ഐഎഎസ് ഉദ്യോഗസ്ഥയില്‍ നിന്നും പിടിച്ചെടുത്തത് ഇരുപത് കോടിയോളം; പിന്നില്‍ വന്‍ അഴിമതി, രാഷ്ട്രീയ പ്രമുഖര്‍ക്കും പങ്ക്

ഐഎഎസ് ഉദ്യോഗസ്ഥയില്‍ നിന്നും പിടിച്ചെടുത്തത് ഇരുപത് കോടിയോളം; പിന്നില്‍ വന്‍ അഴിമതി, രാഷ്ട്രീയ പ്രമുഖര്‍ക്കും പങ്ക്

റാഞ്ചി: ജാര്‍ഖണ്ഡ് മൈനിംങ് സെക്രട്ടറി പൂജ സിംഗാളിന്റെയും സഹായികളുടെയും വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് 20 കോടിയോളം രൂപ. എം.ജി.എന്‍.ആര്‍.ഇ.ജി.എ (മഹാത്മാഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയിമെന്റ് ആക്ട് ) പദ്ധതിയുടെ അഴിമതി കേസുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് പണം കണ്ടെടുത്തത്.

വെള്ളിയാഴ്ച രാവിലെ മുതല്‍ ആരംഭിച്ച റെയ്ഡിന്റെ ഭാഗമായി പൂജ സിംഗാളിന്റെ വസതിയിലും ഔദ്യോഗിക സ്ഥലങ്ങളിലും ചില വ്യക്തികളെ കേന്ദ്രീകരിച്ചും ഇഡി പരിശോധന നടത്തിയിരുന്നു. 19.31 കോടി പിടിച്ചെടുത്തതില്‍ 17 കോടിയും പൂജയുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സുമന്‍ കുമാറിന്റെ പക്കല്‍ നിന്നാണ് കണ്ടെടുത്തത്. ഈ പണം എണ്ണുന്നതിനായി മൂന്ന് നോട്ടെണ്ണല്‍ യന്ത്രങ്ങള്‍ ഉപയോഗിച്ചതായാണ് വിവരം.

നേരത്തെ കുന്തിയിലെ സെക്ഷന്‍ ഓഫീസറും ജൂനിയര്‍ എഞ്ചിനീയറുമായ രാം ബിനോദ് പ്രസാദ് സിന്‍ഹയെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. 16 എഫ്.ഐ.ആറുകള്‍ ജാര്‍ഖണ്ഡ് വിജിലന്‍സ് ബ്യൂറോ ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തതിരുന്നതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. സിന്‍ഹയെ ചോദ്യം ചെയ്തപ്പോഴാണ് പൂജ സിംഗാളിലേയ്ക്ക് അന്വേഷണം നീങ്ങിയത്. പൂജ ഉള്‍പ്പടെയുള്ളവരുടെ പേര് ഇയാള്‍ വെളിപ്പെടുത്തുകയായിരുന്നു.

സംസ്ഥാനത്ത് നടക്കുന്ന അനധികൃത ഖനനങ്ങളുമായി രാഷ്ട്രീയക്കാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന നിരവധി രേഖകള്‍ പിടിച്ചെടുത്തതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.