പുതിയ പാര്‍ട്ടി തുടങ്ങാനുറച്ച് പ്രശാന്ത് കിഷോര്‍; ബീഹാറില്‍ പ്രചാരണം തുടങ്ങി

 പുതിയ പാര്‍ട്ടി തുടങ്ങാനുറച്ച് പ്രശാന്ത് കിഷോര്‍; ബീഹാറില്‍ പ്രചാരണം തുടങ്ങി

ന്യൂഡല്‍ഹി: പുതിയ രാഷ്ട്രീയപ്പാര്‍ട്ടി തുടങ്ങിയേക്കുമെന്ന സൂചനയുമായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. കോണ്‍ഗ്രസില്‍ ചേരാനുള്ള ക്ഷണം നിരസിച്ചതിനുപിന്നാലെയാണ് നീക്കം. ബിഹാര്‍ കേന്ദ്രീകരിച്ച് രാഷ്ട്രീയതട്ടകമൊരുക്കാനാണ് ശ്രമം. സമൂഹത്തിലെ വിവിധ തുറകളില്‍ നിന്നുള്ളവരുടെ പ്രതികരണം തേടി 'ജന്‍ സുരാജ്' എന്ന പേരില്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞു.

യഥാര്‍ഥ യജമാനന്മാരായ ജനങ്ങളുടെ അടുത്തേക്ക് പോകാന്‍ സമയമായെന്ന് ട്വീറ്റും ചെയ്തു. ബിഹാറില്‍നിന്നാണ് തുടക്കമെന്നും ട്വീറ്റിലെ ടാഗ്ലൈനില്‍ പറയുന്നു. ബിഹാറിന്റെ ആവശ്യങ്ങള്‍ തിരിച്ചറിയാന്‍ ലക്ഷ്യമാക്കി നടത്തുന്ന 'ജന്‍ സുരാജ്' പ്രചാരണം വഴി ജനകീയാവശ്യങ്ങളിലേക്ക് നേരിട്ടെത്താനാണ് പ്രശാന്ത് കിഷോര്‍ ശ്രമിക്കുന്നത്. ഇതിനായി സാമൂഹിക പ്രവര്‍ത്തകര്‍, സംരംഭകര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ നിന്നുള്ള നൂറോളം പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്.

വരും ദിവസങ്ങളില്‍ ഇവരെയെല്ലാം പ്രശാന്ത് നേരില്‍ക്കാണും. പുറമേ സംസ്ഥാന രാഷ്ട്രീയ രംഗത്തുള്ള ചില നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. നേരത്തേ പ്രശാന്ത് ജെ.ഡി.(യു)യില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ 'ജന്‍ സുരാജ്' പ്രചാരണത്തിലൂടെ ബിഹാറില്‍ അധികാരത്തിലുള്ള എന്‍.ഡി.എ മുന്നണിക്കെതിരേ ഭരണ വിരുദ്ധ വോട്ടുകള്‍ ഒന്നിപ്പിക്കാനാകും അദ്ദേഹത്തിന്റെ ശ്രമം.

നിയമസഭാ തിരഞ്ഞെടുപ്പിന് മൂന്നു വര്‍ഷം ശേഷിക്കുന്നതിനാല്‍ സമയമെടുത്ത് കളം ഉറപ്പിക്കാനാകും രാഷ്ട്രീയതന്ത്ര വിദഗ്ധനായ പ്രശാന്തിന്റെ നീക്കമെന്നാണ് വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.