്‍ക്കുന്നില്ല.
ഏകാന്തത
കോവിഡ് മഹാമാരിക്കാലത്തെ ഏകാന്തതയെക്കുറിച്ചും പരിശുദ്ധ പിതാവ് പറഞ്ഞു. സെന്റ് പീറ്റേഴ്സ് സ്‌ക്വയര്‍ അസാധാരണമാം വിധം ശൂന്യമാകുമെന്ന് എനിക്കറിയില്ലായിരുന്നു. ഏകാന്തത നന്നായി മനസിലാക്കാന്‍ കര്‍ത്താവില്‍ നിന്നുള്ള സന്ദേശമായിരുന്നു അത്.
സഭയെ ബാധിക്കുന്ന ചില പുഴുക്കുത്തുകളെക്കുറിച്ചും മാര്‍പാപ്പ പരാമര്‍ശിച്ചു. ലൗകികതയുടെ ആത്മാവ് സഭയെ വളരെയധികം മുറിവേല്‍പ്പിക്കുന്നു. ലൗകികതയെന്ന ആസക്തിയിലേക്കു വീഴുമ്പോള്‍, സഭ പരാജയപ്പെടുന്നുവെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.