'വിജ്ഞാനത്തിന്റെ പിതാവ്' എന്നറിയപ്പെടുന്ന വിശുദ്ധ അന്‍സേം

'വിജ്ഞാനത്തിന്റെ പിതാവ്' എന്നറിയപ്പെടുന്ന വിശുദ്ധ അന്‍സേം

അനുദിന വിശുദ്ധര്‍ - ഏപ്രില്‍ 21

റ്റലിയിലെ അവോസ്തായിലാണ് അന്‍സേമിന്റെ ജനനം. പതിനഞ്ചാമത്തെ വയസില്‍ സന്യാസം സ്വീകരിക്കാന്‍ ആഗ്രഹിച്ചെങ്കിലും പിതാവിന്റെ എതിര്‍പ്പു മൂലം സാധിച്ചില്ല. 12 വര്‍ഷങ്ങള്‍ക്കു ശേഷം 1060 ല്‍ ഇംഗ്ലണ്ടില്‍ പോയി നോര്‍മണ്ടിയില്‍ ബെക്ക് എന്ന പ്രദേശത്തുള്ള ഒരാശ്രമത്തില്‍ ചേര്‍ന്നു.

ബിഷപ്പ് ലാന്‍ഫ്രാങ്കായിരുന്നു അദ്ദേഹത്തിന്റെ ആത്മീയ ഗുരു. പിന്നീട് ആശ്രമത്തിന്റെ പ്രിയോരായ അന്‍സേം 1078 ല്‍ അവിടത്തെ ആബട്ടുമായി. അക്കാലത്താണ് 'ദൈവം എന്തിന് മനുഷ്യനായി' എന്ന പ്രശസ്ത ഗ്രന്ഥം അദ്ദേഹം രചിച്ചത്. അന്‍സേമിന് അറുപത് വയസ് പ്രായമുള്ളപ്പോള്‍ അദ്ദേഹം കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പായി.

സഭയുടെ അവകാശങ്ങളും സ്വാതന്ത്ര്യവും നേടിയെടുക്കുന്നതിനായി ധീരമായ പോരാട്ടങ്ങളാണ് അദ്ദേഹം നടത്തിയത്. ഇതിന്റെ ഫലമായി വിശുദ്ധന് തന്റെ സ്വത്തുവകകളും സ്ഥാനമാനങ്ങളും നഷ്ടപ്പെടുകയും രാജ്യത്തു നിന്നും നാടുകടത്തപ്പെടുകയും ചെയ്തു.

അതേ തുടര്‍ന്ന് വിശുദ്ധന്‍ റോമിലേക്ക് യാത്ര തിരിച്ചു. ബാരിയിലെ സമ്മേളനത്തില്‍ വെച്ച് ഗ്രീക്കുകാരുടെ തെറ്റുകള്‍ക്കെതിരെയുള്ള ഉര്‍ബന്‍ രണ്ടാമന്‍ പാപ്പായുടെ ശ്രമങ്ങളെ അന്‍സേം പിന്തുണച്ചു. അദേഹത്തിന്റെ രചനകള്‍ വിശുദ്ധന്റെ ധാര്‍മ്മിക ഉന്നതിയേയും പാണ്ഡിത്യത്തേയും സാക്ഷ്യപ്പെടുത്തുന്നവയായിരുന്നു. മാത്രമല്ല ഇവ വിശുദ്ധന് 'വിജ്ഞാനത്തിന്റെ പിതാവ്' എന്ന വിശേഷണം നേടി കൊടുക്കുകയും ചെയ്തു.

തത്വ ശാസ്ത്രത്തിലും ദൈവ ശാസ്ത്രത്തിലും അദ്ദേഹത്തോട് തുലനം ചെയ്യാവുന്ന സമകാലികന്‍മാരുണ്ടായിരുന്നില്ല. അടിമക്കച്ചവടത്തെ ആദ്യം എതിര്‍ത്തത് വിശുദ്ധ അന്‍സേമാണ്. ദൈവ മാതാവിനോടുള്ള ഭക്തിയിലും അദ്ദേഹം മുന്‍പന്തിയിലായിരുന്നു. പാശ്ചാത്യ രാജ്യങ്ങളില്‍ ദൈവ മാതാവിന്റെ അമലോത്ഭവം ആദ്യം ആഘോഷിക്കാന്‍ തുടങ്ങിയത് അന്‍സേമാണ്.

അനുതാപ പ്രാര്‍ത്ഥനയുടേയും വിശുദ്ധ ഗ്രന്ഥ പഠനത്തിന്റേയും സമ്മിശ്രമായിരുന്നു വിശുദ്ധ അന്‍സേമിന്റെ ജീവിതം. പക്ഷേ, അദ്ദേഹത്തിന്റെ മുഖ്യ യോഗ്യതയെന്ന് പറയുന്നത് ദൈവീക സത്യങ്ങളുടെ പഠനത്തില്‍ നിന്നും താന്‍ പഠിച്ച കാര്യങ്ങള്‍ക്കനുസൃതമായ ജീവിതമായിരുന്നു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. വെയില്‍സിലെ ബെയൂണോ

2. സീനാ മലയിലെ അനസ്താസിയാസ്

3. അന്തിയോക്യായിലെ പേട്രിയാര്‍ക്കായ അനസ്താസിയാസ് പ്രഥമന്‍

4. നിക്കോമേഡിയായിലെ അപ്പോളോ ഇസാച്ചിയൂസ്, ഇസനുക്ക്, ക്രോത്താത്തെസ്

5. ഈജിപ്തിലെ ആരാത്തോര്‍, ഫോര്‍ത്ത് നാത്തൂസ്, ഫെലിക്‌സ്, സിലിയൂസ്, വിത്താലിസ്

6. പേഴ്‌സ്യയിലെ സിമെയോണും അബ്ദെക്കാലാസും അനാനിയാസും ഉസ്താസാനെസും പുസീസിയൂസും.


'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26