തിരുവനന്തപുരം: ഗുജറാത്ത് മോഡല്‍ വികസനത്തെക്കുറിച്ച് പഠിക്കാനൊരുങ്ങി കേരള സര്‍ക്കാര്‍. വികസന പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച് വിശദമായി പഠിക്കാനായി ചീഫ് സെക്രട്ടറി വി.പി ജോയിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ഉച്ചയോടെ അഹമ്മദാബാദിലേക്ക് തിരിക്കും. നാളെ ഗുജറാത്തിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. വന്‍കിട പദ്ധതികളുടെ ഏകോപനത്തിന് ഗുജറാത്ത് നടപ്പാക്കിയ ഡാഷ് ബോര്‍ഡ് സംവിധാനം പഠിക്കാനാണ് യാത്രയെന്നാണ് ഔദ്യോഗിക വിശദീകരണം.
ഉദ്യോഗസ്ഥ പരിഷ്‌കരണം, വന്‍കിട പദ്ധതികളുടെ നടപ്പാക്കല്‍, ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കല്‍, വ്യക്തിഗത നിരീക്ഷണം തുടങ്ങിയവയ്ക്ക് ഉപകരിക്കുന്നതാണ് ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഡാഷ്ബോര്‍ഡ് സിസ്റ്റം. രാജ്യത്ത് തന്നെ വളരെയേറെ ശ്രദ്ധേയമായ പദ്ധതിയാണെന്ന അഭിനന്ദനം ഇത് നേടിയിട്ടുണ്ട്. പദ്ധതികളെ കുറിച്ചും ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനമികവും മറ്റ് കാര്യങ്ങളും മുഖ്യമന്ത്രിക്ക് നേരിട്ട് അദ്ദേഹത്തിന്റെ ഓഫീസിലോ വീട്ടിലോ ഇരുന്ന് പരിശോധിക്കാനാകുന്ന സംവിധാനമാണിത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള കൂടിക്കാഴ്ച്ചയിലാണ് ഡാഷ് ബോര്‍ഡിനെ കുറിച്ചുള്ള നിര്‍ദ്ദേശം ഉയര്‍ന്നത്. ഗുജറാത്തില്‍ നിന്ന് കേരളത്തിന് ഒന്നും മാതൃകയാക്കേണ്ടതില്ലെന്നും അവിടത്തെ വികസനം വെറും മാധ്യമ സൃഷ്ടിയാണെന്നുമാണ് എല്‍ ഡി എഫ് പറഞ്ഞിരുന്നത്. ഈ നിലപാടില്‍ നിന്നാണ് ഇപ്പോള്‍ അവര്‍ പിന്നോക്കം പോയിരിക്കുന്നത്. നേരത്തേ യു ഡി എഫ് മന്ത്രിസഭയില്‍ അംഗമായിരുന്ന ഷിബു ബേബിജോണ്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുമായി കൂട്ടിക്കാഴ്ച നടത്തിയതും വികസന കാര്യങ്ങളില്‍ ചര്‍ച്ച നടത്തിയും വന്‍ വിവാദത്തിന് ഇടയാക്കിയിരുന്നു.
അന്ന് ഈ വിഷയം വന്‍ ചര്‍ച്ചയാക്കിയത് പ്രതിപക്ഷത്തിരുന്ന എല്‍ ഡി എഫായിരുന്നു. ഗുജറാത്തിലെ നരേന്ദ്ര മോഡിയുടെ വികസന നയങ്ങള്‍ കേരളം മാതൃകയാക്കണമെന്ന് പറഞ്ഞതോടെയാണ് യുവ നേതാവായിരുന്ന എ പി അബ്ദുള്ളക്കുട്ടി സി പി എമ്മില്‍ നിന്ന് പുറത്തു പോകേണ്ടി വന്നത്. തുടര്‍ന്ന് കോണ്‍ഗ്രസില്‍ എത്തിയ അബ്ദുള്ളക്കുട്ടിക്ക് അവിടെ നിന്ന് പുറത്ത് പോകേണ്ടിവന്നതും മോഡി സ്തുതിയുടെ പേരില്‍ തന്നെയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.