തൃക്കാക്കരയില്‍ ഉമ തോമസ്: ഹൈക്കമാന്റിന്റെ അംഗീകാരം; പ്രചാരണം ആരംഭിച്ച് കോണ്‍ഗ്രസ്

തൃക്കാക്കരയില്‍ ഉമ തോമസ്: ഹൈക്കമാന്റിന്റെ അംഗീകാരം; പ്രചാരണം ആരംഭിച്ച് കോണ്‍ഗ്രസ്

കൊച്ചി: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അന്തരിച്ച എംഎല്‍എ പി.ടി തോമസിന്റെ ഭാര്യ ഉമ തോമസ്. കെപിസിസി തീരുമാനം കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി അംഗീകരിച്ചു. തൃക്കാക്കരയില്‍ കോണ്‍ഗ്രസ് പ്രചാരണം ആരംഭിച്ചു. ഈ മാസം 31നാണ് തിരഞ്ഞെടുപ്പ്.

സ്ഥാനാര്‍ത്ഥിയായി തന്നെ പ്രഖ്യാപിച്ച കോണ്‍ഗ്രസ് ഹൈക്കമാന്റിന് നന്ദിയുണ്ടെന്ന് ഉമ തോമസ് പറഞ്ഞു. യുഡിഎഫ് നേതൃത്വത്തിനും നന്ദി. എതിരാളി ആരായാലും രാഷ്ട്രീയമായി നേരിടും. പി.ടി ഉയര്‍ത്തിപ്പിടിച്ച നിലപാടുകള്‍ പിന്തുടരുമെന്നും ഉമ തോമസ് വ്യക്തമാക്കി.

ഡൊമിനിക് പ്രസന്റെഷന്‍ തന്നെ ഒരിക്കലും തളളിക്കളയില്ല. അദ്ദേഹം പി.ടിയുടെ അടുത്ത സുഹൃത്താണ്. സില്‍വര്‍ ലൈനിനെതിരായ വിധിയെഴുത്താകും തൃക്കാക്കരയില്‍. 100 സീറ്റ് തികയ്ക്കും എന്ന എല്‍ഡിഎഫ് പ്രചരണം ഉമ തളളി. എല്‍ഡിഫിനെ 99ല്‍ തന്നെ നിര്‍ത്തുമെന്നും ഉമ പ്രതികരിച്ചു.

ഒറ്റക്കെട്ടായ തീരുമാനമാണെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പിടി തോമസിന് മണ്ഡലവുമായുള്ള വൈകാരിക ബന്ധം പരിഗണിച്ചുവെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടും.

സര്‍ക്കാരിനെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടും. കെ റെയില്‍ പ്രചാരണ വിഷയമാക്കും. വിനാശമല്ല മറിച്ച് വികസനമാണ് വേണ്ടതെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തുമെന്നും വിഡി സതീശന്‍ പറഞ്ഞു. അതേസമയം, ഒറ്റപ്പേരില്‍ ധാരണയായെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരനും വ്യക്തമാക്കി. പാര്‍ട്ടിയ്ക്ക് ഗുണകരമായ തീരുമാനം സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വിഡി സതീശന്‍, കെ സുധാകരന്‍, ഉമ്മന്‍ ചാണ്ടി, എംഎം ഹസന്‍, രമേശ് ചെന്നിത്തല എന്നിവര്‍ ഇന്ദിരാഭവനില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തീരുമാനമായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.