കടയില്‍ നിന്ന് വാങ്ങിയ മീന്‍ കഴിച്ച് ഒരു കുടുംബത്തിലെ മൂന്നു പേര്‍ ആശുപത്രിയില്‍; നാട്ടുകാര്‍ കട പൂട്ടിച്ചു

കടയില്‍ നിന്ന് വാങ്ങിയ മീന്‍ കഴിച്ച് ഒരു കുടുംബത്തിലെ മൂന്നു പേര്‍ ആശുപത്രിയില്‍; നാട്ടുകാര്‍ കട പൂട്ടിച്ചു

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷ വകുപ്പ് ഹോട്ടലുകളിലും കടകളിലും പരിശോധന തുടരുന്നതിനിടെ സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യ വിഷബാധ. തിരുവനന്തപുരം കല്ലറയിലാണ് ഒരു കുടുംബത്തിലെ മൂന്നു പേര്‍ക്ക് വിഷബാധയേറ്റത്. ചന്തയില്‍ നിന്ന് വാങ്ങിയ മീന്‍ കഴിച്ചവര്‍ക്കാണ് അസ്വസ്ഥത ഉണ്ടായത്. പഴയ ചന്തയില്‍ നിന്നാണ് ഇവര്‍ മീന്‍ വാങ്ങിയത്.

ആരോഗ്യവിഭാഗത്തെ വിവരം അറിയിച്ചിട്ടും സ്ഥലത്തെത്തിയില്ലെന്നു പരാതിയുണ്ട്. മീന്‍ കഴിച്ചു വിഷ ബാധയേറ്റ മറ്റൊരാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് പഴയ ചന്തയിലെത്തി പരിശോധന നടത്തി. ആരോഗ്യ വകുപ്പില്‍നിന്നു പ്രതികരണം ലഭിക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ കലക്ടറെയും വിവരമറിയിച്ചിരുന്നു. കട നാട്ടുകാരെത്തി അടച്ചു പൂട്ടിച്ചു.

അതേസമയം, സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധന ഇന്നും തുടരും. ആറ് ദിവസത്തിനിടെ 1132 ഇടങ്ങളില്‍ പരിശോധന നടത്തി. ഇതുവരെ 142 കടകളാണ് പൂട്ടിച്ചത്. ഇന്നലെ 349 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതില്‍ 32 എണ്ണം പൂട്ടിച്ചു.

ബാര്‍ ഹോട്ടലുകളിലേക്കും സ്റ്റാര്‍ ഹോട്ടലുകളിലേക്കും പരിശോധന വ്യാപിപ്പിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായാണ് പരിശോധന നടത്തുന്നത്. ഭക്ഷ്യ വസ്തുക്കള്‍, ലൈസന്‍സ്, രജിസ്ട്രേഷന്‍ എന്നിവയാണ് പരിശോധിക്കുന്നത്.

മീനിലെയും ശര്‍ക്കരയിലെയും മായം കണ്ടെത്താനുള്ള പരിശോധനയും പുരോഗമിക്കുകയാണ്. രണ്ടാഴ്ചക്കിടെ 6035 കിലോഗ്രാം പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം നശിപ്പിച്ചു. 4010 പരിശോധനകളില്‍ 2014 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.