വിശുദ്ധ ഗീവര്‍ഗീസ്: മഹാനായ രക്തസാക്ഷി

വിശുദ്ധ ഗീവര്‍ഗീസ്: മഹാനായ രക്തസാക്ഷി

അനുദിന വിശുദ്ധര്‍ - ഏപ്രില്‍ 23

പുരാതനകാലം മുതല്‍ ഏറെ വണങ്ങപ്പെടുന്ന വിശുദ്ധനായ ഗീവര്‍ഗീസിന്റെ പേരിലുള്ള അനേകം ആരാധനാലയങ്ങള്‍ കേരളത്തിലുണ്ട്. ഇടപ്പള്ളി, എടത്വാ, പുതുപ്പള്ളി, അങ്കമാലി, അരുവിത്തുറ മുതലായ സ്ഥലങ്ങളില്‍ വിശുദ്ധ ഗീവര്‍ഗീസിന്റെ പേരിലുള്ള പള്ളികളും തിരുനാളുകളും ഏറെ പ്രശസ്തമാണ്.

മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന രക്തസാക്ഷിയും വിശുദ്ധനുമാണ് ഗീവര്‍ഗീസ്. ഏഷ്യാമൈനറില്‍ കാപ്പാഡോസിയയിലാണ് ഗീവര്‍ഗീസിന്റെ ജനനം എന്നാണ് കരുതപ്പെടുന്നത്. വിശുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ട കൃത്യമായ രേഖകള്‍ ഇല്ലെന്നു മാത്രമല്ല, മരണത്തെക്കുറിച്ചും വ്യത്യസ്തമായ വിവരങ്ങളാണുള്ളത്.

പുണ്യവാളചരിതങ്ങള്‍ അനുസരിച്ച് കത്തോലിക്കാ സഭ, പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സഭകള്‍, ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകള്‍, ആംഗ്ലിക്കന്‍ സഭ എന്നിവയുള്‍പ്പെടെയുള്ള ക്രിസ്തീയ വിഭാഗങ്ങളില്‍ ഏറ്റവുമധികം വണങ്ങപ്പെടുന്ന വിശുദ്ധന്മാരില്‍ ഒരാളാണ് ഗീവര്‍ഗീസ്. വ്യാളിയുമായി യുദ്ധം ചെയ്യുന്നതായാണ് വിശുദ്ധന്‍ ഏറ്റവുമധികം ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്.

'വിശുദ്ധ സഹായകര്‍' എന്നറിയപ്പെടുന്ന 14 ദിവ്യാത്മാക്കളില്‍ ഒരാള്‍കൂടിയായ ഇദ്ദേഹം സൈനിക വിശുദ്ധന്മാരില്‍ ഏറ്റവും പ്രധാനിയാണ്. മരണ ദിനമായി കരുതപ്പെടുന്ന ഏപ്രില്‍ 23 നാണ് ഗീവര്‍ഗീസിന്റെ തിരുനാള്‍ ആഘോഷിക്കാറുള്ളത്.

ലോകമൊട്ടാകെ ഒട്ടേറെ നാടുകളുടെ മധ്യസ്ഥനാണ് ഗീവര്‍ഗീസ്. സ്‌പെയിനിലെ അരഗോണ്‍, കറ്റലോണിയ പ്രദേശങ്ങള്‍, ഇംഗ്ലണ്ട്, എത്യോപ്യ, ജോര്‍ജിയ, ഗ്രീസ്, ഇന്ത്യ, ഇറാക്ക്, ലിത്വാനിയ, പലസ്തീനിയ, പോര്‍ചുഗല്‍, സെര്‍ബിയ, റഷ്യ, എന്നീ രാജ്യങ്ങളും ജെനോവ, അമേര്‍സ്ഫൂര്‍ട്ട്, ബെയ്‌റൂട്ട്, മോസ്‌കോ, ജുബ്ലിയാനാ എന്നിവയുള്‍പ്പെടെ ഒട്ടേറെ നഗരങ്ങളും ഗീവര്‍ഗീസിന്റെ മധ്യസ്ഥതയില്‍പ്പെടുന്നു. ഇതിനു പുറമേ ഒട്ടേറെ തൊഴിലുകളുടേയും വിവിധ തരം രോഗാവസ്ഥകളിലുള്ളവരുടേയും മധ്യസ്ഥനായും അദ്ദേഹം കണക്കാക്കപ്പെടുന്നു.

പുരാതനകാലം മുതല്‍ ഏറെ വണങ്ങപ്പെടുന്ന വിശുദ്ധനായ ഗീവര്‍ഗീസിന്റെ പേരിലുള്ള അനേകം ആരാധനാലയങ്ങള്‍ കേരളത്തിലുണ്ട്. ഇടപ്പള്ളി, എടത്വാ, പുതുപ്പള്ളി, അങ്കമാലി, അരുവിത്തുറ മുതലായ സ്ഥലങ്ങളില്‍ വിശുദ്ധ ഗീവര്‍ഗീസിന്റെ പേരിലുള്ള പള്ളികളും തിരുനാളുകളും ഏറെ പ്രശസ്തമാണ്.

വിശുദ്ധന്റെ മാതാപിതാക്കള്‍ കുലീനരായ ക്രൈസ്തവ വിശ്വാസികളായിരുന്നു. പിതാവിന്റെ മരണശേഷം ഗീവര്‍ഗീസ് തന്റെ മാതാവുമൊത്ത് പാലസ്തീനായിലേക്ക് പോയി. വിശുദ്ധന്റെ മാതാവിന്റെ ജന്മദേശമായിരുന്നു പാലസ്തീന്‍.

അവിടെ അദ്ദേഹം സൈന്യത്തില്‍ ചേരുകയും പിന്നീട് ഉപ സൈന്യാധിപതിയായി നിയമിതനാവുകയും ചെയ്തു. അധികം താമസിയാതെ ഡയോക്ലീഷന്‍ ചക്രവര്‍ത്തി അദ്ദേഹത്തിന് ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ നല്‍കി.

പിന്നീട് ചക്രവര്‍ത്തി ക്രൈസ്തവര്‍ക്കെതിരായി യുദ്ധം ചെയ്തപ്പോള്‍ വിശുദ്ധ ഗീവര്‍ഗീസ് തന്റെ സ്ഥാനമാനങ്ങള്‍ ഉപേക്ഷിക്കുകയും ചക്രവര്‍ത്തി കാണിക്കുന്ന ക്രൂരതയേക്കുറിച്ച് തുറന്ന് പറയുകയും ചെയ്തു. ഉടന്‍ തന്നെ വിശുദ്ധന്‍ തടവിലാക്കപ്പെട്ടു. പ്രലോഭനങ്ങള്‍ക്കും വാഗ്ദാനങ്ങള്‍ക്കും വഴങ്ങാതെ വന്നപ്പോള്‍ തടവറയില്‍ പിന്നീട് ക്രൂരമായ മര്‍ദ്ദനങ്ങളും നേരിടേണ്ടി വന്നു. പക്ഷേ ഇതിനൊന്നിനും അദ്ദേഹത്തെ തളര്‍ത്തുവാന്‍ കഴിഞ്ഞില്ല.

അധികം വൈകാതെ തന്നെ വിശുദ്ധനെ തെരുവുകളിലൂടെ നടത്തിക്കുകയും ശിരച്ചേദം ചെയ്ത് കൊലപ്പെടുത്തുകയും ചെയ്തു. ക്രിസ്തുവിന്റെ രക്തസാക്ഷികളില്‍ ഏറ്റവും തിളക്കമാര്‍ന്ന ഒരു രക്തസാക്ഷിയായിട്ടാണ് വിശുദ്ധ ഗീവര്‍ഗീസിനെ കത്തോലിക്കാ സഭ ആദരിക്കുന്നത്.

ഗ്രീക്കുകാര്‍ വിശുദ്ധന് 'മഹാനായ രക്തസാക്ഷി' എന്ന വിശേഷണം നല്‍കി ആദരിക്കുകയും വിശുദ്ധന്റെ തിരുനാള്‍ ദിനം ഒരു പൊതു അവധിയായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. പണ്ട് കാലത്ത് കോണ്‍സ്റ്റാന്റിനോപ്പിളില്‍ ഏതാണ്ട് അഞ്ചോ ആറോ ദേവാലയങ്ങള്‍ വിശുദ്ധന്റെ നാമധേയത്തില്‍ ഉണ്ടായിരുന്നു. അതില്‍ ഏറ്റവും പഴക്കമേറിയത് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയാല്‍ നിര്‍മ്മിക്കപ്പെട്ടതെന്ന് കരുതപ്പെടുന്നു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ടൂളിലെ ജെറാള്‍ഡ്

2. അയര്‍ലന്റിലെ ഇബാര്‍

3. പ്രേഗു ബിഷപ്പായിരുന്ന അള്‍ഡബെര്‍ട്ട്

4. ഫ്രാന്‍സിലെ ഫെലിക്‌സ്, ഫൊര്‍ണാത്തൂസ്, അക്കില്ലെയൂസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26