കോവിഡ് ഭീഷണി ഒഴിഞ്ഞു; പരോളില്‍ ഇറങ്ങിയവര്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ജയിലേക്ക് മടങ്ങണമെന്ന് സുപ്രീം കോടതി

കോവിഡ് ഭീഷണി ഒഴിഞ്ഞു; പരോളില്‍ ഇറങ്ങിയവര്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ജയിലേക്ക് മടങ്ങണമെന്ന്  സുപ്രീം കോടതി

ന്യൂഡല്‍ഹി: കോവിഡ് ഭീഷണി ഒഴിഞ്ഞതിനാല്‍ പരോളില്‍ ഇറങ്ങിയ തടവ് പുള്ളികള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തിരികെ ജയിലുകളിലേക്ക് മടങ്ങണമെന്ന് സുപ്രീം കോടതി വീണ്ടും നിര്‍ദേശിച്ചു.

കോവിഡ് കേസുകള്‍ വീണ്ടും കൂടുന്ന സാഹചര്യത്തില്‍ പരോള്‍ കാലാവധി നീട്ടണമെന്ന തടവ് പുള്ളികളുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. പ്രത്യേക സാഹചര്യത്തില്‍ അനുവദിച്ച പരോള്‍ അനന്തമായി നീട്ടി നല്‍കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ടി.പി കൊലക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ടി.കെ രജീഷ്, കെ.സി രാമചന്ദ്രന്‍ ഉള്‍പ്പെടെ വിവിധ കേസുകളില്‍ പത്ത് വര്‍ഷത്തിലധികം ശിക്ഷ അനുഭവിക്കുന്ന പ്രതികള്‍ അടക്കമുള്ളവര്‍ക്ക് സുപ്രീം കോടതി വിധിയെ തുടര്‍ന്ന് വീണ്ടും ജയിലിലേക്ക് മടങ്ങേണ്ടി വരും.

സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് തടവ് പുള്ളികള്‍ ഒരുമിച്ച് ജയിലിലേക്ക് മടങ്ങുന്നത് സ്ഥിതി സങ്കീര്‍ണമാക്കുമെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇക്കാര്യം കൈകാര്യം ചെയ്യാന്‍ ജയില്‍ അധികൃതര്‍ക്ക് അറിയാമെന്ന് കോടതി ചൂണ്ടിക്കാട്ടി.

പരോളില്‍ കഴിഞ്ഞ കാലാവധി ശിക്ഷയുടെ ഭാഗമായി പരിഗണിക്കണമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി. ചിദംബരേഷ് ആവശ്യപ്പെട്ടു. ഇക്കാര്യം പിന്നീട് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. പരോള്‍ നീട്ടി നല്‍കുന്നതിനെ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ പി.വി സുരേന്ദ്ര നാഥ്, സ്റ്റാന്റിംഗ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവര്‍ എതിര്‍ത്തു.

സംസ്ഥാനത്ത് എല്ലാ മേഖലകളിലും സ്ഥിതി സാധാരണ ഗതിയില്‍ ആയെന്നും ഇരുവരും കോടതിയെ അറിയിച്ചു. തടവ് പുള്ളികള്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകരായ സിദ്ധാര്‍ഥ് ലൂതറ, വി ചിദംബരേഷ്, നാഗമുത്തു, അഭിഭാഷകന്‍ ദീപക് പ്രകാശ്, സുബാഷ് ചന്ദ്രന്‍ എന്നിവര്‍ ഹാജരായി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.