മസ്‌കറ്റ്: നീതിയിലധിഷ്ഠിതമായ ഒരു സാമൂഹികക്രമം രൂപപ്പെടുത്തുവാന്‍ എല്ലാ മത വിഭാഗങ്ങളും ഒരു കുടക്കീഴില്‍ അണി നിരക്കണമെന്ന് മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ പറഞ്ഞു.
നീതി നിഷേധിക്കപ്പെടുന്നവര്‍ക്ക് താങ്ങായി മാറുവാന്‍ നമുക്ക് കഴിയണം. സമ്പത്തും പ്രകൃതി വിഭവങ്ങളും ഒരു ചെറിയ ശതമാനം ആളുകളിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നു. ബഹു ഭൂരിപക്ഷവും നിലനില്‍പ്പിനായി പോരാട്ടം നടത്തുന്ന സ്ഥിതി വിശേഷമാണെന്ന് മസ്‌കറ്റ് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹായിടവക നല്‍കിയ സ്വീകരണത്തില്‍ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ അഭിപ്രായപ്പെട്ടു.
റുവി സെന്റ് തോമസ് ചര്‍ച്ചില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതി അമിത് നരംഗ് മുഖ്യാതിഥിയായിരുന്നു. ഇടവക വികാരി ഫാ. വര്‍ഗീസ് റ്റിജു ഐപ്പ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഭദ്രാസന മെത്രാപ്പോലീത്താ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് തിരുമേനിയുടെ ആശംസ സന്ദേശം സഹവികാരി ഫാ. എബി ചാക്കോ വായിച്ചു.
അല്‍ അമാനാ ഡയറക്ടര്‍ റവ. ജസ്റ്റിന്‍ മീയഴ്‌സ്, ഒമാനിലെ ക്ഷേത്ര ഭരണ സമിതി ഡയറക്ടര്‍ ബോര്‍ഡ് അംഗം ശ്രീ കിരണ്‍ ആഷര്‍, കെഎംസിസി ഒമാന്‍ കേന്ദ്ര കമ്മറ്റി പ്രസിഡന്റ് റയിസ് അഹമ്മദ്, സലാല സെന്റ് സ്റ്റീഫന്‍സ് ഇടവക വികാരി ഫാ. ബേസില്‍ തോമസ്, സഭാ മാനേജിംഗ് കമ്മറ്റി അംഗങ്ങളായ ഡോ. ഗീവര്‍ഗീസ് യോഹന്നാന്‍, തോമസ് ഡാനിയേല്‍, ഭദ്രാസന കൗണ്‍സില്‍ അംഗം ഡോ. സി. തോമസ് ഇടവക ട്രസ്റ്റി ജാബ്‌സണ്‍ വര്‍ഗീസ്, സെക്രട്ടറി ജോസഫ് വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന ഇടവകയുടെ സംക്ഷിപ്ത ചരിത്രവും ഈ വര്‍ഷത്തെ പരിപാടികളും ജനറല്‍ കണ്‍വീനര്‍ ഏബ്രഹാം മാത്യു ചടങ്ങില്‍ വിശദീകരിച്ചു. 'സഹോദരന്‍' ജീവകാരുണ്യ പദ്ധതിയിലേക്ക് യുവജന പ്രസ്ഥാനം തുക കൈമാറി.
ഇടവക കോ-ട്രസ്റ്റി ബിനു കുഞ്ചാറ്റില്‍, ഫാ. അനില്‍ തോമസ്, ഫാ. ഡെന്നിസ് ഡാനിയേല്‍, ഫാ. സിജിന്‍ മാത്യു, ഫാ. ബൈജു ജോണ്‍സണ്‍, ഫാ. കെ.ജി തോമസ് എന്നിവര്‍ സന്നിഹിതരായിരുന്നു.
ഇടവക ക്വയര്‍ ആലപിച്ച മനോഹര ഗാനങ്ങള്‍ ചടങ്ങിനെ സംഗീത സാന്ദ്രമാക്കി. മലങ്കര സഭയുടെ പരമ്പരാഗത സ്വീകരണ ഘോഷ യാത്രയോടെയാണ് അതിഥികളെ വേദിയിലേക്കാനയിച്ചത്. ഇടവക മാനേജിംഗ് കമ്മറ്റിയും സുവര്‍ണ ജൂബിലി ആഘോഷ സമിതിയും ആധ്യാത്മിക സംഘടനകളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.