മരടില്‍ തകര്‍ത്ത ഫ്‌ളാറ്റുകള്‍: നിര്‍മാതാക്കള്‍ നല്‍കേണ്ടത് 120.98 കോടി രൂപ; ഇതുവരെ നല്‍കിയത് 37.32 കോടി മാത്രം

മരടില്‍ തകര്‍ത്ത ഫ്‌ളാറ്റുകള്‍: നിര്‍മാതാക്കള്‍ നല്‍കേണ്ടത് 120.98 കോടി രൂപ; ഇതുവരെ നല്‍കിയത് 37.32 കോടി  മാത്രം

കൊച്ചി: പൊളിച്ചുനീക്കിയ മരടിലെ ഫ്ലാറ്റുകളുടെ നിർമാതാക്കൾ തിരികെ നൽകേണ്ട 120.98 കോടി രൂപയിൽ ഇതുവരെ നൽകിയത് 37.32 കോടി രൂപ മാത്രം. എന്നാൽ ഏറ്റവുമധികം താമസക്കാർ ഉണ്ടായിരുന്ന ‘ഹോളി ഫെയ്ത്ത്’ ഫ്ലാറ്റിന്റെ നിർമാതാക്കൾ ഒരു തുകയും ഇതുവരെ നൽകിയിട്ടില്ല.

ജെയിൻ കൺസ്ട്രക്ഷൻ 32.76 കോടി രൂപയിൽ 16.76 കോടിയും ‘ആൽഫ വെഞ്ച്വേഴ്‌സ് 32.10 കോടി രൂപയിൽ 13.80 കോടി രൂപയും ‘ഗോൾഡൻ കായലോരം’ നിർമാതാക്കളായ വിച്ചൂസ് കൺസ്ട്രക്ഷൻസ് 13.97 കോടി രൂപയിൽ 6.76 കോടി രൂപയുമാണ് കൈമാറിയത്.

ഫ്ലാറ്റുകൾ വാങ്ങിയവർക്കുള്ള നഷ്ടപരിഹാരം, കെട്ടിടം പൊളിക്കാൻ ചെലവായ തുക, സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് ബാലകൃഷ്ണൻ നായർ കമ്മിറ്റിക്കായി ചെലവായ തുക എന്നിവയടക്കമാണ് 120.98 കോടി രൂപ കെട്ടിടനിർമാതാക്കൾ നൽകാനുള്ളത്. ജസ്റ്റിസ് ബാലകൃഷ്ണൻ നായർ കമ്മിറ്റിയുടെ ചെലവിനായി ഇതുവരെ 2.59 കോടി രൂപ ചെലവായി. എന്നാൽ കെട്ടിട നിർമാതാക്കളിൽനിന്ന് ഈ തുക നിർബന്ധപൂർവം തിരികെ പിടിക്കാനുള്ള ഒരു നിർദേശവും നഷ്ടപരിഹാരം ജസ്റ്റിസ് ബാലകൃഷ്ണൻ നായർ കമ്മിറ്റിക്ക്‌ നൽകിയിട്ടില്ല.

ഗോൾഡൻ കായലോരം, ജെയിൻ കോറൽ കോവ്, ആൽഫ സെറീൻ എന്നീ കെട്ടിട സമുച്ചയത്തിലെ ഫ്ലാറ്റുടമകൾക്ക് അവർ നൽകിയ തുക മുഴുവൻ തിരികെ ലഭിച്ചു. സർക്കാർ നൽകിയ 25 ലക്ഷം രൂപ കൂടി കണക്കിലെടുക്കുമ്പോഴാണിത്. എന്നാൽ, ഈ തുക കെട്ടിട ഉടമകൾ സർക്കാരിന് നൽകിയിട്ടില്ല. ഹോളി ഫെയ്ത്തിലെ താമസക്കാർക്ക് സർക്കാർ ധനസഹായമായി നൽകിയ 25 ലക്ഷം രൂപ വീതം മാത്രമാണ് ഇതുവരെ ലഭിച്ചത്.

ഫ്ലാറ്റുടമകൾക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുന്നതിനായി 62.75 കോടി രൂപയാണ് സംസ്ഥാന സർക്കാർ നൽകിയത്. ഈ തുകയടക്കമാണ് ഫ്ലാറ്റ് നിർമാതാക്കളിൽനിന്ന് ഈടാക്കേണ്ടത്. നിർമാതാക്കളിൽനിന്ന് തുക ഈടാക്കുന്ന കാര്യത്തിൽ നിലവിൽ തടസങ്ങളൊന്നുമില്ല.

എന്നാൽ, എങ്ങനെയാണ് തുക തിരികെ പിടിക്കേണ്ടത് എന്നത് സംബന്ധിച്ച് സുപ്രിം കോടതിയുടെ ഉത്തരവുകളൊന്നുമില്ല. ഫ്ലാറ്റുകൾ പൊളിക്കാനായി 3.70 കോടി രൂപയാണ് ചെലവായത്. ഇതിൽ 35 ലക്ഷം രൂപ ഫ്ലാറ്റിന്റെ അവശിഷ്ടങ്ങൾ വിറ്റ് ലഭിച്ചു. ബാക്കി 3.35 കോടി രൂപ ഫ്ലാറ്റ് നിർമാതാക്കൾ നൽകാനുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.