യുദ്ധം അവസാനിപ്പിക്കാതെ വത്തിക്കാനു വിശ്രമമില്ല; ഫ്രാന്‍സിസ് മാര്‍പാപ്പ

യുദ്ധം അവസാനിപ്പിക്കാതെ വത്തിക്കാനു വിശ്രമമില്ല; ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ വത്തിക്കാന്‍ അക്ഷീണം പ്രയത്‌നിക്കുകയാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. ഉക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ ഉടനടി പോകാനോ റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭാ തലവന്‍ പാത്രിയാര്‍ക്കീസ് കിറിലിനെ കാണാനോ സാധിച്ചില്ലെങ്കിലും സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

അര്‍ജന്റീനിയന്‍ പത്രമായ ലാ നസിയോണ് നല്‍കിയ അഭിമുഖത്തിലാണ് പരിശുദ്ധ പിതാവ് യുദ്ധ വിരാമത്തിനായി എന്തും ചെയ്യാന്‍ താന്‍ സന്നദ്ധനാണെന്ന് വ്യക്തമാക്കിയത്. റഷ്യന്‍ പാത്രിയാര്‍ക്കീസുമായി ജൂണില്‍ നടത്താനിരുന്ന കൂടിക്കാഴ്ച യുദ്ധ സാഹചര്യത്തില്‍ മാര്‍പ്പാപ്പ റദ്ദാക്കിയിരുന്നു. കൂടിക്കാഴ്ച ആശയക്കുഴപ്പം വര്‍ദ്ധിപ്പിക്കാന്‍ മാത്രമേ ഉതകൂ എന്ന് അഭിമുഖത്തില്‍ മാര്‍പാപ്പ പറഞ്ഞു. കീവില്‍ നടത്താനിരുന്ന സന്ദര്‍ശനവും വേണ്ടെന്നു വച്ചു.

നയതന്ത്ര തലത്തിലുള്ള കാര്യങ്ങളായതിനാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ല. പക്ഷേ സമാധാന ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ വത്തിക്കാന് വിശ്രമമില്ലെന്നും പാപ്പ പറഞ്ഞു.

ഉക്രെയ്ന്‍ അധിനിവേശം രണ്ടു മാസം പിന്നിടുമ്പോള്‍ അതിക്രൂരമായ കൂട്ടക്കൊലകള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതിനകം യുദ്ധം അവസാനിപ്പിക്കാന്‍ ഫ്രാന്‍സിസ് പാപ്പ എണ്ണമറ്റ അഭ്യര്‍ത്ഥനകള്‍ നടത്തുകയുണ്ടായി.

യുദ്ധഭൂമിയില്‍ മാനുഷിക സഹായം എത്തിക്കാനും അഭയാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്താനും നിരവധി ദൂതന്മാരെ മാര്‍പാപ്പ ഉക്രെയ്‌നിലേക്ക് അയച്ചു. വിശുദ്ധ വാരത്തിലും യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കും പ്രാര്‍ഥനകള്‍ക്കുമാണ് പാപ്പ മുന്‍തൂക്കം നല്‍കിയത്. ആയുധങ്ങള്‍ താഴെയിടട്ടെ, ക്രൂരവും വിവേകശൂന്യവുമായ യുദ്ധത്തിലേക്കു വലിച്ചിഴയ്ക്കപ്പെട്ട ഉക്രെയ്‌നില്‍ സമാധാനം പുലരട്ടെ എന്നാണ് മാര്‍പാപ്പ ഈസ്റ്റര്‍ ദിന സന്ദേശത്തില്‍ ആശംസിച്ചത്.

യുദ്ധം ആരംഭിച്ചതിന്റെ പിറ്റേന്ന് വത്തിക്കാനിലെ റഷ്യന്‍ എംബസി സന്ദര്‍ശിച്ചതിനെക്കുറിച്ചും മാര്‍പാപ്പ വിശദീകരിച്ചു. 'താന്‍ ഒറ്റയ്ക്കാണ് എംബസിയില്‍ പോയത്. എന്നെ ആരും അനുഗമിക്കരുതെന്നായിരുന്നു ആഗ്രഹം. എന്റെ വ്യക്തിപരമായ ഉത്തരവാദിത്തമായിരുന്നു അത്. ഉക്രെയ്‌നെക്കുറിച്ച് ചിന്തിച്ച് ഉറക്കമില്ലാത്ത രാത്രികളില്‍ എടുത്ത തീരുമാനമായിരുന്നു ആ സന്ദര്‍ശനം.

യുദ്ധം ഉടനടി അവസാനിപ്പിക്കാന്‍ റഷ്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു ലക്ഷ്യം. ഉക്രെയ്‌നില്‍ യുദ്ധം മൂലം ഒരു മരണം പോലും ഉണ്ടാകാതിരിക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്. ഇതിനായി എന്തു ചെയ്യാനും സന്നദ്ധനായിരുന്നു.

ഒന്നിലധികം ക്ഷണങ്ങള്‍ ലഭിച്ചതിന്റെ വെളിച്ചത്തില്‍, ഉക്രെയ്ന്‍ തലസ്ഥാനമായ കീവ് സന്ദര്‍ശനത്തിന്റെ സാധ്യതയെക്കുറിച്ചും പരിശുദ്ധ പിതാവ് വെളിപ്പെടുത്തി. 'യുദ്ധത്തിന്റെ അവസാനത്തിനോ താല്‍ക്കാലിക വെടിനിറുത്തലിനോ അല്ലെങ്കില്‍ ഒരു മാനുഷിക ഇടനാഴിക്കോ ഉള്ള സാധ്യതകളെ അപകടത്തിലാക്കുന്ന ഒന്നും തനിക്ക് ചെയ്യാന്‍ കഴിയില്ല. തന്റെ യാത്രയ്ക്കു ശേഷം പിറ്റേന്നും യുദ്ധം തുടര്‍ന്നാല്‍ പാപ്പായുടെ കീവ് സന്ദര്‍ശനംകൊണ്ട് എന്ത് പ്രയോജനം എന്ന ചോദ്യം ഉന്നയിക്കപ്പെടുകയും ചെയ്യും.

ഏതൊരു യുദ്ധവും ഈ നാഗരികതയുടെ കാലത്ത് കാഹരണപ്പെട്ടതാണ്. അതുകൊണ്ടു തന്നെയാണ് താന്‍ ഉക്രെയ്ന്‍ പതാകയെ പരസ്യമായി ചുംബിച്ചത്. അത് ആ നാട്ടില്‍ യുദ്ധം കൊന്നൊടുക്കിയവരോടും അവരുടെ കുടുംബങ്ങളോടും പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായവരോടുമുള്ള ഐക്യദാര്‍ഢ്യത്തിന്റെ അടയാളമായിരുന്നു-പാപ്പാ വിശദീകരിച്ചു.

റഷ്യയുടേയോ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെയോ പേരുകള്‍ പാപ്പ പരാമര്‍ശിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവും ഉന്നയിക്കപ്പെട്ടു. ഒരു പാപ്പാ ഒരിക്കലും രാഷ്ട്രത്തലവന്റെയോ ആ തലവനെക്കാള്‍ ഉന്നതമായ രാഷ്ട്രത്തിന്റെയോ പേരു പറയില്ല എന്ന വസ്തുത പാപ്പാ ചൂണ്ടിക്കാട്ടി.

മോസ്‌കോ പാത്രിയാര്‍ക്കീസ് കിറിലുമായി രണ്ടാമതൊരു കൂടിക്കാഴ്ച ജറുസലേമില്‍ വച്ച് നടത്താനിരുന്നത് വത്തിക്കാന് റദ്ദ് ചെയ്യേണ്ടിവന്നതിലുള്ള ഖേദവും പാപ്പാ പ്രകടിപ്പിച്ചു. 2016-ല്‍ ക്യൂബയിലെ ഹവാനയില്‍ വച്ച് ഇരുവരും ചരിത്രം സൃഷ്ടിച്ച ഒരു കൂടിക്കാഴ്ച നടത്തിയിരുന്നു. പാത്രിയാര്‍ക്കീസ് കിറിലുമായുള്ളത് വളരെ നല്ല ബന്ധമാണെന്നും പാപ്പാ സൂചിപ്പിച്ചു

ഈ അവസരത്തില്‍ അത്തരമൊരു കൂടിക്കാഴ്ച ആശയക്കുഴപ്പത്തിനു കാരണമാകുമെന്ന് പാപ്പ ആശങ്ക പ്രകടിപ്പിച്ചു. താന്‍ എല്ലായ്പ്പോഴും മതാന്തര സംവാദങ്ങളെ പ്രോത്സാഹിപ്പിട്ടുണ്ട്. ബ്യൂണസ് ഐറിസില്‍ താന്‍ ആര്‍ച്ച് ബിഷപ്പായിരുന്നപ്പോള്‍ ക്രൈസ്തവരെയും ജൂതന്മാരെയും മുസ്ലീങ്ങളെയും ഫലപ്രദമായ ഒരു സംവാദത്തിലൂടെ ഒരുമിച്ച് കൊണ്ടുവന്നു. ഞാന്‍ ഏറ്റവും അഭിമാനത്തോടെ ഓര്‍ത്തെടുക്കുന്ന ഒന്നാണത്. അതേ നയമാണ് ഇപ്പോഴും താന്‍ പ്രോത്സാഹിപ്പിക്കുന്നതെന്ന് പാപ്പ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.