ഉക്രെയ്‌നിലെ കൂട്ടക്കുഴിമാടത്തിനരികില്‍ പ്രാര്‍ഥനകളുമായി ഫ്രാന്‍സിസ് പാപ്പയുടെ പ്രതിനിധി

ഉക്രെയ്‌നിലെ കൂട്ടക്കുഴിമാടത്തിനരികില്‍ പ്രാര്‍ഥനകളുമായി  ഫ്രാന്‍സിസ് പാപ്പയുടെ പ്രതിനിധി

കീവ്: ലോകത്തിന്റെ മുറിവായി മാറിയ ഉക്രെയ്‌നിലെ കൂട്ടക്കുഴിമാടത്തിനരികില്‍ പ്രാര്‍ഥനകളുമായി ഫ്രാന്‍സിസ് പാപ്പയുടെ പ്രതിനിധി. ദുഃഖവെള്ളി ദിനത്തിലാണ്, 80 മൃതദേഹങ്ങള്‍ ഒരുമിച്ച് അടക്കം ചെയ്ത സ്ഥലം കര്‍ദിനാള്‍ കോണ്‍റാഡ് ക്രാജെവ്‌സ്‌കി സന്ദര്‍ശിച്ചത്. യുദ്ധഭൂമിയിലേക്ക് ആത്മീയ പിന്തുണയുമായി മാര്‍പാപ്പ അയച്ച പ്രതിനിധിയാണ് കര്‍ദിനാള്‍ കോണ്‍റാഡ് ക്രാജെവ്‌സ്‌കി.

ഉക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ നിന്ന് 30 മൈല്‍ അകലെയുള്ള ബോറോഡിയങ്ക എന്ന നഗരത്തിലുള്ള കൂട്ടക്കുഴിമാടമാണ് കര്‍ദിനാള്‍ സന്ദര്‍ശിച്ചത്.

'മനസാക്ഷിയുള്ള ഓരോ വ്യക്തിയും അനുഭവിക്കുന്ന പ്രയാസകരമായ സാഹചര്യങ്ങളിലൂടെയാണ് ഞങ്ങള്‍ കടന്നുപോയത്. നിരവധി പേരെ അടക്കം ചെയ്ത കൂട്ടക്കുഴിമാടം ഞങ്ങള്‍ അവിടെ കണ്ടു. പേരോ കുടുംബപ്പേരോ ഒന്നുമില്ലാതെ, തിരിച്ചറിയാന്‍ ഒന്നും അവശേഷിപ്പിക്കാതെ മണ്ണോടു ചേര്‍ന്ന എണ്‍പതു പേര്‍. ഇവിടെ കണ്ണുനീര്‍ ഒഴുകുന്നില്ല, വാക്കുകളില്ല-ഹോളി സീ പ്രസ് ഓഫീസ് പങ്കിട്ട ഓഡിയോ സന്ദേശത്തില്‍ കര്‍ദിനാള്‍ പറഞ്ഞു.

വിശുദ്ധ വാരത്തിലാണ് നാം. നമുക്ക് യേശുവുമായി ഐക്യപ്പെടാം. അവനോടൊപ്പം ഉത്ഥാനം ചെയ്യാം. ദുഃഖവെള്ളിയാഴ്ചയ്ക്ക് ശേഷം തീര്‍ച്ചയായും പുനരുത്ഥാനമുണ്ട്-കര്‍ദിനാള്‍ പറഞ്ഞു.

ഉക്രെയ്‌നിലെ യുദ്ധത്തെക്കുറിച്ചുള്ള സമീപകാല വാര്‍ത്തകള്‍ നിരായുധരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ പോലും വര്‍ദ്ധിച്ചുവരുന്ന ക്രൂരതകളുടെ ഭയാനകചിത്രം വെളിവാക്കുന്നു. നമുക്ക് ആയുധങ്ങളെ നിശബ്ദമാക്കാം, മരണവും നാശവും വിതയ്ക്കുന്നത് നിര്‍ത്താം-കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു.

2013 മുതല്‍ പേപ്പല്‍ ചാരിറ്റീസ് ഓഫീസിന്റെ മേല്‍നോട്ടം വഹിക്കുന്ന ക്രാജെവ്‌സ്‌കി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദേശമനുസരിച്ച് മുന്‍പും രണ്ടു തവണ ഉക്രെയ്നില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. തന്റെ ആദ്യ സന്ദര്‍ശനത്തില്‍ കര്‍ദിനാള്‍ രാജ്യത്തെ കത്തോലിക്കാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ടാമത്തെ സന്ദര്‍ശനത്തില്‍ അദ്ദേഹം പടിഞ്ഞാറന്‍ ഉക്രെയ്‌നില്‍ ആംബുലന്‍സ് എത്തിച്ചുനല്‍കി. മൂന്നാമതു നടത്തിയ സന്ദര്‍ശനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സംഭാവന ചെയ്ത ആംബുലന്‍സ് കീവിലെ ഒരു കാര്‍ഡിയോളജിക്കല്‍ ആശുപത്രിയില്‍ എത്തിച്ചു.

കര്‍ദിനാളിന്റെ ബോറോഡിയങ്ക സന്ദര്‍ശനത്തിന് ഒരാഴ്ച മുമ്പ്, ഉക്രെയ്ന്‍ ഗ്രീക്ക് കത്തോലിക്കാ സഭയുടെ തലവനായ മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക് ബുച്ചയിലെ കൂട്ടക്കുഴിമാടത്തിനരികിലെത്തി പ്രാര്‍ത്ഥിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26