വന്ദേ ഭാരതിന്റെ വീലുകള്‍ ഉക്രെയിനില്‍ നിന്ന് അടുത്ത മാസം ഇന്ത്യയിലെത്തും

വന്ദേ ഭാരതിന്റെ വീലുകള്‍ ഉക്രെയിനില്‍ നിന്ന് അടുത്ത മാസം ഇന്ത്യയിലെത്തും

ന്യൂഡല്‍ഹി: ഉക്രെയ്‌നില്‍ നിന്ന് റോഡ് മാര്‍ഗം റൊമാനിയയിലെത്തിയ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ 128 ചക്രങ്ങള്‍ അടുത്ത മാസം എയര്‍ലിഫ്റ്റ് ചെയ്ത് ഇന്ത്യയിലെത്തിക്കും. രാജ്യത്തെ ഏറ്റവും പുതിയ സെമി ഹൈസ്പീഡ് ഇന്റര്‍സിറ്റി ഇഎംയു ട്രെയിനായ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ റേക്കുകള്‍ക്ക് വേണ്ടിയുള്ള വീല്‍ സെറ്റുകളുടെ ഇറക്കുമതിയ്ക്കായി ഉക്രെയ്ന്‍ കമ്പനിയ്ക്കാണ് ഓര്‍ഡറുകള്‍ നല്‍കിയിരുന്നത്. എന്നാല്‍ റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് വീലുകളുടെ ഇറക്കുമതി തടസപ്പെടുകയായിരുന്നു.

ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തെ പ്രധാന റൂട്ടുകളില്‍ 75 വന്ദേ ഭാരത് എക്‌സ്പ്രസ് ഓടിക്കാനാണ് റെയില്‍വെ പദ്ധതിയിട്ടിരിക്കുന്നത്. ഈ ലക്ഷ്യം കൈവരിക്കാനായി ഇപ്പോള്‍ ചെക്ക് റിപബ്ലിക്, പോളണ്ട്, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നും ചക്രങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്ന് റെയില്‍വേ അറിയിച്ചു. ഈ രാജ്യങ്ങളെ കൂടാതെ ചക്രങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ ചൈനയേയും സമീപിച്ചേക്കുമന്നൊണ് വിവരം. ഇത്തരം ചക്രങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ ഉല്‍പാദകരാണ് ഉക്രെയ്ന്‍. എന്നാല്‍ റഷ്യയുമായുള്ള യുദ്ധമാണ് കമ്പനികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചത്.

16 ദശലക്ഷം ഡോളര്‍ ചെലവില്‍ 36000 ചക്രങ്ങള്‍ ഇറക്കുമതി ചെയ്യാനാണ് ഉക്രെയിന്‍ കമ്പനിയുമായി റെയില്‍വേ ധാരണയിലെത്തിയിരുന്നത്. എന്നാല്‍ ചക്രങ്ങള്‍ക്കായി ഇനിയും ഉക്രെയിനെ ആശ്രയിച്ചാല്‍ തങ്ങളുടെ ലക്ഷ്യം കൃത്യ സമയത്ത് കൈവരിക്കാനാവില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഓര്‍ഡറുകള്‍ മറ്റ് രാജ്യങ്ങള്‍ക്ക് കൂടെ നല്‍കിയത്.

രണ്ട് ട്രെയിനുകളുടെ ട്രയല്‍ റണ്‍ നടത്താനാണ് ഇപ്പോള്‍ ചക്രങ്ങള്‍ റൊമാനിയയിലെത്തിച്ചിരിക്കുന്നത്. റെയില്‍വേ മന്ത്രാലയത്തിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും ശ്രമഫലമായാണ് ഉക്രെയിനിലെ ഡൈനിപ്രോ പെട്രോവ്‌സ്‌കിലെ വീല്‍ ഫാക്ടറിയില്‍ നിന്നുള്ള ഈ ചക്രങ്ങള്‍ ട്രക്കില്‍ കയറ്റി റൊമാനിയയിലെത്തിച്ചത്.

അതേസമയം, വന്ദേ ഭാരത് ട്രെയിനുകളുടെ നിര്‍മാണത്തിന് കാലതാമസമുണ്ടാകില്ലെന്നും ചക്രങ്ങളും ആക്‌സിലുകളും പോലുള്ള അവശ്യമായ എല്ലാ വസ്തുക്കളും കൃത്യസമയത്ത് തന്നെ എത്തിക്കുമെന്നും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും സിഇഒയുമായ വി കെ ത്രിപാഠി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.