അനുദിന വിശുദ്ധര്‍ - ഏപ്രില്‍ 25
അഹറോന്റെ ഗോത്രത്തില്‍പ്പെട്ട ഒരു യഹൂദനാണ് മര്‍ക്കോസ് എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. രക്ഷകനായ യേശു മരിക്കുമ്പോള്‍ മര്‍ക്കോസ് ഒരു യുവാവായിരുന്നു. ഗെത്സെമിനില്‍ വച്ച് യേശുവിനെ പടയാളികള്‍ ബന്ധിച്ചപ്പോള്‍ അവിടെ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന യുവാവ് മര്‍ക്കോസ് ആണന്നാണ് വിശ്വാസം.
''ഒരു യുവാവ് മാത്രം അവിടത്തെ അനുഗമിച്ചു. അയാളുടെ ദേഹത്ത് ഒരു പുതപ്പു മാത്രമേ ഉണ്ടായിരുന്നൊള്ളൂ. അവര്‍ അയാളെ പിടികൂടി. അയാള്‍ ആ പുതപ്പ് ഉപേക്ഷിച്ച് നഗ്നനായി ഓടി രക്ഷപെട്ടു''. സുവിശേത്തില്‍ പ്രതിപാദിച്ചിട്ടുള്ള ആ യുവാവ് വിശുദ്ധ മര്‍ക്കോസ് ആണന്ന് കരുതപ്പെടുന്നു.
യേശു സ്വര്‍ഗാരോഹണം ചെയ്തതിനു ശേഷം മര്‍ക്കോസ് തന്റെ സ്വന്തക്കാരനായിരുന്ന ബര്‍ണാബാസിന്റെയും പൗലോസിന്റെയും ഒപ്പം അന്ത്യോക്യായിലേക്കുള്ള യാത്രയിലും അവരുടെ ആദ്യത്തെ പ്രേഷിത യാത്രയിലും സഹചാരിയായി വര്‍ത്തിച്ചിരുന്നതായും കാണാം. എന്നാല്‍ മര്‍ക്കോസ് ഇത്തരം കഠിന പ്രയത്‌നങ്ങള്‍ക്ക് പക്വതയാര്‍ജിക്കാത്തതിനാല്‍ അവര്‍ അദ്ദേഹത്തെ പാംഫിലിയായിലെ പെര്‍ജില്‍ നിര്‍ത്തി.
രണ്ടു പേരും തങ്ങളുടെ രണ്ടാമത്തെ പ്രേഷിത ദൗത്യത്തിനായി യാത്ര തിരിച്ചപ്പോള്‍ ബര്‍ണാബാസ് മര്‍ക്കോസിനെ കൂടെ കൂട്ടുവാന്‍ താല്‍പ്പര്യപ്പെട്ടുവെങ്കിലും പൗലോസ് എതിര്‍ത്തു. അതിനാല്‍ ബര്‍ണാബാസ് മര്‍ക്കോസിനെ കൂട്ടികൊണ്ട് സൈപ്രസിലേക്കൊരു സുവിശേഷ യാത്ര നടത്തി. എന്നാല്‍ ചുരുങ്ങിയ കാലം കൊണ്ട് മര്‍ക്കോസിന്റെയും പൗലോസിന്റെയും ഇടയിലുള്ള മുറിവുണങ്ങി.
പൗലോസ് റോമില്‍ ആദ്യമായി തടവിലാക്കപ്പെട്ടപ്പോള്‍ മര്‍ക്കോസ് അദ്ദേഹത്തിന്റെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ യാതൊരു മുടക്കവും വരുത്താതെ തുടര്‍ന്ന് കൊണ്ട് പോയി. രണ്ടാമതും പൗലോസ് ബന്ധനസ്ഥനായപ്പോള്‍ അദ്ദേഹം വിശുദ്ധ മര്‍ക്കോസിന്റെ സാന്നിധ്യം ആവശ്യപ്പെട്ടിരുന്നു.
വിശുദ്ധ പത്രോസും മര്‍ക്കോസും തമ്മില്‍ വളരെ അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നത്. അദ്ദേഹം വിശുദ്ധ പത്രോസിന്റെ സഹചാരിയും ശിഷ്യനും തര്‍ജ്ജമക്കാരനുമായി പ്രവര്‍ത്തിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. പത്രോസ് റോമില്‍ സുവിശേഷ പ്രഘോഷണം നടത്തിയപ്പോള്‍ മര്‍ക്കോസ് അവിടെ സന്നിഹിതനായിരുന്നു.
നാല് സുവിശേഷങ്ങളിലും വെച്ച് ഏറ്റവും ചെറിയ സുവിശേഷം വിശുദ്ധ മര്‍ക്കോസിന്റേതായിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ സുവിശേഷം രൂപം കൊണ്ടത് റോമിലാണ്. മാത്രമല്ല യേശുവിന്റെ ജീവിതത്തെ കാലഗണനാപരമായി അവതരിപ്പിച്ചതാണ് വിശുദ്ധന്റെ മറ്റൊരു യോഗ്യത.
അദ്ദേഹത്തിന്റെ സുവിശേഷത്തില്‍ രക്ഷകന്റെ ജീവിത സംഭവങ്ങളെ ചരിത്രപരമായി കോര്‍ത്തിണക്കിയിരിക്കുന്നത് കാണുവാന്‍ നമുക്ക് സാധിക്കും. വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷങ്ങള്‍ 'പത്രോസിന്റെ സുവിശേഷങ്ങളെന്ന്' പറയപ്പെടുന്നു.
കാരണം മര്‍ക്കോസ് സുവിശേഷമെഴുതിയത് വിശുദ്ധ പത്രോസിന്റെ നിര്‍ദ്ദേശത്തിലും സ്വാധീനത്തിലുമാണ്. ഈജിപ്തിലെ അലക്‌സാണ്ട്രിയായിലെ മെത്രാനായിരിക്കെ അദ്ദേഹം രക്തസാക്ഷിത്വം വരിച്ചുവെന്ന് കരുതപ്പെടുന്നു. പിന്നീട് വിശുദ്ധന്റെ തിരുശേഷിപ്പുകള്‍ അലക്‌സാണ്ട്രിയായില്‍ നിന്നും വെനീസിലേക്ക് മാറ്റുകയും അവിടെ വിശുദ്ധ മര്‍ക്കോസിന്റെ കത്തീഡ്രലില്‍ ഒരു വലിയ ശവകുടീരം പണികഴിപ്പിക്കുകയും ചെയ്തു.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. ക്രോഘന്‍ ബിഷപ്പ് മക്കായിന്‍
2. ഔക്‌സേറിലെ ഹെറിബാള്‍ഡൂസ്
3. ലോബെസ് ബിഷപ്പായ എര്‍മീനൂസ്
4. അലക്‌സാണ്ട്രിയായിലെ അനിയാനൂസ്
5. എവോഡിയൂസ്, ഹെര്‍മോജെനസ്, കലിസ്റ്റാ
6. അന്ത്യോക്യായിലെ ഫിലോയും അഗാത്തോപൊദെസും.
'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.