പ്രതിഷേധക്കാരനെ ബൂട്ടിട്ട് ചവിട്ടിയത് ശരിയായില്ല; സിപിഒ ശബീറിനെതിരേ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

പ്രതിഷേധക്കാരനെ ബൂട്ടിട്ട് ചവിട്ടിയത് ശരിയായില്ല; സിപിഒ ശബീറിനെതിരേ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

തിരുവനന്തപുരം: തലസ്ഥാനത്ത് കെ റെയില്‍ പ്രതിഷേധത്തിനെത്തിയ ആളെ പോലീസുകാരന്‍ ബൂട്ടിട്ട്് ചവിട്ടിയ നടപടി ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. സിപിഒയുടെ നടപടി തെറ്റായിരുന്നുവെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. മംഗലാപുരം പോലീസ് സ്റ്റേഷനിലെ സിപിഒ ശബീറാണ് പ്രതിഷേധക്കാരനെ ചവിട്ടിയത്.

സില്‍വര്‍ ലൈന്‍ പ്രതിഷേധവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണിയാപുരത്ത് നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. കെ റെയില്‍ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ സമരക്കാര്‍ തടഞ്ഞതോടെ പോലീസ് ഇടപെടുകയായിരുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ ബലപ്രയോഗത്തിന്റെ സാഹചര്യമുണ്ടായിരുന്നില്ല.

പോലീസും സമരക്കാരും തമ്മില്‍ ഉന്തും തള്ളും നടക്കുന്നതിനിടെ പോലീസുകാരനായ ഷബീര്‍ ഒരു സമരക്കാരനെ ചവിട്ടുകയായിരുന്നു. സംഭവം വലിയ വിവാദമാകുകയും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തതിന് പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണ റിപ്പോര്‍ട്ട് റൂറല്‍ എസ്പിക്കു കൈമാറും.

സംഭവത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഷബീറിനെതിരെ നടപടി വേണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസുകാരെ ബൂട്ടിട്ട് ചവിട്ടിയാല്‍ പ്രത്യാഘാതം വലുതായിരിക്കുമെന്നും സതീശന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.