ന്യൂഡൽഹി: ഇന്ധന നികുതിയിൽ മോഡിക്കെതിരേ വിമര്‍ശനവുമായി ബിജെപി ഇതര സംസ്ഥാനങ്ങള്‍ രംഗത്ത്. പെട്രോൾ, ഡീസൽ നികുതി കുറയ്ക്കാൻ സംസ്ഥാനങ്ങൾ തയ്യാറാകണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്താവനക്കെതിരേയാണ് പ്രതിപക്ഷം ഭരിക്കുന്ന കൂടുതൽ സംസ്ഥാനങ്ങൾ രംഗത്തെത്തിയത്.
പെട്രോളിയം ഉത്‌പന്നങ്ങൾക്ക് കേന്ദ്രം സെസ് പിരിക്കുന്നതു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിമാർതന്നെ കടുത്തഭാഷയിൽ വിമർശനമുയർത്തി. ജി.എസ്.ടി. കൗൺസിൽയോഗം അടുത്തമാസം നടക്കാനിരിക്കേ പ്രതിപക്ഷപ്രതിഷേധം യോഗത്തിൽ ഉയരും.
സംസ്ഥാനങ്ങളോടു നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്ന പ്രധാനമന്ത്രി ലജ്ജിക്കണം. സംസ്ഥാനങ്ങളോട് ആവശ്യപ്പെടുന്നതിനുപകരം കേന്ദ്രത്തിന് എന്തുകൊണ്ട് നികുതി കുറച്ചുകൂടാ? 2014 മുതൽ തെലങ്കാനയിൽ ഇന്ധനനികുതി കൂട്ടിയിട്ടില്ല. കേന്ദ്രം നികുതി കൂട്ടിയെന്നു മാത്രമല്ല സെസ് പിരിക്കുകയും ചെയ്യുന്നു എന്ന് തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു പറഞ്ഞു.
42 ശതമാനം എക്സൈസ് തീരുവ സംസ്ഥാനങ്ങൾക്കു നൽകിയെന്ന് പ്രധാനമന്ത്രി പറയുന്നു. എന്നാൽ, മുഴുവൻ തുക നൽകിയിട്ടില്ലെന്ന് കണക്കുകൾ തെളിയിക്കുന്നു. നാലു ശതമാനമാണ് കേന്ദ്രം പിരിക്കുന്ന സെസ്. കഴിഞ്ഞ രണ്ടുവർഷമായി സംസ്ഥാനങ്ങൾക്ക് അതിന്റെ വിഹിതം ലഭിക്കുന്നില്ലെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ വ്യക്തമാക്കി.
ഡീസലിന് കേന്ദ്ര വാറ്റ് ലിറ്ററിന് 24.38 രൂപയാണ്. സംസ്ഥാന വാറ്റ് 22.37 രൂപയും. പെട്രോളിന് ലിറ്ററിന് കേന്ദ്രനികുതി 31.58 രൂപയും സംസ്ഥാന നികുതി 32.55 രൂപയുമാണ്. സംസ്ഥാനം നികുതി ഈടാക്കുന്നതുകൊണ്ടാണ് ഇന്ധനവില കൂടുന്നതെന്ന കേന്ദ്രവാദം ശരിയല്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.
തെറ്റിദ്ധരിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രസ്താവന. കഴിഞ്ഞ മൂന്നുവർഷമായി പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരു രൂപവീതം ബംഗാളിൽ സബ്‌സിഡി നൽകുന്നു. കേന്ദ്രം 97,000 കോടി കുടിശിക നൽകാനുള്ളതിനെക്കുറിച്ച് പ്രധാനമന്ത്രി ഒന്നും പറഞ്ഞില്ല എന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി മോഡി സർക്കാരിനെ കുറ്റപ്പെടുത്തി.
കേന്ദ്രം നികുതി കുറയ്ക്കുന്നതിനു മുമ്പേ തമിഴ്‌നാട് പെട്രോളിന് മൂന്നുരൂപ വാറ്റുകുറച്ചു. ഇതുവഴി 1160 കോടി രൂപയാണ് വാർഷികനഷ്ടം. പെട്രോളിയം ഉത്‌പന്നങ്ങൾക്കുള്ള സെസും സർച്ചാർജും ഒഴിവാക്കാൻ കേന്ദ്രം തയ്യാറാവണം. അടിസ്ഥാനനികുതിയുമായി ബന്ധപ്പെടുത്തിയാൽ സംസ്ഥാനങ്ങൾക്കും അർഹമായ വിഹിതം ലഭിക്കുമെന്ന് തമിഴ്‌നാട് ധനമന്ത്രി പളനിവേൽ ത്യാഗരാജൻ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.