കോവിഡ് മരണക്കണക്ക്: ലോകാരോഗ്യ സംഘടനയ്ക്കെതിരെ വിമര്‍ശനവുമായി ഇന്ത്യ

കോവിഡ് മരണക്കണക്ക്: ലോകാരോഗ്യ സംഘടനയ്ക്കെതിരെ വിമര്‍ശനവുമായി ഇന്ത്യ

ന്യുഡല്‍ഹി: രാജ്യത്ത് കോവിഡ് മരണങ്ങള്‍ രേഖപ്പെടുത്തിയതിനേക്കാള്‍ ഒന്‍പത് ഇരട്ടിയില്‍ കൂടുതലെന്ന ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടിനെതിരെ കടുത്ത വിമര്‍ശനവുമായി ഇന്ത്യ. മിക്ക രാജ്യങ്ങളിലും കോവിഡ് മരണങ്ങള്‍ ശരിയായി രേഖപ്പെടുത്തപ്പെടുത്തിയില്ലെന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ വിമര്‍ശനം. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ ശരിയല്ലെന്നും ലോകാരോഗ്യ സംഘടന കോവിഡ് മരണം കണക്കാക്കിയ രീതി ശാസ്ത്രീയമല്ലെന്നും കേന്ദ്രം തിരിച്ചടിച്ചു.

ഇന്ത്യയുടെ പ്രതിഷേധം കണക്കിലെടുക്കാതെയാണ് കണക്കുകള്‍ പുറത്തുവിട്ടത്. കോവിഡ് മരണങ്ങള്‍ കണ്ടെത്താന്‍ ലോകാരോഗ്യ സംഘടന അവലംബിച്ച രീതി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണെന്നും കേന്ദ്രം വ്യക്തമാക്കി. ഇന്ത്യയില്‍ കോവിഡ് മരണങ്ങള്‍ കണക്കില്‍ ഉള്‍പ്പെടുത്തപ്പെട്ടില്ലെന്ന ലോകാരോഗ്യ സംഘടനയുടെ വാദം കേന്ദ്ര സര്‍ക്കാര്‍ നേരത്തേ തള്ളിയിരുന്നു. ഇന്ത്യയിലെ യഥാര്‍ത്ഥ കോവിഡ് മരണം 47 ലക്ഷമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഔദ്യോഗിക കണക്കില്‍ ഉള്ളതിന്റെ ഒന്‍പത് ഇരട്ടിയില്‍ കൂടുതലാണിത്.

ലോകത്തെ കോവിഡ് മരണങ്ങളുടെ മൂന്നിലൊന്ന് ഭാഗത്തോളം ഇന്ത്യയിലാണെന്നും ലോകാരോഗ്യ സംഘടന പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പറയുന്നു. കോവിഡ് ബാധിച്ച് 2020 ജനുവരി മുതല്‍ 2021 ഡിസംബര്‍ വരെ നടന്ന മരണങ്ങളാണ് ലോകാരോഗ്യ സംഘടന പുനരവലോകനം നടത്തിയത്. കോവിഡ് കാലത്തെ ആകെ മരണങ്ങളെ അതിന് മുന്‍പുള്ള കാലത്തെ മരണ നിരക്കുമായി താരതമ്യം ചെയ്താണ് വിദഗ്ധ സംഘം പുതിയ കണക്ക് തയാറാക്കിയത്. ലോകത്തെ യഥാര്‍ത്ഥ കോവിഡ് മരണസംഖ്യ ഒന്നരക്കോടി വരുമെന്ന് റിപ്പോര്‍ട്ടിലുണ്ട്.

നേരത്തെ രേഖപ്പെടുത്തിയതിന്റെ മൂന്നിരട്ടി വരും ഇത്. ഇതുവരെ 54 ലക്ഷം മരണങ്ങള്‍ മാത്രമാണ് ലോക രാജ്യങ്ങളുടെ കണക്കിലുള്ളത്. മിക്ക രാജ്യങ്ങളിലും യഥാര്‍ത്ഥ മരണസംഖ്യ രേഖപ്പെടുത്തിയിട്ടില്ല. ഈജിപ്തില്‍ യഥാര്‍ത്ഥ മരണസംഖ്യ രേഖപ്പെടുത്തിയതിന്റെ 11 ഇരട്ടിയാണ്. അമേരിക്കയും റഷ്യയും അടക്കമുള്ള രാജ്യങ്ങളിലും ഔദ്യോഗിക കണക്കുകള്‍ കൃത്യമല്ല. രാജ്യങ്ങളില്‍ മികച്ച വിവര ശേഖരണ സംവിധാനം വേണമെന്നാണ് ഇത് തെളിയിക്കുന്നത്.

മറ്റൊരു ആരോഗ്യ പ്രതിസന്ധി ഉണ്ടാകുമ്പോള്‍ നന്നായി തയാറെടുക്കണമെങ്കില്‍ യഥാര്‍ത്ഥ കോവിഡ് മരണ കണക്കുകള്‍ അംഗീകരിക്കപ്പെടണമെന്നും ലോകാരോഗ്യ സംഘടനയിലെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. ഗുരുതരമായ യാഥാര്‍ത്ഥ്യമാണ് കണക്കുകളില്‍ പ്രകടമാകുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്‌റോസ് അദാനോം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.