മരിയുപോള്‍ കീഴടക്കിയതായി റഷ്യ: അടുത്ത ലക്ഷ്യം ഡോണ്‍ബാസ്; ഖര്‍കീവില്‍ ശക്തമായ ബോംബാക്രമണം

മരിയുപോള്‍ കീഴടക്കിയതായി റഷ്യ: അടുത്ത ലക്ഷ്യം ഡോണ്‍ബാസ്;  ഖര്‍കീവില്‍ ശക്തമായ ബോംബാക്രമണം

കീവ്: ഉക്രെയ്‌നിലെ തുറമുഖ നഗരമായ മരിയുപോള്‍ കീഴടക്കിയതായി റഷ്യന്‍ സൈന്യം. കിഴക്കന്‍ ഉക്രെയ്‌നിലെ ഡോണ്‍ബാസാണ് സൈന്യത്തിന്റെ അടുത്ത ലക്ഷ്യം. ഉക്രെയ്ന്‍ സൈനികര്‍ തമ്പടിച്ചിരിക്കുന്ന അസോവ്സ്റ്റല്‍ സ്റ്റീല്‍ പ്ലാന്റ് ഒഴികെയുള്ള നഗര ഭാഗങ്ങള്‍ മോചിപ്പിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയിഗു പറഞ്ഞു.

പ്ലാന്റ് 'സുരക്ഷിതമായി ഉപരോധിച്ചു' എന്നാണ് ഷോയിഗു വിശേഷിപ്പിച്ചത്. മരിയുപോള്‍ കീഴടക്കിയതിനെ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ 'വിജയം' എന്ന് വാഴ്ത്തി. മരിയുപോളില്‍ അവശേഷിക്കുന്ന ഉക്രേനിയന്‍ ശക്തി കേന്ദ്രത്തില്‍ ആക്രമണം നടത്തരുതെന്ന് അദ്ദേഹം സൈന്യത്തോട് ഉത്തരവിട്ടു. പകരം 'ഒരു ഈച്ച പോലും കടക്കാനാവാതെ' ഉപരോധിക്കാനാണ് പുടിന്റെ ഉത്തരവ്.

ഡോണ്‍ബാസ് മേഖല ഉള്‍പ്പെടുന്ന രണ്ട് പ്രദേശങ്ങളില്‍ ഒന്നായ ലുഹാന്‍സ്‌കിന്റെ 80 ശതമാനം നിയന്ത്രണവും റഷ്യന്‍ സൈന്യത്തിനാണെന്ന് ലുഹാന്‍സ്‌ക് ഗവര്‍ണര്‍ സെര്‍ഹി ഹൈദായി പറഞ്ഞു. കിഴക്കന്‍, തെക്കന്‍ മേഖലകള്‍ കേന്ദ്രീകരിച്ച് ആക്രമണം പുനരാരംഭിച്ച റഷ്യന്‍ സൈന്യം ലുഹാന്‍സ്‌ക് മേഖലയില്‍ ആക്രമണം ശക്തമാക്കിയതായി ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

ക്രെമിന്ന പിടിച്ചടക്കിയ ശേഷം റഷ്യന്‍ സൈന്യം ഇപ്പോള്‍ റൂബിഷ്നെ, പോപാസ്ന നഗരങ്ങളാണ് ലക്ഷ്യമിടുന്നതെന്നും എല്ലാ താമസക്കാരോടും ഉടനടി പ്രദേശത്തു നിന്ന് ഒഴിയാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ ഉക്രെയ്‌നിലെ രണ്ടാമത്തെ വലിയ നഗരമായ ഖര്‍കീവില്‍ ബോംബാക്രമണം രൂക്ഷമാവുകയാണെന്ന് മേയര്‍ ഇഹോര്‍ തെരെഖോവ് അറിയിച്ചു. 'വലിയ സ്‌ഫോടനങ്ങള്‍ നടക്കുന്നു. നഗരം തീവ്രമായി ആക്രമിക്കുകയാണ്,' തെരെഖോവ് വ്യക്തമാക്കി.

വടക്കുകിഴക്കന്‍ നഗരത്തില്‍ ഏകദേശം പത്തു ലക്ഷത്തോളം ആളുകള്‍ അവശേഷിക്കുന്നുണ്ടെന്നും ആകെ ജനസംഖ്യയുടെ 30 ശതമാനം ആളുകളും നഗരത്തില്‍ നിന്ന് പലായനം ചെയ്തതായും അദ്ദേഹം പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.