ഒഡേസയില്‍ മിസൈല്‍ ആക്രമണം; ആയുധ ശേഖരം നശിപ്പിച്ചെന്ന് റഷ്യ

ഒഡേസയില്‍ മിസൈല്‍ ആക്രമണം; ആയുധ ശേഖരം നശിപ്പിച്ചെന്ന് റഷ്യ

കീവ്: യുക്രൈനിലെ മരിയുപോള്‍ നഗരത്തിലെ സ്റ്റീല്‍ പ്ലാന്റില്‍ അഭയംപ്രാപിച്ച സ്ത്രീകളെയും കുട്ടികളെയും അവിടെനിന്ന് ഒഴിപ്പിക്കാനുള്ള ശ്രമം പുരോഗമിക്കുന്നതിനിടെ വീണ്ടും മിസൈല്‍ ആക്രമണം. ഉക്രെയ്‌ന്റെ തുറമുഖ നഗരമായ ഒഡേസയിലാണ് റഷ്യ മിസൈല്‍ ആക്രമണം നടത്തിയത്. സൈനീക എയര്‍ഫീല്‍ഡില്‍ പുതുതായി നിര്‍മിച്ച റണ്‍വേ മിസൈലാക്രമണത്തില്‍ തകര്‍ന്നെന്ന് യുക്രെയ്ന്‍ അധികൃതര്‍ പറഞ്ഞു.

ഒഡേസയില്‍ സൂക്ഷിച്ചിരുന്ന, ഉക്രെയ്‌ന് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും നല്‍കിയ ആയുധങ്ങളും യുദ്ധോപകരണങ്ങളും തകര്‍ത്തെന്ന് റഷ്യ അവകാശപ്പെട്ടു. ഉക്രെയ്‌ന്റെ രണ്ട് യുദ്ധ വിമാനങ്ങള്‍ വെടിവെച്ചിട്ടതായും റഷ്യന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു. റഷ്യ പിടിച്ചെടുത്ത തെക്കന്‍ മേഖലയായ ഖേര്‍സനില്‍ സ്‌കൂളിലും കിന്‍ഡര്‍ഗാര്‍ട്ടനിലും ശ്മശാനത്തിലും ഉക്രെയ്ന്‍ ഷെല്ലാക്രമണം നടത്തിയെന്നും ഒട്ടേറെ നാട്ടുകാര്‍ കൊല്ലപ്പെട്ടെന്നും റഷ്യ കുറ്റപ്പെടുത്തി.



ഇതിനിടെ റഷ്യയ്‌ക്കെതിരെ ചെറുത്തുനില്‍പ്പിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഎസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയും സംഘവും ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയെ സന്ദര്‍ശിച്ചു. അമേരിക്ക അടിയുറച്ച് ഉക്രെയ്‌നിനൊപ്പമുണ്ടെന്ന സന്ദേശം ലോകത്തിനു നല്‍കാനായിരുന്നു സന്ദര്‍ശനമെന്ന് കീവില്‍നിന്നു മടങ്ങിയ പെലോസി പറഞ്ഞു. ഉക്രെയ്‌ന് 1360 കോടി ഡോളറിന്റെ സൈനികസഹായം കൂടി ലഭ്യമാക്കാനുള്ള പുതിയ ബില്‍ തയാറായിക്കഴിഞ്ഞെന്നും അവര്‍ പറഞ്ഞു.

റഷ്യന്‍ അധിനിവേശം നടക്കുന്ന ഉക്രെയ്‌നില്‍ ഹോളിവുഡ് നടി ആഞ്ജലീന ജോളി സന്ദര്‍ശനം നടത്തി. ലിവിവില്‍ നടി സന്ദര്‍ശനം നടത്തുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. യുഎന്‍ അഭയാര്‍ഥി ഏജന്‍സിയുടെ പ്രത്യേക പ്രതിനിധിയാണ് ആഞ്ജലീന എത്തിയത്.



യുക്രെയ്‌നിലെ ക്യാമ്പുകളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരും കുട്ടികളുമായും ആഞ്ജലീന ജോളി സംസാരിച്ചു. അധിനിവേശങ്ങള്‍ കുട്ടികളിലുണ്ടാക്കുന്ന ആഘാതം എത്രത്തോളമാണെന്ന് തനിക്കറിയാമെന്നും അവര്‍ക്ക് പറയാനുള്ളതെല്ലാം ആരെങ്കിലും ക്ഷമയോടെ കേള്‍ക്കാന്‍ തയാറകണമെന്നും ആഞ്ജലീന ജോളി പറഞ്ഞു. കുട്ടികള്‍ക്കുമൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത ശേഷമാണ് നടി മടങ്ങിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.