കൊട്ടാരക്കര: പ്രവാസി മലയാളില്‍ നിന്ന് 1.6 കോടി രൂപ തട്ടിയ കേസില്‍ നാഗാലന്‍ഡ് സ്വദേശി അറസ്റ്റില്‍. കൊഹിമ സ്വദേശി യാമ്പമോ ഒവുങ് (33) എന്നയാളെ ഡല്‍ഹിയില്‍ നിന്നാണ് കൊല്ലം റൂറല്‍ ജില്ലാ സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. കൊട്ടാരക്കരയ്ക്കടുത്ത് കുന്നിക്കോട് സ്വദേശിയാണ് തട്ടിപ്പിനിരയായത്.
ഫെയ്‌സ്ബുക്കിലൂടെയാണ് അമേരിക്കന്‍ വനിത എന്ന പേരില്‍ ഇയാളെ പ്രവാസി പരിചയപ്പെട്ടത്. ബിസിനസ് പങ്കാളി ആക്കാമെന്നും ലക്ഷങ്ങള്‍ വിലയുള്ള സമ്മാനം നല്‍കാമെന്നും ഇവര്‍ വാഗ്ദാനം ചെയ്തു. സമ്മാനം ലഭിക്കുന്നതിന് കസ്റ്റംസ് ഡ്യൂട്ടി ഇനത്തില്‍ പണം ആവശ്യപ്പെട്ടായിരുന്നു തുടക്കം. ഒന്നര വര്‍ഷത്തിനുള്ളില്‍ 1.6 കോടി രൂപ ഇത്തരത്തില്‍ തട്ടിയെടുക്കുകയായിരുന്നു. 47 വിവിധ ബാങ്ക് അക്കൗണ്ടുകള്‍ വഴി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ഡല്‍ഹിയിലും കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്.
പണം ആവശ്യപ്പെട്ടുള്ള ഭീഷണി വര്‍ധിച്ചതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ.ബി രവിയുടെ നിര്‍ദേശ പ്രകാരം സൈബര്‍ ക്രൈം പൊലീസ് കേസ് ഏറ്റെടുക്കുകയായിരുന്നു. ഡല്‍ഹി കിഷന്‍ഗഡില്‍ നിന്നാണ് പ്രധാന പ്രതിയായ യാമ്പമോ ഒവുങ്ങിനെ കൊല്ലം റൂറല്‍ സൈബര്‍ ക്രൈം പൊലീസ് ഇന്‍സ്പെക്ടര്‍ ഏലിയാസ് പി.ജോര്‍ജ്, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ സി.എസ്.ബിനു, സിവില്‍ പൊലീസ് ഓഫീസര്‍ ജി.കെ സജിത്ത് എന്നിവര്‍ അറസ്റ്റ് ചെയ്തത്.
ഡല്‍ഹി ഗുഡ്ഗാവ് ഐ.ടി പാര്‍ക്കില്‍ കസ്റ്റമര്‍ കെയര്‍ സര്‍വീസ് റെപ്രസെന്റേറ്റീവ് ആയി ജോലി നോക്കുകയായിരുന്നു ഇയാള്‍. പട്യാല മെട്രോ പൊളിറ്റന്‍ മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കിയ പ്രതിയെ കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്നതിലേക്ക് വാറന്റ് അനുവദിച്ചു. തിങ്കളാഴ്ച കൊല്ലം കോടതിയില്‍ ഹാജരാക്കും.
അമേരിക്കക്കാരി റോസ്‌മേരി എന്ന വ്യാജേനയാണ് പ്രവാസിയെ തട്ടിപ്പ് സംഘം വീഴ്ത്തിയത്. അമേരിക്കക്കാരി അയച്ച പിറന്നാള്‍ സമ്മാനമാണ് ഒടുക്കം 1.6 കോടി നഷ്ടമാക്കിയതും.
ഫെയ്‌സ്ബുക്കിലൂടെയാണ് കപ്പല്‍ ജീവനക്കാരിയും ബിസിനസുകാരിയുമായ റോസ്‌മേരിയെ മലയാളി പ്രവാസി പരിചയപ്പെട്ടത്. ചാറ്റിങ് സൗഹൃദം പിന്നീട് ഹൃദയബന്ധം വളര്‍ത്തി. അമേരിക്കവിട്ട് കേരളത്തിലെത്തി ബിസിനസ് ചെയ്യാമെന്നും ബിസിനസ് പങ്കാളിയാക്കാമെന്നും അമേരിക്കക്കാരി വാഗ്ദാനം നല്‍കി.
കപ്പലില്‍ ജോലിയായതിനാല്‍ ആറുമാസം കഴിഞ്ഞേ ഇനി കരയ്ക്കെത്തൂ എന്നും വന്നാലുടനെ കേരളത്തിലെത്തുമെന്നും ഉറപ്പു നല്‍കി. സൗഹൃദം വളരുന്നതിനിടെയാണ് നായകന്റെ പിറന്നാളെത്തുന്നത്. പിറന്നാളിന് വിലപിടിപ്പുള്ള സമ്മാനം നല്‍കുമെന്നും വേണ്ടെന്നു പറയരുതെന്നും നായികയുടെ അഭ്യര്‍ഥന. ഒടുവില്‍ വഴങ്ങി. പിറന്നാള്‍ ദിനത്തില്‍ത്തന്നെ ഡല്‍ഹി കസ്റ്റംസില്‍ നിന്ന് വിളിയെത്തി. വിലപിടിപ്പുള്ള സമ്മാനം എത്തിയിട്ടുണ്ടെന്നും കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കണമെന്നുമായിരന്നു അറിയിപ്പ്.
ഓരോ തവണ തുക അടയ്ക്കുമ്പോഴും കൂടുതല്‍ വിളികളെത്തി. പിന്നീട് ഭീഷണിയായതോടെ റോസ്‌മേരി ചതിച്ചെന്ന് നായകന് മനസിലാവുകയായിരുന്നു. കേസന്വേഷിച്ച സൈബര്‍ ക്രൈം പൊലീസ് റോസ്‌മേരിയെ തേടി കണ്ടെത്തിയപ്പോഴാണ് തട്ടിപ്പ് ചെറുതല്ലെന്ന് ബോധ്യമായി. റോസ്‌മേരിയെന്ന പേരില്‍ വ്യാജ ഫെയ്‌സ്ബുക്കുണ്ടാക്കി പ്രവാസിയെ വലയിലാക്കി പണം തട്ടിയത് ഡല്‍ഹി കേന്ദ്രീകരിച്ചുള്ള വന്‍ തട്ടിപ്പു സംഘമാണ്. 16 അക്കൗണ്ടിലേക്ക് 46 തവണയായാണ് പണം കൈമാറിയത്. എല്ലാം വിവിധ സംസ്ഥാനങ്ങളിലും വ്യത്യസ്ത ബാങ്കുകളിലുമായിട്ടാണ് കൈമാറ്റം നടന്നത്.
തട്ടിപ്പിനു പിന്നില്‍ വലിയ സംഘമാണെന്ന് കണ്ടെത്തിയ പൊലീസ് മറ്റുള്ളവരെ കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.