പാരീസ്: ഫ്രാന്‍സിനെ രണ്ടാം വട്ടവും ഇമ്മാനുവല്‍ മാക്രോണ്‍ നയിക്കും. ഫ്രഞ്ച് പ്രസിഡന്റായി ഇമ്മാനുവല്‍ മാക്രോണ്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 58 ശതമാനം വോട്ടുകള്‍ കരസ്ഥമാക്കിയാണ് മാക്രോണിന്റെ വിജയം. തീവ്ര വലതുപക്ഷ പാര്‍ട്ടിയായ നാഷണല്‍ റാലിയുടെ നേതാവ് മരീന്‍ ലീ പെന്നിനെയാണ് മാക്രോണ്‍ പരാജയപ്പെടുത്തിയത്. മേയ് 13ന് പ്രസിഡന്റായി ഇമ്മാനുവല്‍ മാക്രോണ്‍ അധികാരമേല്‍ക്കും.
പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പാണ് ഇന്നലെ നടന്നത്. ഇന്ത്യന്‍ സമയം രാവിലെ 11.30-ന് ആരംഭിച്ച വോട്ടെടുപ്പ് രാത്രി 11.30-നാണ് അവസാനിച്ചത്. ഏപ്രില്‍ 10ന് നടന്ന ഒന്നാം റൗണ്ടില്‍ ഇമ്മാനുവല്‍ മാക്രോണ്‍ ഒന്നാമതും എതിര്‍ സ്ഥാനാര്‍ത്ഥി മരീന്‍ ലെ പെന്‍ രണ്ടാമതും എത്തിയിരുന്നു. രണ്ടാം ഘട്ടത്തില്‍ മാക്രോണിന് 57.0-58.5 ശതമാനം വോട്ട് ലഭിക്കുമെന്ന് അഭിപ്രായ സര്‍വേകള്‍ സൂചിപ്പിച്ചിരുന്നു.
ഈഫല്‍ ടവറിന് താഴെയുള്ള ചാംപ് ഡി മാര്‍സ് പാര്‍ക്കിലെ കൂറ്റന്‍ സ്‌ക്രീനില്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ മുതല്‍ മാക്രോണ്‍ അനുകൂലികള്‍ ആഹ്‌ളാദ പ്രകടനങ്ങള്‍ ആരംഭിച്ചു. 12 സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച ആദ്യ റൗണ്ടില്‍ മാക്രോണ്‍ 27.8 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ പെന്നിന് ലഭിച്ചത് 23.1 ശതമാനം വോട്ടുകളാണ്. ഫ്രാന്‍സിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ് ലാ റിപ്പബ്ലിക് ഓണ്‍ മാര്‍ഷ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ഇമ്മാനുവല്‍ മാക്രോണ്‍.
20 വര്‍ഷത്തിനിടെ രണ്ടാം വട്ടവും തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഫ്രഞ്ച് പ്രസിഡന്റ് എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മാക്രോണ്‍. എതിര്‍ സ്ഥാനാര്‍ത്ഥി 53 വയസുകാരിയായ പെന്‍ 2017-ലും മാക്രോണിനോട് ഏറ്റുമുട്ടി പരാജയപ്പെട്ടിരുന്നു.
റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് മാക്രോണ്‍ മുന്നിലുണ്ടായിരുന്നു. ഇത് മാക്രോണിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ വലിയ തോതില്‍ ഗുണം ചെയ്തിരു ന്നു. യൂറോപ്പിലെ ശക്തനായ നേതാവെന്ന ഖ്യാതിയും അനുകൂല ഘടകമായി.
റഷ്യന്‍ അനുകൂല മനോഭാവമുള്ള പെന്‍ താന്‍ അധികാരത്തിലെത്തിയാല്‍ രാജ്യത്ത് പൊതുസ്ഥലങ്ങളില്‍ മുസ്ലിം ശിരോവസ്ത്രങ്ങള്‍ നിരോധിക്കുമെന്ന് പറഞ്ഞതും കുടിയേറ്റ വിരുദ്ധ നിലപാട് പ്രകടിപ്പിച്ചതും ആഗോള തലത്തില്‍ ചര്‍ച്ചയായിരുന്നു. രാജ്യത്തെ തൊഴിലില്ലായ്മ നിരക്കിലെ വര്‍ദ്ധനയും പണപ്പെരുപ്പവുമാണ് മാക്രോണിനെതിരെ മരീന്‍ ആയുധമാക്കിയത്. എന്നാല്‍ പെന്നിന്റെ പ്രചാരണ പരിപാടികള്‍ വലിയ രീതിയില്‍ ഗുണം ചെയ്തില്ല. ഫ്രാന്‍സിനെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വേര്‍പെടുത്തണമെന്ന അഭിപ്രായവും പെന്നിനുണ്ടായിരുന്നു.
കൂടുതല്‍ വായനയ്ക്ക്:
ഇമ്മാനുവല്‍ മാക്രോണോ മരീനയോ? നാളെയറിയാം ഫ്രാന്‍സിനെ ആരു നയിക്കുമെന്ന്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.