മോസ്‌കോ: കരിങ്കടലില്‍ നങ്കൂരമിട്ടിരുന്ന റഷ്യന്‍ യുദ്ധക്കപ്പല്‍ മോസ്‌ക്വ മുങ്ങി ഒരു ക്രൂ അംഗം മരിക്കുകയും 27 പേരെ കാണാതാവുകയും ചെയ്തതായി അംഗീകരിച്ച് റഷ്യ. കഴിഞ്ഞയാഴ്ചയുണ്ടായ ദുരന്തത്തില്‍ ആളപായം ഉണ്ടായതായി റഷ്യ ആദ്യമായാണ് അംഗീകരിക്കുന്നത്. കരിങ്കടലില്‍ നിലയുറപ്പിച്ച കപ്പല്‍പടയാണ് രണ്ടു മാസമായി തുടരുന്ന റഷ്യയുടെ ഉക്രെയ്ന്‍ സംഘര്‍ഷത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. തുറമുഖ നഗരമായ മരിയുപോള്‍ ഉപരോധിക്കുന്നതിലും ഈ കപ്പല്‍ പടയ്ക്കാണ് മുഖ്യപങ്കുണ്ടായിരുന്നത്. മോസ്‌ക്വ മുങ്ങിയതിനു പിന്നാലെ കപ്പലില്‍ സേവനമനുഷ്ഠിച്ച നാവികരുടെ മാതാപിതാക്കളും മറ്റ് കുടുംബാംഗങ്ങളും തങ്ങളുടെ പ്രിയപ്പെട്ടവരെ കാണാതായെന്ന് ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങളില്‍ എത്തുകയും ഇക്കാര്യത്തില്‍ ആഭ്യന്തര മന്ത്രാലയം മറുപടി പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഏപ്രില്‍ 13ന് ഉണ്ടായ തീപിടിത്തത്തിന്റെ ഫലമായി, വെടിമരുന്ന് പൊട്ടിത്തെറിച്ചതിനാല്‍ മോസ്‌ക്വ മിസൈല്‍ ക്രൂയിസറിന് ഗുരുതരമായി കേടുപാടുകള്‍ സംഭവിച്ചു'-പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ഒരു സൈനികന്‍ കൊല്ലപ്പെട്ടു, 27 ക്രൂ അംഗങ്ങളെ കാണാതായി, ബാക്കിയുള്ള 396 അംഗങ്ങളെ രക്ഷപ്പെടുത്തിയതായും മന്ത്രാലയം അറിയിച്ചു. നേരത്തേ എല്ലാവരേയും രക്ഷപ്പെടുത്തിയെന്നായിരുന്നു റഷ്യന്‍ അധികൃതര്‍ അറിയിച്ചിരുന്നത്. ഉക്രെയ്‌നിയന്‍ മിസൈല്‍ ആക്രമണത്തിലാണ് മോസ്‌ക്വ യുദ്ധക്കപ്പല്‍ കരിങ്കടലില്‍ മുങ്ങിയതെന്ന് പെന്റഗണിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അവകാശപ്പെട്ടിരുന്നു. മരിച്ചവരുടെയും കാണാതായവരുടെയും കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ആവശ്യമായ എല്ലാ പിന്തുണയും സഹായവും റഷ്യന്‍ പ്രതിരോധ മന്ത്രാലയം നല്‍കുന്നുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.