കളിക്കളത്തില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചതിന് ജോലി നഷ്ടപ്പെട്ടു; കായികാധ്യാപകന്‍ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

കളിക്കളത്തില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചതിന് ജോലി നഷ്ടപ്പെട്ടു; കായികാധ്യാപകന്‍ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ഫ്‌ളോറിഡ: കളിക്കളത്തില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചതിന്റെ പേരില്‍ ഫുട്‌ബോള്‍ പരിശീലകനായ കായിക അധ്യാപകന് ജോലി നഷ്ടപ്പെട്ടു. പരിശീലനത്തിന് ശേഷം കായിക താരങ്ങളായ വിദ്യാര്‍ഥികളെ തനിക്കൊപ്പം പ്രാര്‍ത്ഥിക്കാന്‍ പ്രേരിപ്പിച്ചെന്നു കാട്ടിയാണ് സ്‌കൂള്‍ അധികൃതര്‍ അദ്ദേഹത്തെ ജോലിയില്‍ നിന്ന് ഒഴിവാക്കിയത്. മതസ്വാതന്ത്ര്യത്തിന് മേലുള്ള കൈകടത്താലാണെന്ന് വിലയിരുത്തിയ കീഴ് കോടതികള്‍ സ്‌കൂള്‍ നടപടി ശരിവച്ചു. തുടര്‍ന്ന് അധ്യാപകന്‍ സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീംകോടതി ഹര്‍ജി ഇന്ന് പരിഗണിക്കും.

പടിഞ്ഞാറന്‍ വാഷിംഗ്ടണിലെ ഡിസ്ട്രിക്റ്റ് ബ്രെമെര്‍ട്ടണ്‍ ഹൈസ്‌കൂളിലെ ഫുട്‌ബോള്‍ പരിശീലനകനായ ജോസഫ് കെന്നഡി എന്ന കായികാധ്യപകനാണ് തന്റെ ക്രൈസ്തവ വിശ്വാസം പരസ്യമായി പ്രകടിപ്പിച്ചതിന്റെ പേരില്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടിവന്നത്.

പരിശീലത്തിനും മത്സരങ്ങള്‍ക്കും ശേഷം കെന്നടി മൈതാനത്തിന്റെ 50 അടി മാറിയുള്ള ലൈന് പുറത്ത് മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്ന പതിവുണ്ട്. അദ്ദേഹത്തിന്റെ പ്രവൃത്തിയില്‍ ആകൃഷ്ടരായി വിദ്യാര്‍ഥികളും അദ്ദേഹത്തോടൊപ്പം പങ്കുചേര്‍ന്നു. ഇതാണ് സ്‌കൂള്‍ അധികൃതരെ ചൊടിപ്പിച്ചത്.

ഏതെങ്കിലും മതവിശ്വാസത്തിനുള്ള പരിഗണന പൊതുവിദ്യാലയങ്ങളില്‍ അനുവദിക്കാനാകില്ലെന്നും അത്തരം പ്രവൃത്തികള്‍ മതസ്വാതന്ത്ര്യത്തിന് മേലുള്ള വെല്ലുവിളിയാകുമെന്നുമായിരുന്നു അദ്ദേഹത്തെ പിരിച്ചുവിട്ടതിനുള്ള സ്‌കൂളിന്റെ ന്യായീകരണം. ഇതിനെതിരെ കെന്നഡി ജില്ലാ കോടതിയിലും പിന്നീട് യുഎസ് സര്‍ക്യൂട്ട് കോര്‍ട്ട് ഓഫ് അപ്പീല്‍സിലും ഹര്‍ജി ഫയല്‍ ചെയ്തു.

രണ്ടിടത്തും തിരിച്ചടിയാണ് കെന്നടിക്ക് ഉണ്ടായത്. പൊതുസ്ഥലത്ത് തന്റെ കായിക താരങ്ങളെ കൂട്ടി പ്രാര്‍ത്ഥന നടത്തുമ്പോള്‍ അതു രാജ്യത്തിന്റെ മതസ്വാതന്ത്ര്യ സങ്കല്‍പ്പത്തിന് വിരുദ്ധമാണെന്നും ഒരു പ്രത്യേക മതവിശ്വാസത്തെ സ്‌കൂള്‍ പ്രതിനിധികരിക്കുന്നുവെന്ന തെറ്റായ ധാരണ പൊതുസമൂഹത്തില്‍ ഉണ്ടാകാന്‍ ഇടയാക്കുമെന്നും കോടതി നിരീക്ഷിച്ചു.

'ജയിക്കുകയോ തോല്‍ക്കുകയോ' ചെയ്യുന്ന ഓരോ കളിക്കു ശേഷവും ദൈവത്തെ സ്തുതിക്കുന്നതിനുള്ള ഒരു ഉടമ്പടി നിറവേറ്റാനാണ് താന്‍ പ്രാര്‍ഥന നടത്തുന്നതെന്നും വിദ്യാര്‍ഥികളെ ഇതിലേക്ക് താന്‍ ക്ഷണിക്കാറില്ലെന്നും കെന്നഡി വാദിച്ചെങ്കിലും കോടതി അതു പരിഗണിച്ചില്ല. എന്നാല്‍ നിശബ്ദവും സ്വകാര്യവുമായ പ്രാര്‍ത്ഥനകള്‍ നടത്തുന്നതില്‍ നിന്ന് വിലക്കിയിട്ടില്ലെന്ന് കോടതി പറഞ്ഞു. ജില്ലാ കോടതി അപ്പില്‍ തള്ളിയതോടെ അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചു. ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും.

2008 ല്‍ സ്‌കൂളിന്റെ കായിക അധ്യാപകനായി ചുമതല ഏറ്റശേഷം ആരംഭിച്ചതാണ് മൈതാനത്തിലെ അദ്ദേഹത്തിന്റെ പരസ്യപ്രാര്‍ത്ഥന. കളിക്കാരും അദ്ദേഹത്തോടൊപ്പം പ്രാര്‍ത്ഥനയില്‍ ചേര്‍ന്നതോടെ കാര്യങ്ങള്‍ എതിരായി. കെന്നഡിക്കൊപ്പം 20 കളിക്കാര്‍ മുട്ടുകുത്തി നില്‍ക്കുന്ന ചിത്രങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി.



തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ അദ്ദേഹത്തെ ശമ്പളത്തോടെയുള്ള അഡ്മിനിസ്‌ട്രേറ്റീവ് അവധിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യുകയും ചെയ്തു. കായിക പരിശീലകനാകാനുള്ള പുതിയ കരാറിന് അദ്ദേഹം അപേക്ഷ നല്‍കിയെങ്കിലും മോശം പ്രകടനം എന്ന വിലയിരുത്തല്‍ നടത്തി സ്‌കൂള്‍ അധികൃതര്‍ അദ്ദേഹത്തിന്റെ അപേക്ഷ തള്ളി.

ബ്രെമെര്‍ട്ടണ്‍ ഹൈസ്‌കൂളിന്റെ യൂണിവേഴ്‌സിറ്റി ഫുട്‌ബോള്‍ ടീമിന്റെ അസിസ്റ്റന്റ് കോച്ചായും വാഷിംഗ്ടണ്‍ സംസ്ഥാനത്തെ സ്‌കൂളിലെ ജൂനിയര്‍ യൂണിവേഴ്‌സിറ്റി സ്‌ക്വാഡിന്റെ ഹെഡ് കോച്ചായും സേവനമനുഷ്ഠിച്ച ശേഷമാണ് ബ്രെമെര്‍ട്ടണ്‍ ഹൈസ്‌കൂളില്‍ കായിക അധ്യാപകനായി എത്തിയത്. ഫുട്‌ബോള്‍ കളികള്‍ അവസാനിക്കുമ്പോള്‍ പ്രാര്‍ത്ഥിക്കുന്നതില്‍ നിന്ന് സ്‌കൂള്‍ തന്നെ വിലക്കിയപ്പോള്‍ തന്റെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നും മതസ്വാതന്ത്ര്യവും വിശ്വാസപ്രഖ്യാപനവും തന്റെ മൗലികമായ അവകാശങ്ങളാണെന്നും കെന്നടി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.