കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന്റെ ചോദ്യം ചെയ്യല്‍ അവസാനിച്ചു. നാലര മണിക്കൂറോളം നീണ്ടു നിന്ന ചോദ്യം ചെയ്യലില്‍ കാവ്യ പൂര്‍ണമായി സഹകരിച്ചില്ലെന്ന സൂചനയാണ് അന്വേഷണ സംഘം നല്‍കുന്നത്. ആലുവയില്‍ ദിലീപിന്റെ 'പത്മസരോവരം' വീട്ടില്‍ ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച ചോദ്യംചെയ്യല്‍ നാലര മണിക്കൂറോളം നീണ്ടുനിന്നു.
ഇടവേളകളില്ലാതെ നടത്തിയ ചോദ്യം ചെയ്യലിനു ശേഷം വൈകിട്ട് 4.40-ഓടെയാണ് ക്രൈംബ്രാഞ്ച് സംഘം വീട്ടില്‍നിന്ന് മടങ്ങിയത്. പള്‍സര്‍ സുനിയുമായുള്ള ബന്ധം, ആക്രമിക്കപ്പെട്ട നടിയുമായുള്ള സൗഹൃദം എന്നിവയൊക്കെ സംഘം ചോദിച്ചറിഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസ്, വധ ഗൂഢാലോചനക്കേസ് അന്വേഷിക്കുന്ന എസ്പി മോഹനചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. നടിയെ ആക്രമിച്ച കേസിനൊപ്പം വധഗൂഢാലോചനക്കേസിലും അന്വേഷണസംഘം കാവ്യയുടെ മൊഴി രേഖപ്പെടുത്തി.
കാവ്യാ മാധവനെക്കുറിച്ച് പരാമര്‍ശിക്കുന്ന ചില ശബ്ദ രേഖകളും മറ്റും പുറത്തു വന്നതിന് പിന്നാലെ നടിയെ വിശദമായി തന്നെ ചോദ്യംചെയ്യാന്‍ അന്വേഷണസംഘം തീരുമാനമെടുക്കുകയായിരുന്നു. ആക്രമണത്തിന് ഇരയായ നടിയും കാവ്യയും തമ്മിലുള്ള വിരോധമാണ് കേസിനു വഴിയൊരുക്കിയ പീഡനത്തിന് കാരണമായതെന്നു വ്യക്തമാക്കുന്ന ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജിന്റെ ശബ്ദരേഖ പുറത്തു വന്നിരുന്നു.
രണ്ടുതവണ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കാവ്യാ മാധവന് അന്വേഷണസംഘം നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ആലുവയിലെ വീട്ടില്‍ വെച്ച് ചോദ്യം ചെയ്യാമെന്നായിരുന്നു കാവ്യയുടെ നിലപാട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.