അനുദിന വിശുദ്ധര്‍ - ഏപ്രില്‍ 30
പതിനാലാമത്തെ വയസില്‍ ഡൊമിനിക്കന്‍ സഭയില്‍ അംഗമായ ദരിദ്രനായ ഒരാട്ടിടയനായിരുന്നു മൈക്കിള്‍ ഗിസ്ലിയേരി. ചെറുപ്പത്തില്‍ തന്നെ അദ്ദേഹം സഭയുടെ നവോത്ഥാന സംരംഭങ്ങളില്‍ ഭാഗഭാക്കാകുകയും കൊമോ, ബെര്‍ഗാമോ, റോം തുടങ്ങിയ സ്ഥലങ്ങളില്‍ പല സുപ്രധാന പദവികള്‍ വഹിക്കുകയും ചെയ്തിട്ടുണ്ട്. 1556 ല്‍ മൈക്കിള്‍ സുട്രി, നേപ്പി എന്നീ രൂപതകളിലെ മെത്രാനായി അഭിഷിക്തനായി. പിന്നീട് യുദ്ധത്താല്‍ നാമാവശേഷമായ മൊണ്ടേവി രൂപതയുടേയും മെത്രാനായിരുന്നു.
അധികം താമസിയാതെ അദ്ദേഹത്തിന്റെ ആ രൂപത വളരെയേറെ അഭിവൃദ്ധി പ്രാപിച്ചു. അദ്ദേഹം മെത്രാനായിരിക്കുമ്പോള്‍ തന്നെ മാര്‍പാപ്പ നവീകരണത്തെകുറിച്ചുള്ള വിശുദ്ധന്റെ വീക്ഷണങ്ങള്‍ ആരാഞ്ഞിരുന്നു. തന്റെ അഭിപ്രായം പ്രകടിപ്പിക്കുന്ന കാര്യത്തില്‍ ആരെയും ഭയക്കാറില്ലയെന്നത് വിശുദ്ധന്റെ മറ്റൊരു സവിശേഷതയാണ്.
1565 ഡിസംബറിലാണ് പിയൂസ് നാലാമന്‍ പാപ്പാ കാലം ചെയ്തത്. പാപ്പയുടെ മരണത്തോടെ മൈക്കിള്‍ ഗിസ്ലിയേരി പീയൂസ് അഞ്ചാമന്‍ എന്ന സ്ഥാന പേര് സ്വീകരിച്ച് പത്രോസിന്റെ സിംഹാസനത്തില്‍ ഉപവിഷ്ട്ടനായി. അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടം ട്രെന്റ് കൗണ്‍സിലിന്റെ പുനരാരംഭവും വിജയകരമായ ഉപസംഹാരവുമായിരുന്നു.
പിയൂസ് നാലാമന്‍ പാപ്പായുടെ പിന്‍ഗാമിയായി ട്രെന്റ് കൗണ്‍സിലിന്റെ പ്രമാണങ്ങള്‍ നടപ്പിലാക്കേണ്ട ഉത്തരവാദിത്തം വന്ന് ചേര്‍ന്നത് ഡൊമിനിക്കന്‍ പ്രയോര്‍ ആയിരുന്ന മൈക്കിള്‍ ഗിസ്ലിയേരിയുടെ ചുമലിലായിരുന്നു. അന്തരിച്ച പാപ്പായുടെ അനന്തരവനായിരുന്ന വിശുദ്ധ ചാള്‍സ് ബൊറോമിയോയായിരുന്നു ഗിസ്ലിയേരിയെ തിരഞ്ഞെടുക്കുവാനുള്ള മുഖ്യ കാരണമായിരുന്നത്.
പാപ്പാ വസതിയില്‍ ലാളിത്യം കൊണ്ടു വരുന്നതില്‍ പീയൂസ് അഞ്ചാമന്‍ വിജയിച്ചു. തിരുസഭയുടെ തലവനായിരുന്നിട്ട് പോലും വിശുദ്ധന്‍ തന്റെ മുന്‍ഗാമികള്‍ ധരിച്ചിരുന്നത് പോലുള്ള വസ്ത്രം ധരിക്കാതെ ഡൊമിനിക്കന്‍ സന്യാസത്തിന്റെ പര്യായമായ വെള്ള വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. ഈ ഡൊമിനിക്കന്‍ സന്യാസിയായ പാപ്പാ തുടങ്ങിവെച്ച ആ വസ്ത്രധാരണ രീതിയാണ് ഇന്നും പാപ്പാമാര്‍ തുടര്‍ന്ന് പോകുന്നത്.
സന്യാസ സഭകളില്‍ ഒരു ക്രമപരമായ നവീകരണം വിശുദ്ധന്‍ നടപ്പിലാക്കി. കൂടാതെ നിരവധി സെമിനാരികള്‍ സ്ഥാപിക്കുകയും വിശുദ്ധ കുര്‍ബ്ബാനക്രമത്തിലും ആരാധനാ ക്രമത്തിലും നിരവധി മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു.
മാത്രമല്ല, ദിവ്യാരാധനകള്‍ക്ക് ഒരു ഏകീകൃത സ്വഭാവം കൈവരുത്തുകയും മത പ്രബോധന ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുകയും ബൈബിളിന്റെ ആധികാരികമായ ലാറ്റിന്‍ പരിഭാഷയിലുള്ള തെറ്റുകള്‍ തിരുത്തുവാനും അദ്ദേഹം മുന്‍കൈ എടുത്തു.
വിശുദ്ധന്‍ പാപ്പാ പദവിയിലിരിക്കുമ്പോഴാണ് തുര്‍ക്കികള്‍ ലെപാന്റോ യുദ്ധത്തില്‍ പരാജയപ്പെടുന്നത്. ഇത് വിശുദ്ധന്റെ പ്രാര്‍ത്ഥനകള്‍ വഴിയാണെന്ന് പറയപ്പെടുന്നു. 1572 ല്‍ തന്റെ 68-മത്തെ വയസില്‍ പിയൂസ് അഞ്ചാമന്‍ പാപ്പാ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു. 1712 ല്‍ ക്ലെമന്റ് പതിനൊന്നാമന്‍ പാപ്പാ പിയൂസ് അഞ്ചാമനെ വിശുദ്ധനായി പ്രഖ്യാപിച്ചു.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. അയിമോ
2. വെയില്‍സിലെ സിന്‍വെല്‍
3. കോര്‍ഡോവായിലെ അമാത്തോര്‍
4. ഫ്രാന്‍സിലെ ഡെസിഡെരാത്തൂസ്
5. അലക്‌സാണ്ട്രിയായിലെ അഫ്രോഡിസിയൂസ്.
'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.