പരീക്ഷാ ഹാളില്‍ കോപ്പിയടി പിടിച്ചാലും വിദ്യാര്‍ഥികളെ ഇറക്കി വിടരുത്; നിർദ്ദേശവുമായി പരീക്ഷാ പരിഷ്കരണ സമിതി

പരീക്ഷാ ഹാളില്‍ കോപ്പിയടി പിടിച്ചാലും വിദ്യാര്‍ഥികളെ ഇറക്കി വിടരുത്; നിർദ്ദേശവുമായി പരീക്ഷാ പരിഷ്കരണ സമിതി

തിരുവനന്തപുരം: പരീക്ഷാ ഹാളില്‍ കോപ്പിയടി പിടിച്ചാലും വിദ്യാര്‍ഥികളെ മാനസികമായി പീഡിപ്പിക്കരുതെന്ന് പരീക്ഷാ പരിഷ്കരണ സമിതി.

കോപ്പിയടി പിടിച്ചാൽ ഹാളില്‍ നിന്ന് വിദ്യാർഥികളെ ഇറക്കിവിടരുതെന്നും ക്രമക്കേട് കണ്ടെത്തിയ ഉത്തരക്കടലാസ് തിരികെ വാങ്ങുകയും പുതിയ പേപ്പര്‍ നല്‍കി പരീക്ഷ തുടരുകയും വേണമെന്നാണ് നിര്‍ദേശം. അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ അന്നത്തെ പരീക്ഷ മാത്രം റദ്ദാക്കാമെന്നും നിര്‍ദേശമുണ്ട്.

പാലായില്‍ കോപ്പിയടി പിടിച്ചതിനെത്തുടര്‍ന്ന് പരീക്ഷാ ഹാളില്‍ നിന്ന് ഇറക്കിവിട്ട വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം കണക്കിലെടുത്താണ് ഈ നിര്‍ദേശമെന്നു എം.ജി സര്‍വകലാശാല പ്രോ.വൈസ് ചാന്‍സലറും പരീക്ഷാ പരിഷ്കരണ സമിതി ചെയര്‍മാനുമായ ഡോ. സി.ടി അരവിന്ദ കുമാര്‍ പറഞ്ഞു.

പരീക്ഷ നടന്ന് മുപ്പത് ദിവസത്തിനകം ഫലം പ്രസിദ്ധീകരിക്കുന്ന തരത്തില്‍ സര്‍വകലാശാലകളില്‍ അഴിച്ചു പണി വേണമെന്നും പരീക്ഷാ പരിഷ്കരണ സമിതി സംസ്ഥാന സര്‍ക്കാരിന് നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തു.
ആവശ്യമില്ലാതെ വാരിക്കോരി മോഡറേഷന്‍ നല്‍കരുതെന്നും ഓര്‍മ്മ പരിശോധിക്കുന്ന രീതിക്ക് പകരം അറിവ് പരിശോധിക്കുന്ന രീതിയിലേക്ക് പരീക്ഷകള്‍ മാറണമെന്നും ഡോ. സി.ടി അരവിന്ദ കുമാര്‍ അധ്യക്ഷനായ സമിതി ശുപാര്‍ശ ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.