'വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ പോയതിന് പിഴ അടയ്ക്കില്ല; ജയിലില്‍ പോകാന്‍ തയ്യാറാണ്': ഉറച്ച തീരുമാനവുമായി ഐറിഷ് ദമ്പതികള്‍

 'വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ പോയതിന് പിഴ അടയ്ക്കില്ല; ജയിലില്‍ പോകാന്‍ തയ്യാറാണ്': ഉറച്ച തീരുമാനവുമായി ഐറിഷ് ദമ്പതികള്‍

ഡബ്ലിന്‍: കോവിഡ് ലോക്ഡൗണ്‍ കാലത്ത് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ 70 കിലോമീറ്റര്‍ യാത്ര ചെയ്തതിന്റെ പേരില്‍ ജയിലില്‍ പോകാനുള്ള ഉറച്ച തീരുമാനത്തില്‍ വൃദ്ധ ദമ്പതികള്‍.

യൂറോപ്യന്‍ രാജ്യമായ അയര്‍ലന്‍ഡിലാണ് സംഭവം. 2021 ലെ ഓശാന ഞായര്‍ ദിവസത്തെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ പോയതിനാണ് 64 കാരനായ റിട്ടയേഡ് ഫയര്‍ ബ്രിഗേഡ് അംഗം ജിം റയാനും ഭാര്യ 59 കാരിയായ അന്നയ്ക്കും കാവന്‍ ജില്ലാ കോടതി ശിക്ഷ വിധിച്ചത്.

കോവിഡ് മഹാമാരിയുടെ ഭാഗമായി ലോക്ഡൗണ്‍ നിലവിലിരുന്ന സാഹചര്യമായിരുന്നതിനാല്‍ ഓശാന ഞായര്‍ ദിവസം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിന് ഇവര്‍ക്ക് 70 കിലോമീറ്റര്‍ യാത്ര ചെയ്യേണ്ടി വന്നിരുന്നു. എന്നാല്‍ അഞ്ചു കിലോമീറ്റര്‍ മാത്രമായിരുന്നു സര്‍ക്കാര്‍ നിശ്ചയിച്ചിരുന്ന യാത്രാ പരിധി.

ഈ മാസം ആദ്യത്തിലാണ് ജിമ്മും അന്നയും അയര്‍ലന്‍ഡിലെ കാവന്‍ ജില്ലാ കോടതി മുമ്പാകെ ഹാജരായത്. ഇരുവര്‍ക്കുമായി കോടതി 300 യൂറോ പിഴയോ, പിഴ അടക്കാത്ത പക്ഷം ജയില്‍ ശിക്ഷയോ വിധിക്കുകയായിരുന്നു. വിധി പുറത്തുവന്ന ഉടന്‍ തന്നെ അപ്പീല്‍ സമര്‍പ്പിച്ചിരിക്കുകയാണ് ജിം.

വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ പോയതിനു തങ്ങള്‍ പിഴ അടയ്ക്കില്ലെന്നും വേണ്ടി വന്നാല്‍ ജയില്‍ ശിക്ഷ അനുഭവിക്കുവാന്‍ തയ്യാറാണെന്നുമാണ് ജിം-അന്ന ദമ്പതികള്‍ പറയുന്നത്. 'പിഴ അടക്കുന്നതിന് പകരം ജയിലില്‍ പോകാന്‍ ഞാന്‍ തയ്യാറാണ്. അതില്‍ ഒരു സംശയവുമില്ല'- ഐറിഷ് പത്രമായ സണ്ടേ വേള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ ജിം പറഞ്ഞു.

തങ്ങള്‍ ക്രൈസ്തവ വിശ്വാസത്തിന്റെ ശക്തമായ അടിത്തറയുള്ള നല്ല കുടുംബങ്ങളില്‍ ജനിച്ചു വളര്‍ന്നവരാണെന്നും ഈ കോടതി വിധിയുടെ പേരില്‍ പ്ലക്കാര്‍ഡും മുദ്രവാക്യവുമായി തെരുവില്‍ ഇറങ്ങുവാനൊന്നും തങ്ങള്‍ക്ക് യാതൊരു പദ്ധതിയുമില്ലെന്നുമാണ് അന്നയുടെ പ്രതികരണം.

ജിം-അന്ന ദമ്പതികളുടെ ശക്തമായ ഈ നിലപാട് വിശ്വാസികള്‍ക്കിടയില്‍ ശക്തമായ പിന്തുണ നേടിക്കഴിഞ്ഞു. തങ്ങളുടെ വിശ്വാസ ജീവിതത്തിന്റെ കേന്ദ്രമായ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തതിന്റെ പേരില്‍ ജയിലില്‍ പോകാന്‍ തങ്ങള്‍ക്ക് യാതൊരു മടിയുമില്ല എന്ന് ലോകത്തോട് വിളിച്ചു പറയുന്ന ഈ ദമ്പതികള്‍ അനേകരുടെ വിശ്വാസ ജീവിതത്തില്‍ പുതിയ ഉണര്‍വ്വാണ് നല്‍കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.