യുവജനങ്ങളുടെ വിശ്വാസ രൂപീകരണത്തിന് ആഹ്വാനവുമായി മാര്‍പാപ്പയുടെ മേയ് മാസത്തിലെ പ്രാര്‍ത്ഥനാ നിയോഗം

യുവജനങ്ങളുടെ വിശ്വാസ രൂപീകരണത്തിന് ആഹ്വാനവുമായി മാര്‍പാപ്പയുടെ മേയ് മാസത്തിലെ പ്രാര്‍ത്ഥനാ നിയോഗം

വത്തിക്കാന്‍ സിറ്റി: ദൈവ വിളിയോട് ധൈര്യപൂര്‍വം പ്രതികരിക്കാന്‍ യുവജനങ്ങളെ പ്രാപ്തരാക്കാന്‍ പ്രാര്‍ഥിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ. മേയ് മാസത്തിലെ പ്രാര്‍ത്ഥനാ നിയോഗത്തിലൂടെയാണ് കത്തോലിക്ക വിശ്വാസികളോട് പാപ്പ യുവജനങ്ങളുടെ വിശ്വാസ രൂപീകരണത്തിനായി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്തത്. പാപ്പായുടെ ആഗോള പ്രാര്‍ത്ഥനാ ശൃംഖല പുറത്തിറക്കിയ പ്രാര്‍ത്ഥനാ നിയോഗ സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം വ്യക്തമാക്കിയത്.

മേയ് മാസം സഭയ്ക്ക് മരിയന്‍ വണക്കത്തിന്റെ മാസമാണ്. ജൂണ്‍ അവസാനം നടക്കുന്ന കുടുംബങ്ങളുടെ ലോക സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കവേയാണ്, യുവജനങ്ങള്‍ക്കു വേണ്ടിയും വിശുദ്ധിയിലേക്കുള്ള ദൈവ വിളിയോടുള്ള അവരുടെ പ്രതികരണത്തിനും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചത്.

ക്രിസ്തീയ കുടുംബ ജീവിതത്തിന്റെ ഉത്തമ മാതൃകയാണ് പരിശുദ്ധ കന്യകാമറിയം എന്ന് പാപ്പ ചൂണ്ടിക്കാട്ടി.

'യുവാക്കള്‍ക്ക് പെട്ടെന്ന് മനസിലാക്കാന്‍ കഴിയുന്ന ഒരു മാതൃകയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ പരിശുദ്ധ കന്യകാമറിയത്തെയാണ് എപ്പോഴും ഓര്‍മ്മയില്‍ വരുന്നത്. അമ്മയുടെ ധൈര്യം, ദൈവ വിളിയോട് എങ്ങനെ പ്രതികരിക്കണമെന്ന രീതി, സേവനത്തോടുള്ള സമര്‍പ്പണം... ഇതൊക്കെ മാതൃകയാക്കി പിന്തുടരാം.

മേരിയുടെ ധീരതയെയും കര്‍ത്താവിനോട് 'അതെ' എന്ന് ദൃഢനിശ്ചയത്തോടെ പറയാനുള്ള ആര്‍ജവത്തെയും മാര്‍പാപ്പ ചൂണ്ടിക്കാട്ടി. ലോകത്തെ നന്മയിലേക്കു നയിക്കാനുള്ള മറിയത്തിന്റെ ആര്‍ജവത്തെ അനുകരിക്കാന്‍ യുവ കത്തോലിക്ക വിശ്വാസികളോട് പാപ്പ ആഹ്വാനം ചെയ്തു.



മെച്ചപ്പെട്ട ഒരു ലോകം കെട്ടിപ്പടുക്കാന്‍ യുവാക്കള്‍ അപകടസാധ്യതകള്‍ ഏറ്റെടുക്കണം. മറിയത്തെ അനുഗമിക്കണമെങ്കില്‍ യേശു നിങ്ങളില്‍നിന്ന് എന്താണ് ആഗ്രഹിക്കുന്നതെന്ന് വിവേചന ബുദ്ധിയോടെ കണ്ടെത്താന്‍ കഴിയണം. അല്ലാതെ നിങ്ങള്‍ക്കതിനു കഴിയില്ല-പാപ്പാ പറഞ്ഞു.

നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവഹിതം വിവേചിച്ചറിയാനുള്ള ശ്രമത്തില്‍ വയോധികര്‍ക്ക് അതിലേക്കു വെളിച്ചം വീശാന്‍ കഴിയുന്ന ജ്ഞാനത്തിന്റെ ഉറവിടമാകാന്‍ കഴിയുമെന്ന് പാപ്പ പറഞ്ഞു.

പ്രായമായവരുടെ വാക്കുകളിലൂടെ ഈ നിമിഷത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്ന ഒരു ജ്ഞാനത്തെ നിങ്ങള്‍ക്കു കണ്ടെത്താനാകും.

യുവജനങ്ങള്‍ വിശുദ്ധിയിലൂടെ കടന്നുപോകുമ്പോള്‍ എല്ലാവരും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് പാപ്പ ഓര്‍മിപ്പിച്ചു.

'സഹോദരന്മാരേ, പരിശുദ്ധ കന്യകാമറിയത്തെപ്പോലെ ദൈവത്തിലുള്ള പരിപൂര്‍ണമായ വിശ്വാസവും വിവേചനബുദ്ധിയും സമര്‍പ്പണബോധവുമുള്ള യുവജനങ്ങള്‍ക്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം' - പാപ്പാ പറഞ്ഞു.

ദി കാസ്റ്ററി ഫോര്‍ ലെയ്റ്റി, ഫാമിലി, ലൈഫ് എന്നിവയുമായി സഹകരിച്ചാണ് മേയ് മാസത്തെ പ്രാര്‍ത്ഥനാ നിയോഗം തയ്യാറാക്കിയതെന്ന് വീഡിയോയ്ക്കൊപ്പം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.

മാർപാപ്പയുടെ ഈ വർഷത്തെ ഇതുവരെയുള്ള മാസങ്ങളിലെ പ്രാർത്ഥനാ നിയോഗങ്ങൾ - ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.