ഇടതു സ്ഥാനാര്‍ത്ഥിക്കായി പ്രചാരണത്തിനിറങ്ങി ഡിസിസി സെക്രട്ടറി; മുരളീധരന്റെ മനംമാറ്റത്തില്‍ കോണ്‍ഗ്രസ് ക്യാമ്പില്‍ ആശങ്ക

ഇടതു സ്ഥാനാര്‍ത്ഥിക്കായി പ്രചാരണത്തിനിറങ്ങി ഡിസിസി സെക്രട്ടറി; മുരളീധരന്റെ മനംമാറ്റത്തില്‍ കോണ്‍ഗ്രസ് ക്യാമ്പില്‍ ആശങ്ക

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി ഡിസിസി സെക്രട്ടറി പ്രചാരണത്തിന് ഇറങ്ങിയതിന്റെ ഞെട്ടലില്‍ കോണ്‍ഗ്രസ് നേതൃത്വം. ഡിസിസി സെക്രട്ടറിയും മുന്‍ നഗരസഭ കൗണ്‍സിലറുമായ എം.ബി മുരളീധരനാണ് ജോ ജോസഫിനായി രംഗത്തിറങ്ങിയത്.

വെണ്ണല സ്വദേശിയായ മുരളീധരന് പ്രാദേശികമായുള്ള ബന്ധങ്ങള്‍ ഉമ തോമസിന് തിരിച്ചടിയായേക്കുമെന്ന ആശങ്ക യുഡിഎഫ് ക്യാമ്പിലുണ്ട്. വെണ്ണല മഹാദേവ ക്ഷേത്രത്തില്‍ വോട്ട് അഭ്യര്‍ത്ഥിച്ചെത്തിയ ജോ ജോസഫിനൊപ്പമാണ് ശനിയാഴ്ച്ച മുരളീധരന്‍ പ്രചാരണത്തിന് ഇറങ്ങിയത്.

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ആരും ശത്രുക്കളല്ലെന്നും ജോ ജോസഫ് തന്റെ സുഹൃത്താണെന്നും ആയിരുന്നു മുരളീധരന്റെ മറുപടി. ഉമ തോമസിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ തൃക്കാക്കരയില്‍ പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും അനിഷ്ടമുണ്ട്. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച വേളയില്‍ മുരളീധരന്‍ തന്റെ അഭിപ്രായം തുറന്നു പറയുകയും ചെയ്തിരുന്നു.

സജീവ പ്രവര്‍ത്തകര്‍ക്കാണ് അവസരം നല്‍കേണ്ടതെന്നും പി.ടി തോമസിനോടുള്ള സ്‌നേഹം കാണിക്കേണ്ടത് ഭാര്യയെ സ്ഥാനാര്‍ത്ഥിയാക്കിയിട്ടല്ലെന്നും അന്ന് മുരളീധരന്‍ പറഞ്ഞിരുന്നത്. മുരളീധരന്‍ എല്‍ഡിഎഫ് ക്യാമ്പിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ് സ്ഥാനാര്‍ത്ഥിക്കൊപ്പം കണ്ടതെന്നാണ് യുഡിഎഫ് കണക്കുകൂട്ടല്‍. വെണ്ണലയില്‍ ദീര്‍ഘകാലം കൗണ്‍സിലറായിരുന്ന മുരളീധരന്റെ സാന്നിധ്യം ഗുണമാകുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.