കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത് വന്‍ വിജയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പി.ടി തോമസ് മരിച്ചതിന്റെ സഹതാപവോട്ടല്ല ഉദ്ദേശമെന്നും വോട്ടര്‍മാരുടെ ഹൃദയം കീഴടക്കാന്‍ കഴിവുള്ള സ്ഥാനാര്‍ഥിയാണ് ഉമ തോമസ് എന്നും അദ്ദേഹം പ്രതികരിച്ചു.
യുഡിഎഫിന് വേരുകളുള്ള മണ്ഡലമാണ് തൃക്കാക്കര. നേരത്തെ തന്നെ മണ്ഡലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പ്രാദേശിക എതിര്‍പ്പുകളെ അവഗണിക്കുന്നു. അവരെ നിര്‍ത്തേണ്ടിടത്ത് നിര്‍ത്താന്‍ അറിയാം. യുഡിഎഫ് ഒരു ജനാധിപത്യ പാര്‍ട്ടിയായതിനാല്‍ അഭിപ്രായവ്യത്യാസങ്ങള്‍ പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണ്. തുടക്കത്തിലുള്ള അസ്വാരസ്യങ്ങള്‍ സംസാരിച്ച് പരിഹരിക്കുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.
വികസനമാണ് തൃക്കാക്കരയില്‍ ചര്‍ച്ചയാവുക. വികസനം വേണം, വിനാശം വേണ്ടെന്നാണ് യുഡിഎഫ് നിലപാട്. സില്‍വര്‍ലൈന്‍ കേരളത്തിന് വിനാശകരമായ പദ്ധതിയാണ്. അത് കേരളത്തെ പാരിസ്ഥിതികമായി തകര്‍ക്കും. ഇത് ജനങ്ങളെ ബോധ്യപ്പെടുത്തും. വികസനത്തെ കുറിച്ച് സിപിഎം യുഡിഎഫിനോട് പറഞ്ഞുതരേണ്ട കാര്യമില്ല. എറണാകുളത്ത് യുഡിഎഫ് സര്‍ക്കാര്‍ പലഘട്ടങ്ങളിലായി നടപ്പിലാക്കിയ നെടുമ്പാശേരി വിമാനത്താവളം, ഗെയില്‍ പൈപ്പിടല്‍, ഗോശ്രീ പദ്ധതി, കലൂര്‍ സ്റ്റേഡിയം തുടങ്ങിയ പദ്ധതികള്‍ക്കെതിരേ ഒരുകാലത്ത് ശക്തമായി ശബ്ദമുയര്‍ത്തിയ ആളുകള്‍ ഇപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭാഗമായിട്ടുണ്ട്.
യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവെച്ചിരുന്ന പല പദ്ധതികളും പൂര്‍ത്തിയാക്കാന്‍ പോലും എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.