ദൈവത്തെ കേള്‍ക്കുക... അറിയുക... പിന്തുടരുക; ഫ്രാന്‍സിസ് പാപ്പ

ദൈവത്തെ കേള്‍ക്കുക... അറിയുക... പിന്തുടരുക; ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: കര്‍ത്താവ് നമ്മെ വിളിക്കുമ്പോള്‍ അത് ചെവിക്കൊള്ളാനും അവിടുന്ന് നമ്മെ നന്നായി മനസിലാക്കുന്നു എന്ന് തിരിച്ചറിയാനും നല്ല ഇടയനായ അവനെ അനുഗമിക്കാനും സാധിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ. ഈസ്റ്ററിന്റെ നാലാം ഞായറാഴ്ച ദിവ്യബലിക്കു ശേഷം, വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു പരിശുദ്ധ പിതാവ്.

ഉയിര്‍പ്പു ഞായര്‍ മുതല്‍ പെന്തക്കോസ്താ തിരുന്നാള്‍ വരെ ചൊല്ലുന്ന 'സ്വര്‍ലോക രാജ്ഞീ ആനന്ദിച്ചാലും' എന്ന പ്രാര്‍ഥനയ്ക്കു മുന്നോടിയായി നല്‍കിയ സന്ദേശത്തില്‍ യേശുവിന്റെ ആര്‍ദ്രമായ സ്‌നേഹത്തെക്കുറിച്ചും പങ്കുവയ്ക്കലിനെക്കുറിച്ചും പാപ്പ വാചാലനായി.

യേശുവിനും നാം ഓരോരുത്തര്‍ക്കും ഇടയില്‍ നിലനില്‍ക്കുന്ന സ്‌നേഹബന്ധത്തിന്റെ ആഴത്തെക്കുറിച്ച് സുവിശേഷത്തില്‍ വിശദീകരിക്കുന്നു. ആടുകളോടൊപ്പം കഴിയുന്ന ഇടയന്റെ ആര്‍ദ്രവും മനോഹരവുമായ രൂപം യേശുവില്‍ കാണാന്‍ കഴിയുന്നതിനെക്കുറിച്ച് ആരാധനക്രമം എങ്ങനെ വിശദീകരിക്കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ചൂണ്ടിക്കാട്ടി.

കര്‍ത്താവിന്റെ ആടുകള്‍ അവിടുത്തെ ശബ്ദം കേള്‍ക്കുന്നു. അവര്‍ അവനെ അറിയുകയും അനുഗമിക്കുകയും ചെയ്യുന്നു. അതായത് കേള്‍ക്കുക, അറിയുക, പിന്തുടരുക - ഈ മൂന്ന് ക്രിയകളിലൂടെയാണ് സുവിശേഷ വായനയിലെ സന്ദേശം ചിത്രീകരിക്കുന്നതെന്ന് പാപ്പ പറഞ്ഞു.

ആടുകള്‍ ഇടയന്റെ ശബ്ദം കേള്‍ക്കുന്നു. കര്‍ത്താവ് പങ്കുവയ്ക്കലിനായി നമ്മെ ക്ഷണിക്കാന്‍ എങ്ങനെ മുന്‍കൈയെടുക്കുന്നു എന്ന് ഇവിടെ കാണാനാകും. ഈ ക്ഷണം സ്വീകരിക്കാനും യേശുവിനോടുള്ള ബന്ധം സ്ഥാപിക്കാനും നമ്മുടെ ഹൃദയങ്ങള്‍ തുറന്നിരിക്കണം.

ഇന്നത്തെ കാലഘട്ടത്തില്‍ ജോലി, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍ എന്നിവയാല്‍ നാം നിരന്തരം പരവശരാണ്. എന്നാല്‍ ശ്രദ്ധാലുവായ ഒരു കുട്ടിയെപ്പോലെ, യേശുവുമായും നമ്മുടെ സഹോദരീസഹോദരന്മാരുമായും ഐക്യത്തില്‍ ആകുവാന്‍, ജിജ്ഞാസയോടെയും തുറന്ന ഹൃദയത്തോടെയും പിതാവിന്റെ വചനം കേള്‍ക്കാന്‍ നമ്മുടെ പരവശതകള്‍ക്ക് വിരാമമിടണം.

ഇതിലൂടെ മനോഹരമായ അനുഭവം നമുക്കുണ്ടാകുന്നു. കര്‍ത്താവ് നമ്മെ ശ്രവിക്കുന്ന അനുഭവം. നാം പ്രാര്‍ത്ഥിക്കുമ്പോഴും വിശ്വസിക്കുമ്പോഴും കേണപേക്ഷിക്കുമ്പോഴും അവിടുന്ന് കേള്‍ക്കുന്നു എന്ന് മനസിലാക്കാം.

യേശുവിനെ ശ്രവിക്കുന്നതിലൂടെ അവിടുന്ന് നമ്മെ അറിയുന്നു എന്ന് കണ്ടെത്താനാകും. അറിയുക എന്നതിന്റെ ബൈബിള്‍ വ്യാഖ്യാനം സ്‌നേഹിക്കുക എന്നാണ്. യേശുവിന് നമ്മെക്കുറിച്ചും ആന്തരീകമായ നമ്മുടെ ചിന്തകളെക്കുറിച്ചും തിരിച്ചറിയാം.

യേശു നമ്മുടെ സ്‌നേഹവും വിശ്വാസവും സാമീപ്യവും ആഗ്രഹിക്കുന്നു. നാം എപ്പോഴും യേശുവിനാല്‍ സ്‌നേഹിക്കപ്പെടുന്നു, ഒരിക്കലും തനിച്ചാക്കപ്പെടുന്നില്ല എന്ന അത്ഭുതകരമായ യാഥാര്‍ത്ഥ്യം മനസിലാക്കാനും അംഗീകരിക്കാനും കഴിയണം. നമ്മുടെ പ്രയാസങ്ങളിലും പ്രതിസന്ധികളിലും കര്‍ത്താവ് നമ്മെ താങ്ങിനിര്‍ത്തുന്നു. നാം കര്‍ത്താവിനാല്‍ സ്‌നേഹിക്കപ്പെടുന്നു എന്ന് ഈ ഘട്ടങ്ങളില്‍ നമുക്ക് കണ്ടെത്താനാകും.

'നല്ല ഇടയനോടൊപ്പം ആയിരിക്കുക' എന്ന അനുഭവം സങ്കീര്‍ത്തന പുസ്തകത്തില്‍ വിശദീകരിക്കുന്നു. മരണത്തിന്റെ നിഴല്‍ വീണ താഴ്വരയിലൂടെ ഞാന്‍ നടന്നാലും ഞാന്‍ ഒരു തിന്മയെയും ഭയപ്പെടുന്നില്ല; കാരണം അവിടുന്ന് എന്നോടുകൂടെയുണ്ട് (സങ്കീര്‍ത്തനങ്ങള്‍ 23:4).

കര്‍ത്താവിനെ നമ്മുടെ ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുകയും എല്ലാ പ്രതിസന്ധികളും കഷ്ടപ്പാടുകളും അവനുമായി പങ്കുവെക്കുകയും ചെയ്യുമ്പോള്‍ ആ നല്ല ഇടയന്റെ അനുകമ്പയും ആര്‍ദ്രതയും അനുഭവിക്കാന്‍ കഴിയുന്നുണ്ടോ എന്ന് സ്വയം ചോദിക്കണമെന്ന് മാര്‍പാപ്പ നിര്‍ദ്ദേശിച്ചു.

കര്‍ത്താവിന്റെ അനുയായികള്‍ ഒരേ പാതയിലൂടെയും ദിശയിലൂടെയും പോകുന്നിടത്തേക്ക് ചൂണ്ടിക്കാട്ടി 'പിന്തുടരുക' എന്ന ക്രിയയെക്കുറിച്ചും പാപ്പ വിശദീകരിച്ചു. നല്ല ഇടയനെപ്പോലെ, അവിടുന്ന് നഷ്ടപ്പെട്ടവയെ തേടിവരുന്നു. അനുകമ്പയും സ്‌നേഹവും ആവശ്യമുള്ളവരെ അവിടുന്ന് അന്വേഷിക്കുന്നു.

ലൂക്കോസ് 15-ാം അധ്യായത്തില്‍ ഇതു വിശദീകരിക്കുന്നു. 'നൂറ് ആടുകളുള്ള ഒരാള്‍, അവയില്‍ ഒന്നിനെ കാണാതെപോയാല്‍, അയാള്‍ തൊണ്ണൂറ്റിയൊന്‍പതിനെയും വിജനപ്രദേശത്തു വിട്ടിട്ടു നഷ്ടമായതിനെ കണ്ടെത്തുന്നതുവരെ അന്വേഷിച്ചു പോകുകയില്ലേ? കണ്ടെത്തുമ്പോള്‍ അയാള്‍ അതിനെ ആനന്ദത്തോടെ തോളിലേറ്റി ഭവനത്തിലേക്കു മടങ്ങും. പിന്നെ അയാള്‍, സ്‌നേഹിതരെയും അയല്‍ക്കാരെയും വിളിച്ചുകൂട്ടി അവരോട്, എന്നോടുകൂടെ ആനന്ദിക്കുക, എന്റെ നഷ്ടപ്പെട്ട ആടിനെ കണ്ടുകിട്ടിയിരിക്കുന്നു എന്നു പറയും'.

നമ്മെ സ്‌നേഹിക്കാന്‍ യേശുവിനെ അനുവദിക്കുന്നുണ്ടോ? കര്‍ത്താവിനെ അനുകരിച്ച് നമ്മുടെ സഹോദരീസഹോദരന്മാരിലേക്ക് എത്തിച്ചേരാനുള്ള അടുത്ത ചുവട് നാം സ്വീകരിച്ചിട്ടുണ്ടോ, കര്‍ത്താവ് നമ്മിലേക്ക് എത്തുന്നുവോ എന്നീ ചോദ്യങ്ങള്‍ നിരന്തരം സ്വയം ചോദിക്കേണ്ടതുണ്ടെന്ന് മാര്‍പാപ്പ പറഞ്ഞു. ക്രിസ്തുവിനെ ശ്രവിക്കാനും അവിടുത്തെ അറിയാനും സേവനത്തിന്റെ വഴിയില്‍ പിന്തുടരാനും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥത നമ്മെ സഹായിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ച് മാര്‍പാപ്പ സന്ദേശം ഉപസംഹരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.