തൃക്കാക്കരയില്‍ വോട്ടെടുപ്പ് മെയ് 31 ന്, വോട്ടെണ്ണല്‍ ജൂണ്‍ മൂന്നിന്; തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി മുന്നണികള്‍

തൃക്കാക്കരയില്‍ വോട്ടെടുപ്പ് മെയ് 31 ന്, വോട്ടെണ്ണല്‍ ജൂണ്‍ മൂന്നിന്; തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി മുന്നണികള്‍

ന്യൂഡല്‍ഹി: പി.ടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവു വന്ന തൃക്കാക്കര നിയോജകമണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് പ്രഖ്യാപനം നടത്തിയത്. മെയ് 31 നാണ് വോട്ടെടുപ്പ്. മെയ് നാലിന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും.

മെയ് പതിനൊന്ന് വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. 12 നാണ് പത്രികകളുടെ സൂക്ഷമ പരിശോധന. 16 വരെ പത്രിക പിന്‍വലിക്കാം. ജൂണ് മൂന്നിന് വോട്ടെണ്ണല്‍ നടക്കും. തൃക്കാക്കര കൂടാതെ ഒഡീഷയിലേയും ഉത്തരാഖണ്ഡിലേയും ഓരോ സീറ്റുകളിലും ഇതേ ദിവസം തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.

ഇരു മുന്നണികളും സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളുമായി മുന്നോട്ട് പോകുകയാണ്. യുഡിഎഫിന് വലിയ മേല്‍ക്കൈയുള്ള മണ്ഡലമാണ് തൃക്കാക്കര. മണ്ഡലം രൂപീകരിച്ചതിന് ശേഷം ഒരിക്കല്‍പ്പോലും യുഡിഎഫിനെ കൈവിട്ടിട്ടില്ലെന്നതാണ് മണ്ഡലത്തിലെ രാഷ്ട്രീയ ചിത്രം.

കഴിഞ്ഞ വര്‍ഷം എല്‍ഡിഎഫ് തരംഗം സംസ്ഥാനത്ത് ആഞ്ഞടിച്ചപ്പോഴും തൃക്കാക്കര യുഡിഎഫിനൊപ്പം ഉറച്ച് നിന്നു. കൊച്ചി നഗരസഭയിലെ 23 ഡിവിഷനുകളും ഒപ്പം തൃക്കാക്കര നഗരസഭയും അടങ്ങിയതാണ് മണ്ഡലം.

തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നണികള്‍ മുന്നോട്ട് പോകുകയാണ്. പി.ടി തോമസിന്റെ ഭാര്യ ഉമ തോമസ് സ്ഥാനാര്‍ഥിയായി രംഗത്തിറങ്ങാനുള്ള സാധ്യതയാണ് യുഡിഎഫ് ക്യാമ്പിലുള്ളത്.

ആംആദ്മി പാര്‍ട്ടിയും ട്വന്റി 20 യും ഒന്നിച്ച് മല്‍സരിക്കാന്‍ തീരുമാനിച്ചത് മുന്നണികള്‍ക്ക് ആശങ്ക പകരുന്നുണ്ട്. കഴിഞ്ഞ തവണ ഒറ്റയ്ക്ക് മല്‍സരിച്ച ട്വന്റി 20 യ്ക്ക് 10 ശതമാനത്തില്‍ അധികം വോട്ട് നേടാന്‍ സാധിച്ചിരുന്നു. ഇത്തവണ കൂടുതല്‍ വോട്ട് നേടാമെന്നാണ് ഇരു പാര്‍ട്ടികളുടെയും പ്രതീക്ഷ.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.