ആശുപത്രിയില്‍ മണിക്കൂറുകളോളം കാത്തിരുന്നു; ഓസ്‌ട്രേലിയയില്‍ ചികിത്സ കിട്ടാതെ വയോധിക മരിച്ചു

ആശുപത്രിയില്‍ മണിക്കൂറുകളോളം കാത്തിരുന്നു; ഓസ്‌ട്രേലിയയില്‍ ചികിത്സ കിട്ടാതെ വയോധിക മരിച്ചു

പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ ചികിത്സയ്ക്കായി ആശുപത്രിയില്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്ന വയോധിക മരിച്ചു. സംഭവത്തില്‍ ആശുപത്രിക്കെതിരേ ആരോഗ്യ വിഭാഗം അന്വേഷണം ആരംഭിച്ചു. പെര്‍ത്തില്‍നിന്ന് ഏകദേശം 220 കിലോമീറ്റര്‍ അകലെയുള്ള ബസല്‍ട്ടണ്‍ ഹെല്‍ത്ത് കാമ്പസ് ആശുപത്രിയിലാണു സംഭവമുണ്ടായത്.

ചൊവ്വാഴ്ച നടുവേദനയുമായാണ് 70 വയസുകാരി ആശുപത്രിയില്‍ എത്തിയത്. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച വയോധികയ്ക്ക് ചികിത്സ ലഭിക്കാന്‍ മൂന്ന് മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നു. അന്നു തന്നെ അവര്‍ മരിക്കുകയും ചെയ്തു. ഹൃദയാഘാതമാണ് മരണകാരണം. കോവിഡ് കേസുകളുടെ വര്‍ധന മൂലം സംസ്ഥാനത്തെ ആശുപത്രികള്‍ വലിയ സമ്മര്‍ദം നേരിടുമ്പോഴാണ് പുതിയ സംഭവമുണ്ടാകുന്നത്. ഇത് ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തതകള്‍ സംബന്ധിച്ച വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്.

പാരാമെഡിക്കല്‍ ജീവനക്കാരാണ് വയോധികയെ ആദ്യം പരിചരിച്ചത്. എന്നാല്‍ ഹൃദയാഘാതമുണ്ടായപ്പോള്‍ തക്കസമയത്ത് ആശുപത്രി ജീവനക്കാര്‍ വയോധികയ്ക്ക് വേണ്ട ചികിത്സ നല്‍കിയോ എന്ന കാര്യം സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ആരോഗ്യമന്ത്രി ആംബര്‍-ജേഡ് സാന്‍ഡേഴ്‌സണ്‍ പറഞ്ഞു.

ആശുപത്രിയില്‍ അപ്രതീക്ഷിതമായി സംഭവിച്ച മരണം സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് പടിഞ്ഞാറന്‍ ഓസ്ട്രേലിയ കണ്‍ട്രി ഹെല്‍ത്ത് സര്‍വീസ് ചീഫ് എക്‌സിക്യൂട്ടീവ് ജെഫ് മൊഫെറ്റ് ഒരു പ്രസ്താവനയിലൂടെ അറിയിച്ചു. രോഗി എത്തിയ ഉടന്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. എന്നാല്‍ ആവശ്യമായ പരിചരണം ലഭിച്ചോ എന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയില്ല.

പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നത്, രോഗിയെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചെങ്കിലും ഉച്ചകഴിഞ്ഞ് മരിക്കുകയായിരുന്നുവെന്ന് ജെഫ് മോഫെറ്റ് പറഞ്ഞു. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ് വ്യാപനം മൂലം പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ ആശുപത്രി സംവിധാനങ്ങള്‍ വലിയ സമ്മര്‍ദമാണ് നേരിടുന്നത്. കോവിഡ് കേസുകളുടെ വര്‍ധനയും ജീവനക്കാരുടെ കുറവും മൂലം അസാധാരണമായ സമ്മര്‍ദ്ദം നേരിടുന്ന നിരവധി ആശുപത്രികളില്‍ ഒന്നാണ് ബസല്‍ട്ടണ്‍ ഹെല്‍ത്ത് കാമ്പസ്.

പ്രാദേശിക ആശുപത്രികളില്‍ ജോലി ഭാരം മൂലം ബുദ്ധിമുട്ടുന്ന ജീവനക്കാരെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്ന് പ്രതിപക്ഷ ആരോഗ്യ വക്താവ് ലിബി മെട്ടം ആവശ്യപ്പെട്ടു. ജീവനക്കാര്‍ മനോവീര്യം നഷ്ടപ്പെട്ട നിലയിലാണ്. വയോധികയ്ക്ക് ചികിത്സ ലഭിക്കാന്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വന്നത് ആശങ്കാജനകമാണെന്നും അവര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.