സുബൈര്‍ വധക്കേസ്: മൂന്ന് പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍; കഞ്ചിക്കോട്ടു നിന്നുള്ള സിസിടിവി ദൃശ്യവും പുറത്ത്

സുബൈര്‍ വധക്കേസ്: മൂന്ന് പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍; കഞ്ചിക്കോട്ടു നിന്നുള്ള സിസിടിവി ദൃശ്യവും പുറത്ത്

പാലക്കാട്: സുബൈര്‍ വധക്കേസില്‍ മൂന്ന് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത രമേശ്, ശരവണന്‍, അറുമുഖന്‍ എന്നിവരെയാണ് കസബ പൊലീസ് കസ്റ്റഡിയിലെടുത്തത്.

പിടിയിലായ രമേശ് വാടകയ്ക്കെടുത്ത കാറിലാണ് സംഭവസ്ഥലത്തു നിന്ന് പ്രതികള്‍ രക്ഷപ്പെട്ടത്. കൃപേഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള കാര്‍, അലിയാറില്‍ നിന്നാണ് രമേശ് വാടകയ്ക്കെടുത്തത്. നേരത്തെ കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കാര്‍ ഉപയോഗിച്ചാണ് പ്രതികള്‍ സുബൈറിനെ ഇടിച്ചു വീഴ്ത്തിയത്. തുടര്‍ന്ന് സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം രമേശ് വാടകയ്ക്കെടുത്ത കാറില്‍ രക്ഷപ്പെടുകയായിരുന്നു. ഈ കാര്‍ പിന്നീട് കഞ്ചിക്കോട്ട് ഉപേക്ഷിച്ചനിലയിലും കണ്ടെത്തി.

അതേസമയം കഞ്ചിക്കോട്ടു നിന്ന് പ്രതികളുടേതെന്ന് സംശയിക്കുന്ന ചില സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. കാര്‍ വഴിയില്‍ ഉപേക്ഷിച്ച ശേഷം ദേശീയപാതയ്ക്ക് അരികില്‍ കൂടി മൂന്നു പേര്‍ നടന്നു പോകുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിട്ടുള്ളത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് എസ്.ഡി.പി.ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ സുബൈറിനെ ഒരു സംഘം വെട്ടിക്കൊന്നത്. പിതാവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സുബൈറിനെ ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം കാറിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.

ഇതിനിടെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലും രണ്ടു പ്രതികള്‍ പൊലീസിന്റെ കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. കൊലപാതകത്തില്‍ നേരിട്ട്പങ്കെടുത്ത ഒരാളുടെ സഹോദരന്‍ അടക്കമുള്ളവരാണ് കസ്റ്റഡിയിലുള്ളതെന്നാണ് സൂചന. കേസിലെ പ്രതികളെ പിടികൂടാനായി മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.