ബീജിംഗ്: കോവിഡിന് തുടക്കമിട്ട ചൈനയില്‍ ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി കോവിഡ് നാലാം തരംഗം. ഷാങ്ഹായിക്ക് പിന്നാലെ തലസ്ഥാനമായ ബീജിംഗിലും ചൈനീസ് സര്‍ക്കര്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ഒമിക്രോണ്‍ വകഭേദമാണ് നാലാം തരംഗത്തിലും പിടിമുറുക്കിയിരിക്കുന്നത്.
കഴിഞ്ഞ മാസമാണ് ചൈനയില്‍ കോവിഡ് നാലാം തരംഗം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മാര്‍ച്ച് 28 ന് വ്യാവസായിക തലസ്ഥാനമായ ഷാങ്ഹായിയില്‍ ലോക്ക്ഡൗണും പ്രഖ്യാപിച്ചു. കടുത്ത നിയന്ത്രണങ്ങള്‍ നിലവില്‍ വന്ന് ഒന്നരമാസമാകുമ്പോഴും കോവിഡ് വ്യാപനം കുറയാത്തതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്.
ഇന്നലെ മാത്രം ഇരുപത്തിരണ്ടായിരത്തിനടുത്ത് പേര്‍ക്കാണ് ചൈനയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 39 പേര്‍ ഇന്ന് മരണപ്പെട്ടു. നാലാം തരംഗം സ്ഥിരീകരിച്ചതിന് ശേഷം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണ സംഖ്യയാണിത്. രോഗം സ്ഥിരീകരിച്ചവരില്‍ അധികം പേര്‍ക്കും ലക്ഷണങ്ങള്‍ ഇല്ലായിരുന്നു. ഇതാണ് രോഗ ബാധ കൂടാന്‍ കാരണമെന്നാണ് ചൈനീസ് ആരോഗ്യ മന്ത്രാലയം പറയുന്നത്.
ഷാങ്ഹായിയില്‍ 23370 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. 4,60,000 പേര്‍ക്കാണ് മാര്‍ച്ച് മുതല്‍ ഇതുവരെ ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം 87 പേരും കോവിഡ് ബാധിച്ചു മരിച്ചു.
ബീജിംഗില്‍ 22 പുതിയ സാമൂഹിക വ്യാപന കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 10 പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികളിലും കോവിഡ് സ്ഥിരീകരിച്ചതോടെ വരും ദിവസങ്ങളില്‍ വ്യാപന തോത് ഉയരാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. നഗരപ്രാന്ത പ്രദേശങ്ങളിലെ സ്‌കൂളുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് വ്യാപക പരിശോധന നടത്താനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.
ഷാങ്ഹായിക്കും ബീജിംഗിനും പുറമെ മറ്റു 16 പ്രവിശ്യകളിലും കോവിഡ് പടരുന്നുണ്ട്. ജിലിനില്‍ 60 പേര്‍ക്കും ഹെലോങ്ജിയാംഗിയില്‍ 30 പേര്‍ക്കും കോവിഡ് സ്ഥികരിച്ചു.
സാഹചര്യം ചര്‍ച്ച ചെയ്യുന്നതിനായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബീജിംഗ് ഘടകവും സിറ്റി മേയറും ഉന്നത ഉദ്യോഗസ്ഥരും രണ്ട് തവണ യോഗം ചേര്‍ന്നു. പരിശോധനയും വാക്‌സീന്‍ വിതരണവും കൂട്ടുന്നതിനൊപ്പം കടുത്ത നിയന്ത്രണങ്ങളും കൊണ്ട് വരാനാണ് നീക്കം. വൈറസ് സ്ഥിരീകിച്ച സ്‌കൂളുകള്‍ ഒരാഴ്ചത്തേക്ക് അടച്ചിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.