തൃക്കാക്കര ലക്ഷ്യമിട്ട് അരവിന്ദ് കെജ്‌രിവാള്‍ കേരളത്തിലേക്ക്; കിഴക്കമ്പലത്ത് ട്വന്റി ട്വന്റി-ആംആദ്മി പാര്‍ട്ടി പൊതുസമ്മേളനം 15 ന്

തൃക്കാക്കര ലക്ഷ്യമിട്ട് അരവിന്ദ് കെജ്‌രിവാള്‍ കേരളത്തിലേക്ക്; കിഴക്കമ്പലത്ത് ട്വന്റി ട്വന്റി-ആംആദ്മി പാര്‍ട്ടി പൊതുസമ്മേളനം 15 ന്

കൊച്ചി: പ്രവര്‍ത്തനം വിപുലമാക്കുന്നതിന്റെ ഭാഗമായി ആംആദ്മി പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ ഈ മാസം പതിനഞ്ചിന് കേരളത്തിലെത്തും. തൃക്കാക്കര ഉപതെരഞ്ഞടുപ്പിന്റെ ഭാഗമായി കിഴക്കമ്പലത്ത് നടക്കുന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് അദേഹത്തിന്റെ വരവ്. ട്വന്റി-20 യാണ് പൊതുസമ്മേളനം സംഘടിപ്പിക്കുന്നത്.

അരലക്ഷം പ്രവര്‍ത്തകര്‍ ട്വന്റി-20 സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് ട്വന്റി-20 ചെയര്‍മാന്‍ സാബു ജേക്കബ് അവകാശപ്പെടുന്നത്. പൊതുസമ്മേളനത്തിനു ശേഷം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയില്‍ കെജ്‌രിവാള്‍ പ്രചാരണത്തിന് ഇറങ്ങിയേക്കുമെന്നും സൂചനയുണ്ട്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ട്വന്റി 20 യുടെ സ്ഥാനാര്‍ഥി ഡോ. ടെറി തോമസ് 13,897 വോട്ട് നേടിയിരുന്നു. പോള്‍ ചെയ്തതിന്റെ 10.18 ശതമാനം വരുമിത്. പഞ്ചാബിലെ വന്‍ വിജയത്തില്‍ എഎപി ദേശീയ നേതൃത്വം ആവേശത്തിലാണ്. അതിനാല്‍, തൃക്കാക്കരയില്‍ മത്സരിക്കാനുള്ള അവസരം ഉപേക്ഷിക്കാനിടയില്ല. വളരാന്‍ കിട്ടുന്ന അവസരം പാഴാക്കരുതെന്ന അഭിപ്രായം പാര്‍ട്ടിയിലുമുണ്ട്.

ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് സമയം പാഴക്കരുതെന്ന അഭിപ്രായമുള്ളവരും പാര്‍ട്ടിയിലുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പാര്‍ട്ടി നീങ്ങണമെന്നാണ് അവരുടെ അഭിപ്രായം. ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന മലയാളി വിന്‍സെന്റ് ഫിലിപ്പിനെ സ്ഥാനാര്‍ഥിയാക്കണമെന്ന കാമ്പയിനും ആം ആദ്മിയില്‍ നടക്കുന്നുണ്ട്.

പി.ടി തോമസിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന തൃക്കാക്കര നിയസഭാ മണ്ഡലത്തില്‍ ആം ആദ്മിയും കൂടി പോരിനിറങ്ങുന്നതോടെ പോരാട്ടം കനക്കുമെന്നാണ് വിലയിരുത്തല്‍. ഇരു മുന്നണികള്‍ക്കും കനത്ത വെല്ലുവിളി മണ്ഡലത്തില്‍ ഉയര്‍ത്താന്‍ സഖ്യത്തിന് കഴിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.