തൃക്കാക്കര കയറാന്‍ ട്വന്റി-20 വോട്ടില്‍ കണ്ണുവെച്ച് മുന്നണികള്‍

തൃക്കാക്കര കയറാന്‍ ട്വന്റി-20 വോട്ടില്‍ കണ്ണുവെച്ച് മുന്നണികള്‍

കഴിഞ്ഞ തവണ 13,897 വോട്ടാണ് ട്വന്റി-20 നേടിയത്. 14,329 ആയിരുന്നു പി.ടി തോമസിന്റെ കഴിഞ്ഞ പ്രാവശ്യത്തെ ലീഡ് എന്നത് ഈ വോട്ടുകളുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നില്ലെന്ന് എഎപിയും ട്വന്റി-20 യും പ്രഖ്യാപിച്ചതോടെ നിര്‍ണായകമായി മാറിയേക്കാവുന്ന ഈ വോട്ടുകള്‍ തങ്ങളുടെ പെട്ടിയിലാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇടത്, വലത്, എന്‍ഡിഎ മുന്നണികള്‍. എന്നാല്‍ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ഈ വോട്ടുകള്‍ എങ്ങോട്ട് പോവുമെന്ന് ഉറപ്പിച്ച് പറയാനാവാത്ത അവസ്ഥയിലാണ് മുന്നണികള്‍.

കടമ്പ്രയാര്‍ മലിനീകരണവുമായി ബന്ധപ്പെട്ട് തൃക്കാക്കര മുന്‍ എംഎല്‍എ പി.ടി തോമസുമായി വലിയ ഏറ്റ് മുട്ടലുകളിലായിരുന്നു ട്വന്റി-20യും പാര്‍ട്ടിക്ക് നേതൃത്വം നല്‍കുന്ന കിറ്റക്‌സ് ഗ്രൂപ്പ് ഉടമ സാബു എം ജേക്കബും. അതുകൊണ്ട് തന്നെ അവരുടെ വോട്ടുകള്‍ ഉമാ തോമസിന് കിട്ടുമോയെന്നത് ഉറപ്പിച്ച് പറയാനാവാത്ത അവസ്ഥയിലാണ് യുഡിഎഫ്.

കഴിഞ്ഞ തവണ 13,897 വോട്ടാണ് ട്വന്റി-20 നേടിയത്. ഇത് ആരിലേക്ക് പോവുമെന്നതാണ് നിര്‍ണായകം. 14,329 വോട്ടുകള്‍ ആയിരുന്നു പി.ടി തോമസിന്റെ കഴിഞ്ഞ പ്രാവശ്യത്തെ ലീഡ് എന്നത് ഈ വോട്ടുകളുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.

എന്നാല്‍ ഇടതു സര്‍ക്കാരുമായാണ് ട്വന്റി-20 ഇപ്പോള്‍ ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്നത്. സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ കിറ്റക്‌സ് കമ്പനിയില്‍ നടത്തുന്ന നിരന്തര പരിശോധനകളില്‍ മനം മടുത്ത് ട്വന്റി-20 സാബു എം. ജേക്കബ് കേരളത്തില്‍ തുടങ്ങാനിരുന്ന വ്യവസായ സ്ഥാപനം തെലങ്കാനയിലേക്കു മാറ്റിയത് ഏറെ ചര്‍ച്ചയായിരുന്നു.

മാത്രമല്ല ട്വന്റി-20 പ്രവര്‍ത്തകന്‍ സി.കെ ദീപുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇടത് എംഎല്‍എ പി.വി ശ്രീനിജനുമായി വലിയ ഏറ്റുമുട്ടലിലാണ് അവര്‍. അതുകൊണ്ട് തന്നെ ട്വന്റി-20 വോട്ടുകള്‍ തങ്ങളുടെ പെട്ടിയില്‍ വീഴുമെന്ന് ഉറപ്പിക്കാന്‍ ഇടതു പക്ഷത്തിനും സാധിക്കില്ല. എങ്കിലും ജോ ജോസഫിലൂടെ വികസന രാഷ്ട്രീയം പറഞ്ഞ് തൃക്കാക്കര ഇത്തവണ പിടിച്ചെടുത്ത് സെഞ്ച്വറിയടിക്കാമെന്നുള്ള വിശ്വാസത്തിലാണ് എല്‍.ഡി.എഫ്.

ആംആദ്മി പാര്‍ട്ടിക്ക് മണ്ഡലത്തില്‍ കാര്യമായ വേരോട്ടമില്ലെങ്കിലും അവരുടെ നിലപാടും നിര്‍ണായകമാണ്. അല്‍പ്പം വൈകിയാണെങ്കിലും ബി.ജെ.പി സ്ഥാനാര്‍ഥിയായി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണനെ കൂടെ പ്രഖ്യാപിച്ചതോടെ എന്‍.ഡി.എയും മണ്ഡലത്തില്‍ സജീവമായി.

അതിനിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് എന്നിവര്‍ ഉച്ചയോടെ നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു. എന്‍.ഡി.എ സ്ഥാനാര്‍ഥി എ.എന്‍ രാധാകൃഷ്ണന്‍ നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.